
തൃശൂർ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ തൃശൂർ ഡിപ്പോയിൽ നിന്ന് ആഗസ്റ്റ് മാസത്തിൽ സംഘടിപ്പിച്ച ഉല്ലാസയാത്രകൾക്ക് ജനങ്ങളിൽ വൻ സ്വീകാര്യത. 24 ദിവസം കൊണ്ട് 25 ലക്ഷം രൂപയാണ് കെ.എസ്.ആർ.ടി.സി നേടിയത്. കുറഞ്ഞ ചെലവിൽ സുരക്ഷിതമായ യാത്ര, മനോഹരമായ പാക്കേജുകളുമാണ് യാത്രാ പ്രേമികളെ ആകർഷിച്ചത്. കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം നൂറുകണക്കിന് ആളുകളാണ് ഈ മാസത്തെ വിവിധ യാത്രകളുടെ ഭാഗമായത്.
ഈ മാസം അവസാനത്തോടെ ടൂർ യാത്രാ വരുമാനം 30ലക്ഷം കടക്കും. ഇക്കഴിഞ്ഞ വേനലവധിക്കാലത്ത് നേടിയ 52ലക്ഷം രൂപയാണ് ജില്ലയിലെ ഒരു മാസത്തെ ഏറ്റവും വലിയ കെ.എസ്.ആർ.ടി.സി വിനോദ യാത്രാ വരുമാനം. 2024 മുതൽ എല്ലാ മാസവും 30 ലക്ഷത്തിനു മുകളിലേക്ക് ബജറ്റ് ടൂർ യാത്രാ വരുമാനം എത്താറുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തൃശൂർ ഡിപ്പോയിൽ നിന്നും ചാലക്കുടി ഡിപ്പോയിൽ നിന്നും നിരവധി യാത്രകളാണ് സംഘടിപ്പിക്കുന്നത്.
മലക്കപ്പാറ, മൂന്നാർ, സൈലന്റ് വാലി.....
മലക്കപ്പാറ, മൂന്നാർ, വയനാട്, നെല്ലിയാമ്പതി, ഗവി, വാഗമൺ തുടങ്ങിയ ജനപ്രിയ ഡെസ്റ്റിനേഷനുകളിലേക്ക് നടത്തിയ സർവീസുകളെല്ലാം നിറഞ്ഞുകവിഞ്ഞിരുന്നു. ആഗസ്റ്റിലെ അവധി ദിവസങ്ങളും ഓണക്കാലത്തെ തിരക്കും പദ്ധതിയുടെ വിജയത്തിന് മാറ്റുകൂട്ടി. കുറഞ്ഞ ചെലവും മികച്ച സേവനവുംയാത്രക്കാരുടെ താല്പര്യം മുൻനിർത്തി പരിചയസമ്പന്നരായ ഗൈഡുകളുടെ സേവനവും സുരക്ഷിതമായ താമസ-ഭക്ഷണ സൗകര്യങ്ങളും ഉറപ്പാക്കിയതാണ് പദ്ധതിയുടെ വിജയത്തിന് കാരണം.
സീസൺ മുന്നിൽ കണ്ട് സെപ്തംബർ മാസത്തിലും പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് പാക്കേജുകൾ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജറ്റ് ടൂറിസം സെൽ അധികൃതർ.
തൃശൂർ ജില്ലയിൽ നിന്നും സംഘടിപ്പിക്കുന്ന യാത്രകൾ
##മൂന്നാർ
##കൊച്ചിയിൽ നിന്നുള്ള കടൽ യാത്ര
##സീ കുട്ടനാട് യാത്ര
##മലക്കപ്പാറ
##നെല്ലിയാമ്പതി
##മൂന്നാർ-വട്ടവട-കാന്തല്ലൂർ യാത്ര
##സൈലന്റ് വാലി
##വാഗമൺ
##ക്ഷേത്ര യാത്രകൾ (ഗുരുവായൂർ, നാലമ്പല ദർശനം, പഞ്ചപാണ്ഡവ ദർശനം)
##ഇല്ലിക്കൽ കല്ല്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |