ആലപ്പുഴ: ആലപ്പുഴ - എറണാകുളം ദേശീയപാതയിൽ യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെച്ചുകൊണ്ട് രണ്ടിടങ്ങളിൽ ദേശീയപാത അതോറിട്ടി പുതിയ ടോൾ പ്ലാസകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാകുന്നതോടെ ഈ റൂട്ടിൽ കുമ്പളത്ത് നിലവിലുള്ളതുൾപ്പടെ ആകെ മൂന്ന് കേന്ദ്രങ്ങളിൽ ടോൾ പിരിവ് നൽകേണ്ടിവരും.ഇതോടെ ദേശീയപാത 66-ന്റെ ഭാഗമായ ആലപ്പുഴ - എറണാകുളം റൂട്ടിൽ യാത്ര ചെയ്യുന്നവർ ഇനി പോക്കറ്റ് ചോരുമെന്ന് ഉറപ്പായി. പാതയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ടോൾ പിരിവ് ആരംഭിക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കുറഞ്ഞ ദൂരത്തിനുള്ളിൽ മൂന്ന് ടോൾ പ്ലാസകൾ വരുന്നത് നിത്യേന യാത്ര ചെയ്യുന്ന ജീവനക്കാർക്കും കച്ചവടക്കാർക്കും വലിയ തിരിച്ചടിയാകും. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെയും ഇത് ബാധിക്കും. ടോൾ തുക വർധിക്കുന്നതോടെ ചരക്കുകൂലി കൂടുകയും ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്തേക്കാം.
ടോൾ പ്ലാസകൾ സ്ഥാപിക്കുന്നതിനെതിരെ പ്രാദേശിക തലത്തിലും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും, അടിപ്പാതകളുടെ കുറവുകൾ പരിഹരിക്കാതെയും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെയും വിവിധ ജനകീയ സമിതികളുടെയും നിലപാട്. എന്നാൽ ആധുനിക രീതിയിലുള്ള ആറുവരിപ്പാതയുടെ നിർമാണച്ചെലവ് കണ്ടെത്താൻ ടോൾ ഏർപ്പെടുത്താതെ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ടോൾ പ്ലാസകൾ
പറവൂർ - തുറവൂർ റീച്ചി. കൃപാസനം ജംഗ്ഷൻ
അരൂർ - തുറവൂർ ഉയരപ്പാതയിൽ എരമല്ലൂരിൽ
കുമ്പളത്ത് നിലവിൽ പ്ലാസ പ്രവർത്തിക്കുന്നു.പുതിയ പാതയുടെ ഘടനയനുസരിച്ച് ഇതിന്റെ സ്ഥാനത്തിലോ നിരക്കിലോ മാറ്റങ്ങൾ ഉണ്ടായേക്കാം.
പോക്കറ്റ് കീറും
ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ദേശീയപാതയിലെ ടോൾ പ്ലാസകൾ
ആലപ്പുഴ ജില്ലയിൽ പരിധി 30 കിലോമീറ്ററിലേക്ക് ചുരുങ്ങുന്നു
ഓച്ചിറയ്ക്ക് സമീപം കൃഷ്ണപുരത്ത് നിന്ന് അരൂർ വരെ 96 കിലോമീറ്ററാണ് ജില്ലയിലൂടെ ദേശീയപാത കടന്നുപോകുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |