പത്തനംതിട്ട : മിന്നൽ പ്രളയത്തിൽ ദുരിത ബാധിതർക്ക് നൽകാമെന്ന് പറഞ്ഞ അടിയന്തര സഹായം ഇനിയും ലഭിച്ചിട്ടില്ല. പ്രളയത്തിൽ തകർന്ന വീടുകളിലേക്ക് വീട്ടുകാർ മടങ്ങും മുമ്പ് നൽകേണ്ട സഹായമാണ് ഒന്നരമാസമായിട്ടും നൽകാതിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ കണക്കിൽ 11800 പേർക്ക് ധന സഹായം നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് ഉടൻ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ജനങ്ങളിൽ ഭൂരിഭാഗം പേരും സഹായം ലഭിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.ജില്ലയിലെ 25,648 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം 25.64 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ആദ്യഘട്ട പരിശോധനയിൽ ഇത്രയും ആളുകൾ ഉൾപ്പെട്ടിട്ടില്ലെന്നും ഈ കണക്കിൽ നിന്ന് കുറച്ച് പേർ ഒഴിവായിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. നിലവിൽ ഇരുപതിനായിരം പേരായി ചുരുങ്ങിയേക്കുമെന്നുമാണ് സൂചന. പ്രളയബാധിതരായ വീടുകൾ വാസയോഗ്യമാക്കാനാണ് തുക വിനിയോഗിക്കുന്നതെന്നാണ് ഉത്തരവ്. പക്ഷേ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്താൻ ഇനിയും സമയമെടുക്കും. ട്രഷറി വഴിയാണ് പണമിടപാട് നടക്കുന്നത്.
► ജില്ലയിലെ 25,648 കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം 25.64 കോടി രൂപ ധനസഹായം
►7560 കർഷകരുടെ 407.36 ഹെക്ടർ ഭൂമിയിലെ 12.74 കോടി രൂപയുടെ കൃഷി പ്രളയത്തിൽ നശിച്ചു
വ്യാപാരികൾ ആശങ്കയിൽ
പ്രളയ ദുരിത ബാധിതരിൽ വ്യാപാരികളെ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടില്ലെന്നതിൽ വ്യാപാരികൾ ആശങ്കയിലാണ്. ദുരിത ബാധിതരുടെ ലിസ്റ്റിലാണ് വ്യാപാരികളേയും ചേർത്തിരിക്കുന്നത്. വ്യാപാരികളുടെ നഷ്ടത്തിന്റെ കണക്ക് നോക്കുമ്പോൾ പതിനായിരം രൂപ കുറഞ്ഞ തുകയാണെന്നും വ്യാപാരികൾ പറയുന്നു.
ആകെ കുടുംബങ്ങൾ (ആദ്യഘട്ട കണക്ക്)
അടൂർ –407 കുടുംബം
മല്ലപ്പള്ളി–1175
റാന്നി–1157
കോഴഞ്ചേരി–1862
കോന്നി–494
തിരുവല്ല – 20,553
ധനസഹായം കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ആദ്യമെടുത്ത കണക്കിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അർഹതപ്പെട്ടവരൊന്നും ഒഴിവാക്കപ്പെടില്ല.
എ.നിസാമ്മുദ്ദീൻ
(ജില്ലാ കളക്ടർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |