SignIn
Kerala Kaumudi Online
Monday, 27 July 2026 1.48 AM IST

തകരത്തോരനും മടന്തത്തോരനും പിന്നെ ആറൻമുള വള്ളസദ്യയും (കഥയും കാഴ്ചയും)​

ara

ആറൻമുള വള്ളസദ്യ തുടങ്ങി. സദ്യ നിസാരമല്ല. 64 വിഭവങ്ങളാണ്. തൂശനിലയിൽ അവ നിറഞ്ഞുകവിഞ്ഞ് കിടക്കുന്നത് കണ്ടാൽ മതി. മനസുനിറയും. ആറൻമുള പാർത്ഥസാരഥിയോടുള്ള ഭക്തിയോളം തന്നെ പെരുമയുണ്ട് വള്ളസദ്യയ്ക്കും. സദ്യവട്ടങ്ങളുടെ എണ്ണം കണ്ടാൽ ആരുടെയും കണ്ണുതള്ളും. ഒരിക്കൽ വള്ളസദ്യ ഉദ്ഘാടനംചെയ്യാനെത്തിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ തനിക്ക് മുന്നിലിട്ട തൂശനിലയിലെ രുചിക്കൂട്ടുകൾ കണ്ട് അത്ഭുതത്തോടെ തലയിൽ കൈവച്ചുപോയതാണ്. കുഴിമന്തിയും അൽഫാമുമൊക്കെ നിത്യഭക്ഷണമായി മാറിയ ഇക്കാലത്ത് ആറൻമുള വള്ളസദ്യയിലെ സസ്യാഹാരങ്ങൾ പലതും പുതിയ കുട്ടികൾക്ക് പിടികിട്ടിയെന്ന് വരില്ല. സദ്യക്ക് വിളമ്പുന്ന തോരനുകളിൽ പലതും അവർ കഴിച്ചിട്ടുപോലുമുണ്ടാകില്ല. തകരത്തോരൻ,​ മടന്തത്തോരൻ,​ വാഴക്കൂമ്പുതോരൻ,​ വാഴപ്പിണ്ടിത്തോരൻ,​ കൂട്ടുതോരൻ എന്നിവ സദ്യയിലെ ഹൈലൈറ്റാണ്. പണ്ട് വീടുകളിലെ നിത്യഭക്ഷണങ്ങളിൽ ഉൾപ്പെട്ടിരുന്ന ഇവ ഇന്ന് ചുരുക്കമായി. തകരയും മടന്തയുമൊക്കെ അപ്രത്യക്ഷമായിത്തുടങ്ങി. പുതിയ കുട്ടികൾക്ക് ഇവയുടെ രുചി പിടിക്കുമോയെന്നും സംശയം. പക്ഷേ ഒരു കാലത്തിന്റെ രുചിയായിരുന്നു ഇൗ തോരനുകളൊക്കെയും. പറമ്പിലേക്കിറങ്ങിയാൽ മതി കൂട്ടാനുള്ള വകയൊക്കെ ഇഷ്ടംപോലെ കിട്ടും. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന പഴയകാലത്ത് കഴിച്ച ഇൗ ഇലത്തോരനുകളുടെ രുചി പഴമക്കാരുടെ നാവിൽ ഇപ്പോഴുമുണ്ട്. തോരനുള്ള ഇലകൾ പലതും പറമ്പിൽ ഇപ്പോഴില്ല. വാഴപ്പിണ്ടി തോരൻ വയ്ക്കുന്നത് കേട്ടുകേൾവിയായി. ചേനയുടെ തണ്ട് ആർക്കും വേണ്ടാതായി. ആനക്കാര്യങ്ങളുടെ ഇൗ ലോകത്ത് എന്ത് ചേനക്കാര്യം ? ചക്കയുടെ കൂഞ്ഞിനെപ്പോലും ഒന്നാന്തരം തോരനായി മാറ്റിയെടുത്ത വീട്ടമ്മമാരുടെ കൈപ്പുണ്യം ഇന്നില്ല.

ചുരുക്കത്തിൽ ആറൻമുള വള്ളസദ്യയിലെ പല വിഭവങ്ങളും മലയാളിയുടെ ഭക്ഷണ ശീലങ്ങളുടെ സ്മാരകം കൂടിയായി മാറുകയാണോ എന്ന് സംശയം. കണ്ണന് നേദിക്കുന്ന ആ സമൃദ്ധമായ സദ്യയിലൂടെ ആറൻമുള ഒരുകാലത്തെ ഭക്ഷണ സംസ്കാരത്തെ പുതിയ തലമുറയിലേക്ക് പകരുകയാണ്. വള്ളസദ്യയിൽ പള്ളിയോടത്തിലെ തുഴച്ചിൽക്കാർ വിഭവങ്ങൾ പാടിയാണ് ചോദിക്കുന്നത്. ഒാരോ വിഭവത്തിനും ഒാരോ പാട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ ഒരക്ഷരം മിണ്ടരുതെന്ന ടേബിൾ മാനേഴ്സൊക്കെ കാറ്റിൽ പറത്തും ആ ഉൗട്ടുപുര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL