
പത്തനംതിട്ട : പൊലീസ് സ്റ്റേഷനുകളുടെ ചുമതല വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് (എസ്.ഐ) നൽകാൻ സർക്കാർ തീരുമാനിച്ചതോടെ ജില്ലയിൽ വരുന്നത് പന്ത്രണ്ട് പൊലീസ് സർക്കിളുകൾ . ജില്ലയിൽ ക്രമസമാധാന ചുമതലയുള്ള 23 പൊലീസ് സ്റ്റേഷനുകളാണുള്ളത്. ശബരിമല, നിലയ്ക്കൽ എന്നിവിടങ്ങളിൽ താത്കാലിക സ്റ്റേഷനുകളുമുണ്ട്. നിലവിൽ ഇവയുടെ ഹൗസ് ഓഫീസർമാർ (എസ്.എച്ച്.ഒ) സർക്കിൾ ഇൻസ്പെക്ടർ (സി.ഐ)മാരാണ്. വർഷങ്ങളായി ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളുടെയും ചുമതല പ്രിൻസിപ്പൽ എസ്.ഐമാർക്കായിരുന്നെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് സംസ്ഥാന വ്യാപകമായി എസ്.ഐമാർക്ക് പകരം സി.ഐമാർക്ക് സ്റ്റേഷനുകളുടെ ചുമതല നൽകിയത്. ഇതോടെ സി.ഐമാർ ഒരു സ്റ്റേഷനിൽ ഒതുങ്ങിക്കൂടേണ്ടി വരികയും എസ്.ഐമാരുടെ അധികാരത്തിൽ കുറവുവരികയും ചെയ്തു. നേരത്തെ ഒരു സി.ഐയ്ക്ക് രണ്ട് മുതൽ അഞ്ച് സ്റ്റേഷനുകളുടെ വരെ ചുമതല ഉണ്ടായിരുന്നു. പുതിയ യു.ഡി.എഫ് സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് വീണ്ടും പൊലീസ് സ്റ്റേഷൻ ഭരണം എസ്.ഐമാർക്ക് നൽകുന്നത്. പരിഷ്കരണത്തോടെ ജില്ലയിൽ അധികമായി വരുന്ന 10 സി.ഐമാരെ ജില്ലയിലെ മറ്റ് സെക്ഷനുകളിൽ പുനർനിയമിക്കും.ആഗസ്റ്റ് 15 ന് ഈ പരിഷ്കാരം നടപ്പിലായേക്കും.
പുതിയ പൊലീസ് സർക്കിളുകൾ.......
പത്തനംതിട്ട, കോന്നി, ആറൻമുള, അടൂർ, പന്തളം, കീഴ്വായ്പ്പൂര്, തിരുവല്ല, റാന്നി, ചിറ്റാർ, പെരുനാട്, പമ്പ, ജില്ലാ കൺട്രോൾ റൂം.
സർക്കിളുകളും പൊലീസ് സ്റ്റേഷൻ പരിധികളും
പത്തനംതിട്ട : പത്തനംതിട്ട , ട്രാഫിക് യൂണിറ്റ്, വനിതാ സ്റ്റേഷൻ, മലയാലപ്പുഴ.
കോന്നി : കോന്നി , കൂടൽ, തണ്ണിത്തോട്.
ആറൻമുള : ആറൻമുള , ഇലവുംതിട്ട.
അടൂർ : അടൂർ , ട്രാഫിക് യൂണിറ്റ്, ഏനാത്ത്.
പന്തളം : പന്തളം , കൊടുമൺ.
കീഴ്വായ്പ്പൂര് : കീഴ്വായ്പ്പൂര് , കോയിപ്രം.
തിരുവല്ല : തിരുവല്ല , ട്രാഫിക് യൂണിറ്റ്, പുളിക്കീഴ്.
റാന്നി : റാന്നി , പെരുമ്പെട്ടി.
ചിറ്റാർ :ചിറ്റാർ, , മൂഴിയാർ.
പെരുനാട് : പെരുനാട് , വെച്ചൂച്ചിറ.
പമ്പ : പമ്പ , ശബരിമല.
ജില്ലാ കൺട്രോൾ റൂം : പൊലീസ് സ്റ്റേഷനുകളുടെ ഏകോപനം
*ജില്ലയിലെ ക്രമസമാധാന ചുമതലയുള്ള പൊലീസ് സ്റ്റേഷനുകൾ : 23
*നിലവിലുള്ള സി.ഐ സ്റ്റേഷനുകൾ : 22
*പുതിയ പരിഷ്കാര പ്രകാരം വരുന്ന പൊലീസ് സർക്കിളുകൾ : 12
സി.ഐമാരുടെ ചുമതലകൾ..........
സർക്കിൾ പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനുകളുടെ ഭരണം, കുറ്റകൃതൃങ്ങളുടെ അന്വേഷണ മേൽനോട്ടം, ക്രമസമാധാനം ഉറപ്പാക്കൽ, പൊതുജന പരാതി പരിഹാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |