SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.49 AM IST

സർക്കാർ കർഷകരുടെ നിലവിളി കേട്ടു, വിളനാശ നഷ്ടപരിഹാരം ഇരട്ടിയാക്കാൻ വനംവകുപ്പ്

wildlife

പാലക്കാട്: വന്യമൃഗങ്ങൾ വിളവ് നശിപ്പിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരം കാലോചിതമായി പരിഷ്ക്കരിക്കുകയെന്ന് കാലങ്ങളായുള്ള കർഷകരുടെ ആവശ്യത്തിന് പച്ചക്കൊടി കാണിക്കാൻ വനംവകുപ്പിന്റെ ശ്രമം. വന്യജീവികൾ കൃഷിഫലങ്ങൾ മൂപ്പെത്തും മുമ്പേ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരം കാണാനാണ് വനംവകുപ്പ് തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

തെങ്ങിന് കേടുപാട് വരുത്താതെ തേങ്ങ മാത്രം നശിപ്പിച്ചാലും നഷ്ടപരിഹാരം ലഭിക്കും. നിലവിൽ മരത്തിന് കേടുപറ്റിയാലേ നഷ്ടപരിഹാരത്തിന് വ്യവസ്ഥയുള്ളൂ. കൊക്കോ, അടയ്ക്ക, പച്ചക്കറികൾ തുടങ്ങിയവ നശിപ്പിക്കപ്പെടുന്നതിനും നഷ്ടപരിഹാരം നൽകുന്ന നിർദേശമാണ് വകുപ്പ് മന്ത്രി ഷിബു ബേബിജോണിന്റെ നിർദേശപ്രകാരം തയ്യാറാക്കുന്നത്. മയിലുകൾ നശിപ്പിക്കുന്ന വിളകൾക്കും നഷ്ടപരിഹാര നിർദ്ദേശമുണ്ട്.

21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ

വിളനാശത്തിനുള്ള നിലവിലെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാനും നിർദേശമുണ്ട്. തെങ്ങ്, വാഴ, പച്ചക്കറി, കപ്പ, കൊക്കോ, കവുങ്ങ്, റബർ, പുകയില, പരുത്തി എന്നിവയുൾപ്പെടെ 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും. നശിച്ച ഫലത്തിന്റെ അളവും വിപണി മൂല്യവും കണക്കാക്കി നഷ്ടപരിഹാരം നൽകാനുള്ള മാനദണ്ഡം ഉടൻ തയ്യാറാകും.

മരണമുണ്ടായാൽ ആശ്രിതർക്ക് 21 ലക്ഷം

വന്യജീവി ആക്രമണത്തിൽ മരണമുണ്ടായാൽ ആശ്രിതർക്ക് നൽകുന്ന സഹായധനവും വർദ്ധിപ്പിക്കും. നിലവിലെ 14 ലക്ഷം രൂപ 21 ലക്ഷമാക്കാനാണ് ശുപാർശ. പാമ്പ്, തേനീച്ച, കടന്നൽ എന്നിവ ഒഴിച്ചുള്ളവയുടെ ആക്രമണത്തിൽ മരിച്ചാലാണ് ഈ തുക ലഭിക്കുക. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിച്ചാൽ നൽകുന്ന നാല് ലക്ഷം രൂപ ആറു ലക്ഷമാകും. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യമുണ്ടായാൽ നൽകുന്ന രണ്ടു ലക്ഷം രൂപ മൂന്നു ലക്ഷമാക്കാനും ശുപാർശയുണ്ട്. 60 ശതമാനത്തിലധികം അംഗവൈകല്യമുണ്ടായാൽ നൽകുന്ന രണ്ടരലക്ഷം രൂപ 3.75 ലക്ഷമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WILD LIFE ATTACK COMPENSATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL