SignIn
Kerala Kaumudi Online
Sunday, 28 June 2026 3.08 AM IST

ചിറ്റൂരിലെ കള്ള് ചെത്ത് മേഖല സ്തംഭനത്തിലേക്ക്

thengu
കിഴക്കൻ മേഖലയിൽ എരുത്തേമ്പതി പഞ്ചായത്തിലെ കള്ള് ഉൽപ്പാദനം നടക്കുന്ന തെങ്ങിൻ തോപ്പ്‌

ചിറ്റൂർ: കേരളത്തിന്റെ പ്രധാന കള്ളുല്പാദന മേഖലയാണ് ചിറ്റൂർ. പത്തു വർഷത്തിലധികമായി ഇവിടെ കള്ള് വ്യവസായം വലിയ തകർച്ചയിലാണ്. സംസ്ഥാനത്തെ രണ്ടു ജില്ലകൾ ഒഴികെ 12 ജില്ലകളിലേക്കുമുള്ള കള്ള് ചിറ്റൂരിൽ നിന്നാണ് എത്തിക്കുന്നത്. തെക്കൻ ജില്ലകളിലെ ചെത്ത് തൊഴിലാളികൾ ഇവിടെ തമ്പടിച്ചാണ് കള്ള് ചെത്ത് നടത്തിയിരുന്നത്. കുറച്ചു മുമ്പുവരെ രണ്ടായിരത്തിലധികം തൊഴിലാളികൾ ഉണ്ടായിരുന്നത് ഇപ്പോൾ 200ൽ താഴെയായി. തമിഴ് തൊഴിലാളികൾ അഞ്ഞൂറിലും താഴെയായി. എന്നാൽ 1200 കള്ള് പെർമിറ്റാണ് എക്‌സൈസ് വകുപ്പ് നൽകിയിട്ടുള്ളത്. മൂന്നുലക്ഷം ലിറ്റർ വരെ ഉല്പാദനം ഉണ്ടെന്നും ഒന്നര ലക്ഷം തെങ്ങുകൾ ചെത്തുന്നുണ്ടെന്നും എക്‌സൈസ് വകുപ്പിന്റെ രേഖകളിൽ കൃത്യമായ കണക്കുകൾ ഉണ്ട്. കള്ളിന്റെ കണക്കുകൾ കള്ള കണക്കായി കുഴഞ്ഞുമറിയുകയാണ്. ഉല്പാദനം കാൽലക്ഷം ലിറ്ററിനു താഴെ മാത്രം ഉള്ളപ്പോൾ പെർമിറ്റനുസരിച്ച് മൂന്നു ലക്ഷം ലിറ്റർ കൊണ്ടു പോകുന്നത് വ്യാജ കള്ളാണെന്നത് അധികൃതർക്കു തന്നെ അറിയാവുന്നതാണ്. തോപ്പുകൾ വേണ്ടത്ര പരിശോധന ഇല്ല. കടത്തു പെർമിറ്റുകൾ അനുവദിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ അട്ടിമറിച്ചു. അതു കൊണ്ട് തന്നെ കള്ള് ചെത്ത് ഇല്ലെങ്കിലും കലക്കു കള്ള് നിർമ്മാണം തകൃതിയാണ്. വ്യാജ കള്ള് നിർമ്മിക്കുന്നതിന് ചുമ മരുന്നും വിവിധ തരം രാസപദാർത്ഥങ്ങളും സ്പിരിറ്റും വരെ കഴിഞ്ഞ കാലങ്ങളിൽ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നു. പരമ്പരാഗത കള്ള് ചെത്ത് വ്യവസായ മേഖല സംരക്ഷിക്കപ്പെടണം എന്ന ആവശ്യം ശക്തമാണ്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മദ്യനയമാണ് പരമ്പരാഗത കള്ള് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് ആരോപിച്ച് ബന്ധപ്പെട്ട തൊഴിലാളി സംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു. കാലവർഷം ചതിച്ചതും നിലവിലുള്ള കള്ള് ചെത്തിനെ സാരമായി ബാധിച്ചു. ഉല്പാദനം പാതിയിയിലും താഴെയായി. ഉല്പാദനം കുറഞ്ഞതോടെ പിടിച്ചു നിൽക്കാനാകാതെ ഉള്ള തൊഴിലാളികളും ഈ മേഖല വിട്ടൊഴിയുകയാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ പരമ്പരാഗത കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കപ്പെടുമെന്ന് എക്‌സൈസ് വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തോപ്പു പരിശോധന, പെർമിറ്റ് വിതരണത്തിലെ ക്രമക്കേട് എന്നിവയിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് സൂചന. പെർമിറ്റ് വിതരണത്തിലെ അപാകതയും കള്ള് ഉല്പാദനത്തിലെ പൊരുത്തകേടുകളും കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കും ചിറ്റൂരിലെ പരമ്പരാഗത കള്ള് മേഖലയുടെ നിൽനിൽപ്പെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TODDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL