
കോട്ടയം : പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് വിഘാതമായി ഗുണമേന്മയുള്ള വിത്തുകളുടെ വില്പന വ്യാപകമാകുന്നു. ഓണക്കാല കൃഷിക്കായി വിതരണം ചെയ്ത വിത്തുകൾക്ക് അമിത വിലയുമാണ് ഈടാക്കുന്നത്. ഗുണനിലവാരമില്ലാത്ത ഫലവൃക്ഷത്തൈകളുടെ വില്പന തടയാൻ കൃഷിവകുപ്പ് തയ്യാറാക്കിയ കരട് ബിൽ നിയമമാകാത്തതിനാൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങൾ ഏറുകയാണ്. കഴിഞ്ഞ വർഷം 25 ഗ്രാം വെള്ളരി വിത്തിന് 610 രൂപയായിരുന്നത് ഇത്തവണ 800 ആയി ഉയർന്നു. വിപണിയിൽ ലഭിക്കുന്ന ഹൈബ്രിഡ് വിത്തുകളിൽ ഭൂരിഭാഗവും മുളയ്ക്കാത്തതും തൈകൾ പെട്ടെന്നു നശിക്കുന്നവയുമാണ്. പാവൽ, പയർ, വെണ്ട, പച്ചമുളക് തുടങ്ങിയ വിളകൾക്കായി ഹൈബ്രിഡ് വിത്തുകളെയാണ് കർഷകർ പ്രധാനമായും ആശ്രയിക്കുന്നത്. സംസ്ഥാനത്ത് ആകെ 1.2 ലക്ഷം കിലോഗ്രാം പച്ചക്കറി വിത്തുകൾ ആവശ്യമുള്ളപ്പോൾ, പ്രാദേശികമായി ഉത്പാദിപ്പിക്കുന്നത് 24,000 കിലോഗ്രാം മാത്രമാണ്. ബാക്കി സ്വകാര്യ കമ്പനികളെയും, അയൽ സംസ്ഥാനങ്ങളെയും ആശ്രയിക്കണം.
കൊള്ള ലാഭം കൊയ്ത് നഴ്‌സറികൾ
കൃഷിഫാമുകളിൽ നിന്നുള്ള വിത്തുകൾ തികയാതെ വരുമ്പോൾ സ്വകാര്യ നഴ്സറികളിൽ നിന്നാണ് കർഷകർ വാങ്ങുക. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ തൈകളാണ് ഇവിടെ. കേരളത്തിലെ മണ്ണും കാലാവസ്ഥയും ഈ തൈകൾ വളരുന്നതിന് അനുയോജ്യമല്ല. കൃഷിവകുപ്പിലെ ഉന്നതരും, നഴ്സറിക്കാരും ചേർന്നുള്ള കൂട്ടുകച്ചവടമാണ് നടക്കുന്നതെന്നാണ് ആരോപണം. പ്രത്യേക മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ കൂണുപോലെയാണ് നഴ്‌സറികൾ ആരംഭിക്കുന്നത്. ഏകീകൃത ലൈസൻസ് സംവിധാനമില്ലാത്തതും കൃഷി വകുപ്പിന്റെ പരിശോധന ഇല്ലാത്തതും ഇവർക്ക് വളമാകുകയാണ്.
സർക്കാർ വിത്തുഫാമുകൾ : 35
കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ഗുണമേന്മയില്ലാത്ത തൈകൾ വിൽക്കുന്നവർക്കെതിരെ പിഴയീടാക്കൽ
കർഷകനുണ്ടാകുന്ന നഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തി പിഴയീടാക്കൽ
സ്വകാര്യ നഴസ്‌റികൾക്ക് ഏകൃകൃത ലൈസൻസിംഗ് സംവിധാനം
ഓൺലൈൻ വിത്ത് വില്പന, മൊബൈൽ നഴ്‌സറി നിയന്ത്രണം
''അയൽ സംസ്ഥാനങ്ങളിൽ കാർഷിക സർവകലാശാല ബ്രീഡർ വിത്തുകൾ ഉത്പാദിപ്പിക്കുകയും, സർക്കാർ ഫാമുകൾ അത് ഫൗണ്ടേഷൻ വിത്തുകളാക്കി മാറ്റി യഥാർത്ഥ കർഷകരിലൂടെ വിതരണം ചെയ്യുന്ന ത്രിതല സംവിധാനം നടപ്പിലാക്കണം.
-എബി ഐപ്പ് (കർഷക കോൺഗ്രസ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |