SignIn
Kerala Kaumudi Online
Monday, 27 July 2026 1.48 AM IST

പാലായിൽ കാണാം ഇനി പിൻസീറ്റ് ഭരണം...

ആരെയും വകവെക്കാത്തവരാണ് പാലാക്കാർ . ആരാടാന്നു ചോദിച്ചാൽ എന്നാടാന്ന് തിരിച്ചുചോദിക്കും. മൂഡനുസരിച്ച് രണ്ടെണ്ണം കൊടുക്കുകയും ചെയ്യും. പാലാ നഗരസഭയിൽ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാതെ കൗൺസിലിൽ നിന്നു വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വം വിപ്പു പുറപ്പെടുവിച്ചെങ്കിലും ആറ് കൗൺസിലർമാരിൽ നാലുപേരും വിപ്പിന് പുല്ലുവില കൽപ്പിച്ചില്ല. കോൺഗ്രസ് വിമതയായി ജയിച്ചെങ്കിലും യു.ഡി.എഫിന് ഭരണം ലഭിക്കാൻ വൈസ് ചെയർപേഴ്സൺ സ്ഥാനം ലോട്ടറിയായി കിട്ടിയ മാരാ രാഹുലിനെ കോൺഗ്രസിൽ തിരിച്ചെടുത്തെങ്കിലും അവരും വിപ്പിനോട് മുഖംതിരിച്ചു. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ വിമതയടക്കം അഞ്ച് കോൺഗ്രസുകാർ പിന്തുണച്ചതോടെ കക്ഷത്തിലിരുന്നതും പോയി ഒറ്റാലിൽ കിടന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയിലായി കോൺഗ്രസ് നേതൃത്വം.

വിപ്പുലംഘിച്ചവരെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി. ഇനി അയോഗ്യരായി കൂടി പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വിപ്പു കൊടുക്കാൻപോലും അറിയാത്ത നേതാക്കൾ എന്ന് പറഞ്ഞു പരിഹസിക്കുകയാണ് വിപ്പു ലംഘിച്ചവർ.

മറുകണ്ടം ചാടിയവരെ എത്രനാൾ ഒപ്പം നിറുത്തുമെന്ന് ഉറപ്പില്ലെങ്കിലും യു.ഡി.എഫ് ഭരണം ആറ് മാസം കൊണ്ട് ഇല്ലാതാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാണി ഗ്രൂപ്പുകാർ.

ഇനി ഇടതു പിന്തുണയുള്ള ചെയർപേഴ്സൺ വരാനാണ് സാദ്ധ്യത. വന്നുകഴിഞ്ഞാൽ മാണി ഗ്രൂപ്പ് ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആശാനായി മാറും. ക്ലച്ചും ഗിയറും മാറിയാൽ ചവിട്ട് ഉറപ്പാകും. ലേണേഴ്സ് ബോർഡുവെച്ച വണ്ടി എവിടെപോയി ഇടിക്കും.വണ്ടിക്കുള്ളിലിരിക്കുന്ന ആരുടെയയൊക്കെ ഷേപ്പ് മാറും എന്നറിയാൻ കാത്തിരിക്കേണ്ടിവരും.

'കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപോയെന്ന ' വരികൾ മാറ്റിപിടിച്ചാൽ 'കാത്തുസൂക്ഷിച്ച പാലാ'നരകസഭാ'ഭരണം ഇടതുമുന്നണി കൊത്തിക്കൊണ്ടുപോയെന്ന' പാട്ടു ദു:ഖഭാരത്തോടെ യു.ഡി.എഫ് പാടുമ്പോൾ . 'ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കുമെന്ന' പഴം ചൊല്ല് പാടി രസിക്കുകയാണ് മാണി ഗ്രൂപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PALA MUNCIPALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL