SignIn
Kerala Kaumudi Online
Friday, 25 September 2026 12.20 AM IST

കനാൽക്കര കാടുമൂടി; തിരിഞ്ഞുനോക്കാതെ പഞ്ചായത്ത്

cc
കാടുമൂടിയ കനാൽ

ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഓയൂർ വാർഡിൽ കനാൽക്കര കാടുമൂടി വന്യമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിൽ. ഒന്നര കിലോമീറ്ററോളം ദൂരത്തിൽ വഴികൾ കാടുകയറിക്കിടക്കുന്നതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ.

 തെരുവുനായ്ക്കളുടെ ശല്യം

കനാൽ റോഡിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ രോഗികളുമായി പോകുന്ന വാഹനങ്ങൾ തടയുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് കാൽനടയാത്രക്കാരാണ് ദിനംപ്രതി ആക്രമണഭീതിയിൽ സഞ്ചരിക്കുന്നത്. തെരുവുനായ്ക്കൾക്ക് പുറമേ കാട്ടുപന്നി, മലമ്പാമ്പ് തുടങ്ങിയ ജീവികളുടെ ശല്യവും പ്രദേശത്ത് വർദ്ധിച്ചിട്ടുണ്ട്.

 പഞ്ചായത്ത് കൈയൊഴിയുന്നു

ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയെങ്കിലും അധികൃതർ കൈയൊഴിയുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെ.ഐ.പിയുടെ (കല്ലട ഇറിഗേഷൻ പ്രൊജക്ട്) പരിധിയിലുള്ള കാര്യങ്ങളിൽ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. കെ.ഐ.പി അധികൃതർക്കും ജനപ്രതിനിധികൾക്കും പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

 കനാൽ ശുചീകരണത്തിൽ വൻ അഴിമതി

കഴിഞ്ഞ എട്ടു വർഷക്കാലമായി ഈ പ്രദേശത്തെ കനാൽ വെട്ടിത്തെളിച്ച് ശുചീകരിക്കുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഓരോ വർഷവും കനാൽ ശുചീകരണ പണികൾ കരാറുകാർക്ക് നൽകുകയും, കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയിലൂടെ യഥാർത്ഥത്തിൽ ജോലികളൊന്നും നടത്താതെ തന്നെ ബില്ലുകൾ മാറിക്കൊണ്ടുപോകുന്ന വൻ അഴിമതിയാണ് ഇവിടെ നടക്കുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

നാട്ടുകാർ നേരിടുന്ന കടുത്ത ദുരിതത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണം. വന്യമൃഗ-തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ശക്തമായ ഉപരോധ സമരം സംഘടിപ്പിക്കും.

നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL