
കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല യൂണിയനായ കൊച്ചിൻ ദേവസ്വം എംപ്ളോയീസ് കോൺഗ്രസ് നേതാക്കൾക്ക് സ്ഥലംമാറ്റവും 'പണി"യും. കോൺഗ്രസ് വിമത യൂണിയന്റെ നേതാക്കൾക്ക് തലോടൽ. എംപ്ളോയീസ് കോൺഗ്രസ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലെ ഹെഡ്ക്ലാർക്ക് പി.ആർ. സുജയെയും തിരുവില്വാമല ഗ്രൂപ്പ് റവന്യൂ ഇൻസ്പെക്ടർ എ.സുരേഷിനെയുമാണ് മാറ്റിയത്. രണ്ടുപേർക്കും ഒരു സ്ഥലംമാറ്റം കഴിഞ്ഞ് അഞ്ചുമാസം ആയിട്ടേയുള്ളൂ.
ജനറൽ സെക്രട്ടറി നെയ്തലക്കാവ് ജൂനിയർ ദേവസ്വം ഓഫീസർ പ്രശാന്ത് ആർ.നായരുടെ കുളശേരി ദേവസ്വത്തിലെ അധികചുമതല ഒഴിവാക്കിയിട്ടുമുണ്ട്. ദേവസ്വം കമ്മിഷണർക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എൻ.എസ്. രമ്യയാണ് 22ന് ഉത്തരവിറക്കിയത്.
രണ്ടു മാസം മുമ്പ് രൂപീകരിച്ച കോൺഗ്രസ് വിമത യൂണിയനായ എംപ്ളോയീസ് സ്റ്റാഫ് കോൺഗ്രസിന്റെ നേതാവ് എം. രഞ്ജിത്തിനെ ബോർഡ് ആസ്ഥാനത്തെ സുപ്രധാന തസ്തികയായ ജൂനിയർ സൂപ്രണ്ട് (ജനറൽ) ആയും നിയമിച്ചു. ഗുരുതരമായ വീഴ്ചകൾക്ക് മൂന്ന് ക്യുമുലേറ്റീവ് ഇൻക്രിമെന്റുകൾ തടയലും മാറ്റിനിറുത്തലും ഉൾപ്പടെയുള്ള അച്ചടക്കനടപടികൾ നേരിട്ടയാളാണ് ഇദ്ദേഹമെന്ന് ചൂണ്ടിക്കാട്ടി മറുപക്ഷം രംഗത്തുണ്ട്. വിമതയൂണിയനിലെ സജീവപ്രവർത്തകനായ ക്ഷേത്രജീവനക്കാരനെ ബോർഡ് ആസ്ഥാനത്ത് വർക്കിംഗ് അറേഞ്ച്മെന്റിൽ നിയമിച്ച അസാധാരണ ഉത്തരവും ഇതിനിടെ ഇറങ്ങി. ശാരീരിക അവശതകൾ നേരിടുന്ന അപൂർവ്വം ക്ഷേത്രജീവനക്കാരെ മാത്രമാണ് ഇതുവരെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലേക്ക് മാറ്റിയിരുന്നത്.
ഒരു വർഷത്തിനിടെ മൂന്ന് തവണ സ്ഥലംമാറ്റം ലഭിച്ചയാളും ഏതാനും മാസം മുമ്പ് ഭർത്താവ് മരിച്ചിട്ടും വിദൂരത്തേക്ക് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥയും പുതിയ പട്ടികയിലുണ്ട്.
ഇടതുപക്ഷം ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡിലെ ഇടതുയൂണിയൻ നേതൃത്വം പരോക്ഷമായി കോൺഗ്രസ് വിമത യൂണിയന് പിന്തുണ നൽകുന്നുണ്ട്. ദേവസ്വം കമ്മിഷണർ നേരിട്ട് നടത്തിയ സ്ഥലംമാറ്റങ്ങൾക്ക് ബോർഡ് മൗനാനുവാദവും നൽകി. ഈ സ്ഥലംമാറ്റങ്ങൾ കോൺഗ്രസ് നേതൃത്വത്തിനും തലവേദനകൾ സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കും ദേവസ്വം മന്ത്രിക്കും പാർട്ടി നേതൃത്വത്തിനും മുന്നിൽ ഇരുപക്ഷവും പരാതികളുമായി എത്തി. ബോർഡിലെ തൊഴിലാളി യൂണിയനുകളുടെ അംഗീകാരത്തിനായി റഫറണ്ടത്തിനുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് കോൺഗ്രസ് യൂണിയനുകളുടെ തർക്കം മുറുകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |