കൊച്ചി: റീലിനെച്ചൊല്ലി യുവതികളുടെ ഏറ്റുമുട്ടലിന്റെ തുടർച്ചയായി 26കാരനായ യുവാവിനെ വിളിച്ചു വരുത്തി തല്ലിച്ചതച്ച കേസിൽ അറസ്റ്റിലായ യുവാക്കളെ റിമാൻഡ് ചെയ്തു. കാസർകോഡ് ഉദുമ ബേക്കൽ പള്ളിക്കര കാട്ടൂർമൂലയിൽ മുസ്താഖ് (26), മലപ്പുറം പൊന്നാനി മാറഞ്ചേരി പനമ്പാട് വെസ്റ്റ് കുഞ്ഞൂലയിൽ വീട്ടിൽ മുഹമ്മദ് അഫ്രീദ് (28) എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. മറ്റ് പ്രതികളായ നിഹാൽ, അഫ്രീദിയുടെ ഭാര്യ സഫ എന്നിവർ ഒളിവിലാണ്.
പാലക്കാട് സ്വദേശി അർജുനനെയാണ് (26) നാലംഗ സംഘം 22ന് പുലർച്ചെ ഇടപ്പള്ളി കുന്നുംപുറം ഗ്രീൻ മാങ്കോ കഫേയ്ക്ക് സമീപത്തെ പാലത്തിനടുത്തേക്ക് വിളിച്ചുവരുത്തി ആക്രമിച്ചത്. ഏതാനും ദിവസം മുമ്പ് പരാതിക്കാരനും പ്രതികളും ഒത്തുകൂടിയപ്പോൾ സഫയും മറ്റൊരു യുവതിയും തമ്മിലുണ്ടായ കൈയാങ്കളിക്കിടെ ഇരുവരെയും അർജുൻ പിടിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. യുവതിയെക്കുറിച്ച് സമൂഹമാദ്ധ്യമത്തിൽ സഫ പോസ്റ്റ് ചെയ്ത റീൽസുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പിടിച്ചുമാറ്റുന്നതിനിടെ ദേഹത്ത് സ്പർശിച്ചതാണ് സഫയെ പ്രകോപിച്ചത്.
ആക്രമണം നടന്നിടത്തേക്ക് സഫയാണ് യുവാവിനെ ഫോണിൽ വിളിച്ചു വരുത്തിയത്. അറസ്റ്റിലായ മുസ്താഖ് യുവാവിനെ മുഖത്തടിച്ച് പരിക്കേൽപ്പിച്ചു. നിഹാൽ സ്റ്റീൽ മുത്തുകളുള്ള ബെൽറ്റ് ഉപയോഗിച്ച് ആക്രമിച്ചു. കമ്പിവടി, കത്തി എന്നിവ കാട്ടി ഭീഷണിപ്പെടുത്തി.
സെൻട്രൽ എ.സി.പി പ്രേമാനന്ദ കൃഷ്ണയുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായ നസീം, അഫ്സൽ, ലാലു ജോസഫ്, എസ്.സി.പി.ഒ ഗിരീഷ്, സി.പി.ഒ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |