കൊച്ചി: ശുദ്ധമായ ശർക്കരയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി കരിമ്പുകൃഷിയും ചെറുകിട ശർക്കര ഉത്പാദന യൂണിറ്റുകളും പ്രോത്സാഹിപ്പിക്കാനുള്ള നയരേഖ സി.എം.എഫ്.ആർ.ഐയുടെ കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ) മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ചു.
കെ.വി.കെ നടപ്പാക്കിയ 'ആലങ്ങാട് ശർക്കര പുനരുജീവന മാതൃക" മുൻനിറുത്തിയാണ് നയരേഖ തയ്യാറാക്കിയത്. ശാസ്ത്രീയമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ കരിമ്പുകൃഷിയും ചെറുകിട സംസ്‌കരണ യൂണിറ്റുകളും വഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങളും സംരംഭങ്ങളും സൃഷ്ടിക്കാനും സാധിക്കുമെന്ന് നയരേഖയിൽ പറയുന്നു.
കെ.വി.കെ 2022 മുതൽ നടപ്പാക്കിവരുന്ന പദ്ധതിയുടെ ഫലമായി, ആലങ്ങാട്ടെ കൃഷിയിടങ്ങളിൽ ഏക്കറിന് ശരാശരി 16 ടൺ കരിമ്പ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. പ്രതിദിനം ഒരു ടൺ കരിമ്പ് സംസ്‌കരിക്കാൻ ശേഷിയുള്ള യൂണിറ്റിൽ നിന്ന് 10 ശതമാനം ശർക്കര (ആകെ കരിമ്പിന്റെ തൂക്കത്തിന്റെ) ലഭിക്കുന്നുണ്ട്. 20 ലക്ഷം രൂപ നിക്ഷേപത്തിൽ യൂണിറ്റുകൾ സ്ഥാപിക്കാനാകും. 20 ഏക്കറിൽ ഘട്ടംഘട്ടമായി കരിമ്പ് കൃഷി ചെയ്താൽ ഇത്തരം യൂണിറ്റുകൾക്ക് വർഷം മുഴുവൻ പ്രവർത്തിക്കാനാകും.
മറ്റ് നിർദേശങ്ങൾ
കരിമ്പുകൃഷി വ്യാപിപ്പിക്കുന്നതിന് പ്രത്യേക മിഷൻ രൂപീകരിക്കണം
കരിമ്പുകൃഷിക്ക് അനുയോജ്യമായ കൂടുതൽ മേഖലകൾ കണ്ടെത്തുക
കർഷകർക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുക
പ്രാദേശികമായി ശർക്കര സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുക
ജില്ലാതലത്തിൽ തനത് ബ്രാൻഡുകൾ വികസിപ്പിക്കുകയും വിപണന ശൃംഖല ഉറപ്പാക്കുകയും ചെയ്യുക
കരിമ്പുകൃഷി, ശർക്കര ഉത്പാദനം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയെ സംയോജിപ്പിച്ച് കാർഷിക ടൂറിസം സാദ്ധ്യതകൾ വികസിപ്പിക്കാൻ കഴിയും.
ഡോ. ഷിനോജ് സുബ്രഹ്‌മണ്യൻ
കെ.വി.കെ മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |