SignIn
Kerala Kaumudi Online
Saturday, 27 June 2026 3.14 AM IST

കൊച്ചിയെ നിശാസൗഹൃദമാക്കും:  മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: മാഫിയകളുടെ യാതൊരുവിധ ഭീഷണിയുമില്ലാതെ കൊച്ചി നഗരത്തിലെ രാത്രി ജീവിതം 24 മണിക്കൂറും സുരക്ഷിതമാക്കുകയാണ് കേരള പൊലീസിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആറുമണിക്ക് വീട്ടിൽ കയറാൻ പറഞ്ഞാൽ അത് നടക്കില്ല. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഭയമില്ലാതെ രാത്രികളിൽ നഗരം ആസ്വദിക്കാനുള്ള സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ കൊച്ചിൻ പൊലീസ് കമ്മിഷണർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ജനകീയ പ്രതിരോധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ (ദി നാർക്കോ ഹണ്ട്)" രണ്ടാം ഘട്ടത്തിന്റെ നിയോജക മണ്ഡലതല ജനസഭ കൊച്ചി സെന്റ് തെരേസാസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനും മയക്കുമരുന്നിന്റെ പിടിയിൽ അകപ്പെടുന്ന യുവത്വത്തെ രക്ഷിക്കാനുമുള്ള വലിയ ജനകീയ മുന്നേറ്റമാണ് മൂന്നു ഘട്ടമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ. കൊച്ചി നഗരത്തിൽ ഹോം ഡെലിവറി ആപ്പുകളിലെ ചില ജീവനക്കാർ ഇതിന്റെ മറവിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇവർക്ക് താക്കീത് നൽകി. പിന്മാറാത്തവരുടെ കൈകളിൽ വിലങ്ങ് വീഴുമെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാൻ തമിഴ്‌നാട്, കർണാടക, പോണ്ടിച്ചേരി മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. ഈ പോരാട്ടത്തിൽ രാഷ്ട്രീയം നോക്കില്ലെന്നും ശുപാർശകളോ വിട്ടുവീഴ്ചയോ ഉണ്ടാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, ഡി.ജി.പി മുതൽ കോൺസ്റ്റബിൾ വരെ നൂറു ശതമാനം ആത്മാർത്ഥതയോടെ ഈ ദൗത്യത്തിൽ പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. ചടങ്ങിൽ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി.

കൊച്ചി സിറ്റി ഐ.ജി.പിയും പൊലീസ് കമ്മിഷണറുമായ എസ്. കാളിരാജ് മഹേഷ് കുമാർ, ടി.ജെ. വിനോദ് എം.എൽ.എ, മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL