SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.55 AM IST

ആരാകും ഡി.സി.സി പ്രസിഡന്റ് മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും

d

കൊച്ചി: എം.എൽ.എയായതിനെ തുടർന്ന് മുഹമ്മദ് ഷിയാസ് രാജിവയ്‌ക്കുമ്പഓൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി) പ്രസിഡന്റാകാൻ കരുനീക്കം തകൃതി. അരഡസനോളം പേരാണ് രംഗത്തുള്ളത്. പ്രസിഡന്റ് ആരാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തിമതീരുമാനമെടുക്കും. കൊച്ചി മണ്ഡലത്തിൽ നിന്നാണ് നിലവിലെ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിയമസഭയിലേക്ക് വിജയിച്ചത്. നിയമസഭാംഗമെന്ന നിലയിൽ പ്രവർത്തിക്കേണ്ട സാഹചര്യത്തിൽ അദ്ദേഹം ഡി.സി.സി പ്രസിഡന്റ് പദവി ഒഴിയും. ഡി.സി.സി പ്രസിഡന്റായിരിക്കെ എം.എൽ.എയായവർ രാജിവച്ച കീഴ്‌വഴക്കവുമുണ്ട്. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതോടെ മുഹമ്മദ് ഷിയാസ് രാജിവയ്ക്കുമെന്നാണ് സൂചനകൾ. ഐ ഗ്രൂപ്പുകാരനും വി.ഡി.സതീശന്റെ ഉറ്റ അനുയായിയുമാണ് മുഹമ്മദ് ഷിയാസ്.

തീരുമാനം കീറാമുട്ടിയാകും

കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ കൂടി പാലിച്ചാണ് സാധാരണ ഡി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കുന്നത്. ഗ്രൂപ്പ്, മത, സാമുദായിക പരിഗണനകളും തീരുമാനത്തിലുണ്ടാകും. ഇവയുടെ ബലത്തോടെ അവകാശവാദം ഉന്നയിക്കാനാണ് അണിയറനീക്കം തുടരുന്നത്. മുഹമ്മദ് ഷിയാസിനെപ്പോലെ യുവനേതാവ് വേണമെന്ന വികാരവും ശക്തമാണ്. ജില്ലയിലെ 14 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുകയും മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരുമുള്ള സാഹചര്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കാൻ കഴിയുന്ന നേതാവിനെയാണ് ആവശ്യമെന്ന് നേതാക്കൾ നിർദ്ദേശിക്കുന്നു.

മുതിർന്നവർ മുതൽ ഇളമുറക്കാർ വരെ അവകാശവാദവുമായി രംഗത്തുള്ളത് തീരുമാനമെടുക്കൽ കീറാമുട്ടിയാകും. പാർട്ടിയിലെ പ്രമുഖ ഗ്രൂപ്പുകളെല്ലാം രംഗത്തുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മാറിയ സമവാക്യങ്ങളും തീരുമാനത്തിൽ നിർണായകമാകും.

രംഗത്തുള്ള പ്രധാനികൾ

അബ്ദുൾ മുത്തലിബ്

ജില്ലയിലെ മുതിർന്ന നേതാക്കളിൽ ഒരാൾ. എ ഗ്രൂപ്പ് പ്രതിനിധി. കെ.പി.സി.സി ജനറൽ സെക്രട്ടറി. സഹകരണ, ട്രേഡ് യൂണിയൻ രംഗത്തും സജീവം.

എം.ആർ. അഭിലാഷ്

കെ.പി.സി.സി ജനറൽ സെക്രട്ടറി, യുവനേതാവ്, കെ.സി വേണുഗോപാൽ അനുകൂലി.

ജിന്റോ ജോൺ

ഡി.സി.സി വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, വി.ഡി സതീശൻ പക്ഷക്കാരൻ.

ഉല്ലാസ് തോമസ്

ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്, മുതിർന്ന നേതാവ്.

ഐ.കെ. രാജു

കെ.പി.സി.സി ജനറൽ സെക്രട്ടറി, മുതിർന്ന നേതാവ്.

തമ്പി സുബ്രഹ്മണ്യം

കെ.പി.സി.സി സെക്രട്ടറി, കോർപ്പറേഷൻ മുൻ കൗൺസിലർ, യൂത്ത് കോൺഗ്രസ് നേതാവ്, സമരങ്ങളിലെ പതിവ് മുഖം. ഗ്രൂപ്പ് ഇല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, DCC PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL