SignIn
Kerala Kaumudi Online
Monday, 25 May 2026 10.07 AM IST

ഉല്ലാസം അതിരുവിടല്ലേ മുങ്ങിമരണം കൂടുതലും എറണാകുളത്ത്

d

കാലവർഷം കരുതിയിരിക്കണം

കൊച്ചി: സംസ്ഥാനത്തെ മുങ്ങിമരണങ്ങളുടെ പട്ടികയിൽ എറണാകുളം ജില്ല ഒന്നാമത്. കഴിഞ്ഞവർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 821 കേസുകളിൽ 157 എണ്ണവും എറണാകുളത്തായിരുന്നു. മരിച്ചവരിലേറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്. മദ്ധ്യവേനൽ അവധിക്കാലവും തുടർന്നുള്ള കാലവർഷവുമാണ് കേരളത്തിലെ മുങ്ങിമരണങ്ങളുടെ പീക്ക് സീസൺ.

ആഴമറിയാത്ത പുഴകളിലും തടാകങ്ങളിലും കുളിക്കാനും ഉല്ലസിക്കാനും ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും. അഗ്നിശമനസേനയുടെ റിപ്പോർട്ട് പ്രകാരം ബീച്ചുകൾ മുതൽ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങളും പാറക്കുളങ്ങളും വരെ ജില്ലയിലെ 68 സ്ഥലങ്ങൾ അപകടക്കെണികളാണ്. ഇതിൽ പലയിടത്തും കൃത്യമായ മുന്നറിയിപ്പ് ബോർഡുകളോ രക്ഷാപ്രവർത്തകരോ ഇല്ല. ചില സ്ഥലങ്ങളിൽ സമീപപ്രദേശത്ത് ആൾത്താമസം പോലുമില്ല. പെരിയാർ നദിയിലെ പാണിയേലിപ്പോര്, ഭൂതത്താൻകെട്ട്, കോതമംഗലം, ഒക്കൽത്തുരുത്ത്, ചേലാമറ്റം, മട്ടാഞ്ചേരിയിലെ തിരുമല ക്ഷേത്രക്കുളം, ഫോർട്ട് കൊച്ചി സൗത്ത് ബീച്ച്, കൊച്ചി ഫിഷറീസ് ഹാർബർ, ചെല്ലാനം കണ്ണമ്മാലി എന്നിവിടങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ പാറക്കുളങ്ങളിലും സഞ്ചാരികൾ അതീവജാഗ്രത പുലർത്തണമെന്ന് അഗ്നിശമനസേന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് അവഗണിച്ച് മുന്നോട്ടുപോകുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

ജലപ്പരപ്പിനടിയിലെ പാറക്കുഴികൾ വില്ലനാകുന്നു

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ സാഹസികതയ്ക്ക് മുതിരുന്നതും ദുരന്തങ്ങൾക്ക് കാരണമാകുന്നു. ജില്ലയുടെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തതും 2025ലാണ്. തൊട്ടുതലേവർഷത്തെ മരണസംഖ്യ 18 മാത്രമായിരുന്നു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവുമധികം സഞ്ചാരികളുടെ ജീവൻ നഷ്ടമായിട്ടുള്ള സ്ഥലമാണ് പാണിയേലിപ്പോര്. ജലപ്പരപ്പിനടിയിലെ പാറക്കുഴികളാണ് ഇവിടെ വില്ലനാകുന്നത്. ഇതിൽ അകപ്പെട്ടവരെ ജീവനോടെ തിരിച്ചുകിട്ടിയ ചരിത്രമില്ല. സംസ്ഥാനത്തെ അംഗീകൃത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ പാണിയേലിപ്പോര് ഇല്ലെങ്കിലും അറിഞ്ഞുകേട്ട് ഇവിടെയെത്തിയവരിൽ നൂറോളംപേർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ മദ്ധ്യവേനൽ അവധിക്കാലത്ത് കോതമംഗലത്ത് ദന്തൽ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേരാണ് ജില്ലയിൽ മുങ്ങിമരിച്ചത്.

കാണുന്നതല്ല കടൽ


പുറമേയ്ക്കു ശാന്തമെന്ന് തോന്നിയാലും കടലിന്റെ സ്വഭാവം ഏതുസമയവും മാറാം. കാലാവസ്ഥ വലിയ ഘടകമാണ്. മൂടിക്കെട്ടിയ അന്തരീക്ഷം, മഴ, കാറ്റ് എന്നിവയുള്ളപ്പോൾ കടലിൽ ഇറങ്ങരുത്. നീന്തിക്കയറാമെന്ന അമിത ആത്മവിശ്വാസം അപകടങ്ങളിലേക്ക് നയിക്കും. അസുഖങ്ങളുള്ളവരും നീന്തലറിയാത്തവരും കടലിൽ ഇറങ്ങരുത്. നീന്തൽ അറിയാമെങ്കിലും ഒറ്റയ്ക്ക് കടലിൽ ഇറങ്ങുന്നത് സുരക്ഷിതമല്ല.

ഉല്ലാസം മത്സരമല്ല


* സുഹൃത്തുക്കളോടൊപ്പം അശ്രദ്ധമായി വെള്ളത്തിൽ ഇറങ്ങുന്നത് അപകടകാരണമാകാം. മത്സരിച്ചുള്ള നീന്തൽ, മറ്റ് അഭ്യാസങ്ങൾ, അനുവദനീയ മേഖലകൾ മറികടക്കുക എന്നിവ നിർബന്ധമായും ഒഴിവാക്കുക
* മദ്യപിച്ച് കടലിൽ ഇറങ്ങാതിരിക്കുക. ലഹരി അനാവശ്യ സാഹസങ്ങൾക്ക് പ്രേരിപ്പിക്കുകയും ശക്തമായ തിരയിൽ പെട്ടെന്ന് തളർച്ചയും ഉണ്ടാക്കാം
* ഒറ്റപ്പെട്ട ബീച്ചുകളും രാത്രികാല നീന്തലും ഒഴിവാക്കുക
* കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. നീന്തൽ അറിയാമെങ്കിലും ലൈഫ് ജാക്കറ്റ് ധരിപ്പിക്കണം

 2025ൽ ഒന്നാം സ്ഥാനം

1.എറണാകുളം ............157

2. പാലക്കാട്...................109

3.കൊല്ലം..........................99

 സംസ്ഥാനത്ത് ആകെ

2022...............910

2023...............1040

2024................917

2025................821

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL