കൊച്ചി: ഭരണമാറ്റത്തിന്റെ അലയൊളികൾ പൊലീസ് സേനയിലും പ്രതിഫലിക്കും. 10 കൊല്ലമായി അധികാരത്തിന്റെ അകത്തളങ്ങളിൽനിന്ന് അകറ്റിനിർത്തപ്പെട്ട യു.ഡി.എഫ് അനുകൂല പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചുവരവിന് തയ്യാറെടുപ്പ് തുടങ്ങി. ജില്ലയിൽ കൊച്ചി സിറ്റിയിലും എറണാകുളം റൂറലിലും അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർമാർ, ഡി.വൈ.എസ്.പിമാർ, എസ്.എച്ച്.ഒമാർ, എസ്.ഐമാർ ഉൾപ്പെടെ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായി.
കഴിഞ്ഞദിവസം വോട്ടെണ്ണൽ പൂർത്തിയാക്കി മണിക്കൂറുകൾക്കകം കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ ഡ്യൂട്ടി ഡീറ്റെയിലിംഗ് ഓഫീസറെ മാറ്റിയത് വരാനിരിക്കുന്നതിന്റെ സൂചനയായി കരുതപ്പെടുന്നു. ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നത് ഉൾപ്പെടെ സുപ്രധാന ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളിൽ സേനാംഗങ്ങൾ അതൃപ്തരായിരുന്നെങ്കിലും ഭരണതലത്തിലെ സ്വാധീനത്തിലാണ് തൽസ്ഥാനത്ത് തുടർന്നത്. ഫലപ്രഖ്യാപനം വന്നതോടെ ഇദ്ദേഹത്തെ മാറ്റി.
ജില്ലയിൽ ഭിന്നത ശക്തം
ജില്ലയിലെ പൊലീസ് അസോസിയേഷനുകളിൽ ഭിന്നത രൂക്ഷമാണ്. റൂറൽ, സിറ്റി പൊലീസ് ജില്ലകളിലെ അസോസിയേഷനുകളെ നിയന്ത്രിക്കുന്നത് ഭരണാനുകൂല വിഭാഗമാണെങ്കിലും എതിർചേരിയും ശക്തരാണ്. കഴിഞ്ഞ 10 കൊല്ലത്തിനിടെ നിരവധി പൊലീസുകാർ പ്രതികാരനടപടികൾക്ക് വിധേയരായി. സിറ്റിയിലെ നാല് പൊലീസുകാർ സമൂഹമാദ്ധ്യമങ്ങളിൽ നടത്തിയ വിമർശനത്തിന്റെ പേരിൽ സസ്പെൻഷനിലായി. പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയെ കാണാൻ പോയതിന്റെ പേരിലും നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. യു.ഡി.എഫ് അനുകൂല പൊലീസുകാർ സ്ഥലംമാറ്റത്തിലും വിവേചനം നേരിടുന്നതായി പരാതിയുണ്ട്. ഭരണാനുകൂല സംഘടനകൾ സ്ഥലംമാറ്റത്തിൽ അവിഹിത ഇടപെടൽ നടത്തിയെന്നാണ് ആരോപണം.
ഒതുക്കിയത് സ്പെഷ്യൽ യൂണിറ്റുകളിൽ
ഭരണമുന്നണിക്ക് അനഭിമതരായ പൊലീസ് ഉദ്യോഗസ്ഥരെ വിജിലൻസ്, ക്രൈംബ്രാഞ്ച്, നാർക്കോട്ടിക് സെൽ, ഡി.സി.ആർ.ബി, സ്പെഷ്യൽ ബ്രാഞ്ച്, എസ്.എസ്.ബി തുടങ്ങിയ സ്പെഷ്യൽ യൂണിറ്റുകളിലേക്ക് ഒതുക്കുകയാണ് പതിവ്. ക്രമസമാധാന പരിപാലനച്ചുമതല വഹിക്കുന്ന പോസ്റ്റുകളിലേക്ക് സർക്കാർ താല്പര്യങ്ങളുമായി ഒത്തുപോകുന്നവർക്കാണ് നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് ഇതെല്ലാം നിയന്ത്രിച്ചിരുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഭൂരിപക്ഷം സർക്കിൾ ഇൻസ്പെക്ടർമാരെയും പകുതിയോളം എ.സി.പിമാരെയും ഡി.വൈ.എസ്.പിമാരെയും ഇതര ജില്ലകളിലേക്ക് സ്ഥലംമാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുമ്പോൾ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഈ ഉദ്യോഗസ്ഥർ. ഭരണമാറ്റം ഉറപ്പായതോടെ ഇതും ത്രിശങ്കുവിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |