SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.43 PM IST

കേരളത്തിൽ സർവ്വസാധാരണമായ തേങ്ങയെ 20 ലക്ഷം മാസവരുമാനമുള്ള ബിസിനസാക്കി മാറ്റി വീട്ടമ്മ

sumila-jayaraj-
സുമില ജയരാജ്

പാചകത്തിന് തേങ്ങ ഉപയോഗിക്കാത്ത മലയാളി വീടുകൾ കുറവായിരിക്കും. തേങ്ങാ വെള്ളവും കരിക്കും പല പാനീയങ്ങളും വിഭവങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കാറുണ്ട്. തേങ്ങയിലെ ബിസിനസ് സാദ്ധ്യത മുന്നിൽക്കണ്ട് മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന സംരംഭകയായി മാറിയിരിക്കുകയാണ് ഒരു വീട്ടമ്മ.

തൃശൂർ സ്വദേശിനിയായ സുമില ജയരാജ് 'ഗ്രീൻ ഓറ' എന്ന പേരിൽ ആരംഭിച്ച കമ്പനിയിൽ തേങ്ങ കൊണ്ടുള്ള ഉത്‌പന്നങ്ങളാണ് വിൽക്കുന്നത്. അച്ചാർ, വിർജിൻ കോക്കനട്ട് ഓയിൽ, തേങ്ങാപ്പാൽ പൗഡർ, ചമ്മന്തി തുടങ്ങിവയാണ് ഗ്രീൻ ഓറയിൽ വിൽക്കുന്നത്. ഇന്ന് മാസം 20 ലക്ഷം രൂപയാണ് കമ്പനിയുടെ വരുമാനം. യുഎസ്, ഓസ്‌ട്രേലിയ, യുകെ, മലേഷ്യ എന്നിവിടങ്ങിൽ നിന്ന് ഓർഡറുകളും ലഭിക്കുന്നു.

തൃശൂരിലെ എങ്ങാണ്ടിയൂർ സ്വദേശിയായ സുമില സുവോളജി, ഇംഗ്ളീഷ് ബിരുദധാരിയാണ്. വിവാഹശേഷം മുംബയിലേയ്ക്ക് താമസം മാറി. വർഷങ്ങൾക്കുശേഷം കേരളത്തിൽ തിരികെയെത്തിയെങ്കിലും ഭർത്താവ് ജയരാജ് ജോലി സംബന്ധമായി ദുബായിലേയ്ക്ക് പോയി. മക്കളും പഠനത്തിനായി മറ്റിടങ്ങളിലേയ്ക്ക് പോയി. അപ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് സുമിലയ്ക്ക് അതിയായ ആഗ്രഹമുണ്ടാകുന്നത്. അങ്ങനെ വിർജിൻ കോക്കനട്ട് ഓയിൽ തയ്യാറാക്കുന്ന ഒരു കമ്പനിയിൽ ചേർന്നു.

കമ്പനിയിലെ ജോലിയിൽ നിന്ന് ലഭിച്ച അനുഭവസമ്പത്ത് തേങ്ങയിൽ നിന്നുള്ള ഉൽപ്പന്നങ്ങളോടുള്ള താൽപ്പര്യം ജനിപ്പിച്ചു. അങ്ങനെയാണ് സംരംഭകത്വ യാത്രയ്ക്ക് തുടക്കമായത്. താമസിയാതെ ജോലി ഉപേക്ഷിച്ച് സുമില സ്വന്തമായി ഒരു കമ്പനി തുടങ്ങി. വീടിനോട് ചേർന്നുള്ള ഒരു ചെറിയ ഷെഡിൽ നിന്നാണ് ബിസിനസ് ആരംഭിച്ചത്.

ഉത്പന്നത്തിലെ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിലനിർത്തുന്നതിനായി 'കോൾഡ്-പ്രസ്ഡ് വിർജിൻ വെളിച്ചെണ്ണ' നിർമ്മിക്കാൻ 'സെൻട്രിഫ്യൂഗൽ' രീതിയാണ് സുമില പരീക്ഷിച്ചത്. എന്നാൽ തുടക്കം അത്ര എളുപ്പമായിരുന്നില്ല. വായ്പ ലഭിക്കുന്നത് മുതൽ തേങ്ങ ഉത്പന്നങ്ങളുടെ ഗുണങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത് വരെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു.

എങ്കിലും തളരാതെ പരിശ്രമിച്ച് സുമില സ്വന്തമായൊരു ബ്രാൻഡ് കെട്ടിപ്പടുത്തു. 2021ൽ 'ഗ്രീൻഓറ' ഔദ്യോഗികമായി അവതരിപ്പിച്ചു. നിലവിൽ, ചട്ണി, അച്ചാർ, തേങ്ങ അടിസ്ഥാനമാക്കിയുള്ള സാമ്പാർ പൊടി തുടങ്ങിയ ഉത്പന്നങ്ങളും കമ്പനിയിൽ നിർമിക്കുന്നുണ്ട്.

English Summary

Thrissur native Sumila Jayaraj has become a successful entrepreneur, earning 20 lakh rupees monthly from her company 'Green Ora'. Specializing in coconut-based products like virgin coconut oil, pickles, and chutney, she receives international orders from the US, Australia, UK, and Malaysia, highlighting the significant business potential of coconut products.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUMILA JAYARAJ, COCONUT BUSINESS, ENTREPRENEUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY