SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.07 PM IST

ബിഗ്ഫൂട്ടിനെ കണ്ടെത്തുന്നവർ കോടീശ്വരന്മാരാകും; സമ്മാനം 10 ലക്ഷം ഡോളർ

bigfoot
പ്രതീകാത്മകചിത്രം

ഹിമാലയത്തിലെ യതിയെ പോലെ അമേരിക്കയിൽ ഉണ്ടെന്ന് പറയപ്പെടുന്ന നിഗൂഢ ജീവിയാണ് ബിഗ്ഫൂട്ട്. ബിഗ്ഫൂട്ട് യഥാർത്ഥമാണെന്ന് തെളിയിക്കാമോ ? എങ്കിൽ സമ്മാനമായി 10 ലക്ഷം ഡോളർ (9,58,10,450 രൂപ) ലഭിക്കും. പ്രമുഖ ഡ്രിങ്ക് ബ്രാൻഡായ ഹാർഡ് മൗണ്ടൻ ഡ്യൂ ആണ് വൻ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഗ്ഫൂട്ടുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് അവരുടെ പക്കലുള്ള തെളിവുകൾ പങ്കുവയ്ക്കാം. നവംബർ 30 വരെയാണ് മത്സരം.

എന്നാൽ കർശനമായ നിബന്ധനകൾ കമ്പനിക്കുണ്ട്. പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 21 വയസ് വേണം. കമ്പനിയുടെ ഔദ്യോഗിക മത്സര വെബ്‌സൈറ്റ് വഴി ബിഗ്ഫൂട്ടിന്റെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന ആധികാരികമായ തെളിവുകൾ സമർപ്പിക്കാം. വ്യാജ ചിത്രങ്ങളും തട്ടിപ്പുകളും കണ്ടെത്താൻ ബിഗ്ഫൂട്ട് വിദഗ്ദ്ധർ തെളിവുകൾ പരിശോധിക്കും.

ബ്രാൻഡ് നിശ്ചയിച്ചിട്ടുള്ള ഏഴ് പ്രത്യേക നിബന്ധനകളിൽ നാലെണ്ണമെങ്കിലും പാലിച്ച് തെളിവ് നൽകിയാലേ മത്സരത്തിൽ വിജയിക്കാനാകൂ. കാൽപ്പാടുകളുടെ നീളം, ജീവിയുടെ ചിത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മത്സരത്തിൽ ആരും വിജയിച്ചില്ലെങ്കിലും ഏറ്റവും മികച്ച ശ്രമങ്ങൾ നടത്തുന്ന ഭാഗ്യശാലികളായ 100 പേർക്ക് ഹാർഡ് മൗണ്ടൻ ഡ്യൂവിന്റെ ഒരു പായ്ക്ക് വാങ്ങാൻ ആവശ്യമായ പണം സമ്മാനമായി നൽകും.

ബിഗ്ഫൂട്ട് എന്നൊരു ജീവി ശരിക്കും ഇല്ലെന്നും വെറും കെട്ടുകഥ മാത്രമാണെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. ഏഴടിയോളം നീളവും പകുതി മനുഷ്യന്റെയും പകുതി ആൾക്കുരങ്ങിന്റെയും രൂപമുള്ള രോമാവൃതമായ ശരീരത്തോടുകൂടിയ ബിഗ്ഫൂട്ടിനെ കണ്ടെന്ന് അവകാശപ്പെട്ട് നിരവധി പേ‌ർ രംഗത്തെത്തിയിട്ടുണ്ട്.

നോർത്ത് കാരലൈന, ജോർജിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിലെ വനമേഖലയിലൊക്കെ ബിഗ്ഫൂട്ടിന്റെ സാന്നിദ്ധ്യം അവകാശപ്പെട്ട് പലരും രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഒന്നിനും ശാസ്ത്രീയമായ തെളിവുകളില്ല. മസാച്യൂസെറ്റ്സിൽ 200 സ്‌ക്വയർ മൈലിൽ വ്യാപിച്ച് കിടക്കുന്ന ബ്രിഡ്‌ജ്‌വാട്ടർ ട്രയാംഗിൾ എന്നറിയപ്പെടുന്ന ഭാഗത്തെ ചതുപ്പുനിലങ്ങളിലും ബിഗ്ഫൂട്ടിനെ കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്.

1978ൽ ഇവിടെ ഒരു കുളത്തിനരികിൽ നിൽക്കുകയായിരുന്ന പാരാനോർമൽ ഗവേഷകൻ ജോ ഡി ആൻഡ്രയെഡ്, ഏഴടിയോളം ഉയരമുള്ള, മനുഷ്യന്റെയും ആൾക്കുരങ്ങിന്റെയും രൂപമുള്ള ബിഗ്ഫൂട്ടിനെ കണ്ടത്രെ. ഇവിടെ വളർത്തു മൃഗങ്ങളെ ബിഗ്ഫൂട്ട് കൊല്ലുന്നതായി പ്രദേശവാസികൾ പരാതി പറഞ്ഞതിനെ തുടർന്ന് അധികൃതർ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

English Summary

Bigfoot, the mysterious creature said to inhabit parts of the United States, is at the centre of a $1 million reward challenge announced by Hard Mountain Dew. Participants aged 21 and above can submit credible evidence of Bigfoot’s existence through the company’s official contest website until November 30.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIGFOOT, BIGFOOT REWARD, BIGFOOT EVIDENCE, HARD MOUNTAIN DEW, MYSTERIOUS CREATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY