
ക്രൂഡ് വില 100 ഡോളറിലേക്ക്
കൊച്ചി: പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾക്ക് സാദ്ധ്യത തെളിഞ്ഞതോടെ ക്രൂഡോയിൽ വില തുടർച്ചയായ നാലാം ദിവസവും താഴ്ന്നു. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ക്രൂഡോയിൽ വിലയിടിവ് ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ ഓഹരികൾ ശക്തമായി തിരിച്ചുകയറി. ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യാനുമായി കൂടിക്കാഴ്ചയ്ക്ക് സന്നദ്ധനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതാണ് ക്രൂഡ് വിപണിക്ക് ആശ്വാസമായത്. ഇതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 101 ഡോളറിലേക്കും വെസ്‌റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 98 ഡോളറിലേക്കും താഴ്ന്നു. എണ്ണവിലയിലെ ഇടിവ് ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 0.11 ശതമാനം ഉയർന്ന് 95.81ൽ എത്തി.
എണ്ണവിലയിലെ ഇടിവ് ഇന്ത്യയുടെ ഗതാഗത, ഉത്പാദന, ലോജിസ്‌റ്റിക്സ് ചെലവുകളിലെ സമ്മർദ്ദം കുറക്കും. നാണയപ്പെരുപ്പ ഭീഷണി കുറഞ്ഞാൽ റിസർവ് ബാങ്ക് പലിശ വർദ്ധന തീരുമാനം വൈകിച്ചേക്കും.
ഓഹരി വിപണിയിൽ കുതിപ്പ്
എണ്ണവിലയിലെ ആശങ്കകൾ ഒഴിഞ്ഞതോടെ ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കി. ഡോളർ ദുർബലമായതും യു.എസ് ബോണ്ടുകളുടെ യീർഡ് കുറഞ്ഞതും കണക്കിലെടുത്ത് നിക്ഷേപകർ വീണ്ടും ഓഹരികളിലേക്ക് പണമൊഴുക്കി. അമേരിക്കയിലെ നാണയപ്പെരുപ്പ കണക്കുകളും തൊഴിലില്ലായ്മ നിരക്കുമാകും വരും ദിവസങ്ങളിൽ വിപണിയുടെ ഗതി നിർണയിക്കുക.
രാജ്യാന്തര വിപണിയിലെ അനുകൂല ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യയിലെ പ്രധാന സൂചികകൾ ഇന്നലെ മികച്ച മുന്നേറ്റം നടത്തി. സെൻസെക്‌സ് 564 പോയിന്റ് കുതിപ്പോടെ 74,858.99ൽ എത്തി. നിഫ്‌റ്റി 67.9 പോയിന്റ് നേട്ടത്തോടെ 23,414.30ൽ അവസാനിച്ചു. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഫാർമ്മ, ഹെൽത്ത്‌കെയർ, റിയൽറ്റി, എഫ്.എം.സി.ജി മേഖലകളിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
സ്വർണ വില താഴേക്ക്
സ്വർണ വില രാജ്യാന്തര വിപണിയിൽ ഔൺസിന് 12 ഡോളർ കുറഞ്ഞ് 4,364 ഡോളറിലെത്തി. കേരളത്തിൽ പവൻ വില 920 രൂപ കുറഞ്ഞ് 1,13,960 രൂപയായി.
നേട്ടങ്ങൾ
ഇറക്കുമതി ബിൽ കുറയും
രൂപയുടെ മൂല്യം ഉയരും
നാണയപ്പെരുപ്പ സമ്മർദ്ദമൊഴിയും
കമ്പനികളുടെ ലാഭക്ഷമത മെച്ചപ്പെടും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |