SignIn
Kerala Kaumudi Online
Friday, 25 September 2026 7.43 PM IST

ചാർട്ടേഡ് വിമാന വിവാദം: മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശൻ

READ ENGLISH VERSION
vd-satheeshan-
അവലോകന യോഗത്തിന് പിന്നാലെ പുറത്തേക്ക് ഇറങ്ങുന്ന മുഖ്യമന്ത്രി വിഡി സതീശൻ

തൊടുപുഴ: ചാർട്ടേഡ് വിമാനയാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വിഡി സതീശൻ. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ സംബന്ധിച്ച അവലോകന യോഗം പൂർത്തിയാക്കി പുറത്തേക്കെത്തിയ മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവർത്തകർ വിമാനയാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.

മാദ്ധ്യമപ്രവർത്തകർ മുന്നിൽനിന്ന് മാറിനിൽക്കണമെന്നും ദേഷ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. താൻ ആരെയും കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകരെ അവിടെനിന്ന് മാറ്റാൻ പൊലീസിനോടും അദ്ദേഹം നിർദേശിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണെന്നും പരാതികളുമായി എത്തിയവരെ കാണാനാണ് താൽപര്യമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്. അവലോകന യോഗത്തിന് പിന്നാലെ പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങളും കൈപ്പറ്റി.

അതേസമയം, നിലമ്പൂരിലെ മഴക്കെടുതി ബാധിച്ച മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. വിമാനം നൽകിയ കേലചന്ദ്ര ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൽനിന്ന് 19,88,595 രൂപയുടെ ബിൽ ചിപ്സൺ ഏവിയേഷനിലേക്ക് നൽകിയെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ ഈ തുക ചിപ്സൺ ഏവിയേഷൻ അടച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് സ്‌പോൺസർഷിപ്പ് സംവിധാനം ഉപയോഗിക്കുന്നതെന്നും സ്‌പോൺസർഷിപ്പ് നൽകുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് വെളിപ്പെടുത്തേണ്ട സാഹചര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നേരത്തെയുള്ള പ്രതികരണം.

ഇതിനിടെ, മുൻ സർക്കാരിന്റെ കാലത്ത് പ്രതിമാസം 80 ലക്ഷം രൂപ നിരക്കിൽ ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിരുന്നതും ചർച്ചയായിട്ടുണ്ട്. കരാർ പിന്നീട് അവസാനിച്ചെങ്കിലും അത് പുതുക്കണമെന്നാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷ ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലാണെന്നാണ് വിവരം. സർക്കാരുമായി കരാർ പുതുക്കാനുള്ള അപേക്ഷ പരിഗണനയിലിരിക്കെ ബന്ധപ്പെട്ട സ്ഥാപനത്തിൽനിന്ന് സൗജന്യമായി യാത്രാസൗകര്യം സ്വീകരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനത്തിന് തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

English Summary

Chief Minister VD Satheesan declined to comment on his controversial chartered flight journey after an Idukki review meeting, reacting angrily to journalists. The controversy involves his use of a flight for a Nilambur visit, with questions arising over its sponsorship by a company whose contract renewal application is reportedly pending with the government.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN, LATESTNEWS, KERALANEWS, IDUKKI, CHARTED FLIGHT CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA