തിരുവനന്തപുരം : വാഹന ഉടമകളെ ലക്ഷ്യമിട്ട് യഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഇചെല്ലാൻ വിവരങ്ങൾ ഉൾപ്പെടുത്തി വ്യാജ എസ്.എം.എസ് അയച്ച് പണം അപഹരിക്കുന്ന പുതിയ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് .
വാഹന ഉടമകളുടെ ചെല്ലാൻ വിവരങ്ങൾ ഉപയോഗിച്ച് യഥാർത്ഥ സർക്കാർ സംവിധാനത്തിൽ നിന്ന് അയച്ച സന്ദേശമാണെന്ന് തോന്നിക്കുന്ന തരത്തിൽ അപകടകരമായ ലിങ്ക് ഉൾപ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈൽ നമ്പരുകളിൽ നിന്ന് ഉടമകളുടെ മൊബൈൽ നമ്പരിലേക്ക് അയയ്ക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. എസ്.എം.എസ് വഴി ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോൾ ഔദ്യോഗിക മോട്ടോർ വാഹന വകുപ്പിന്റെ ചെല്ലാൻ പോർട്ടലിന് സമാനമായ വ്യാജ വെബ്‌സൈറ്റ് പ്രദർശിപ്പിക്കുകയും വാഹന രജിസ്‌ട്രേഷൻ നമ്പർ നൽകാനും ആവശ്യപ്പെടുകയും ചെയ്യും.
രജിസ്‌ട്രേഷൻ നമ്പർ ലഭിച്ചതിനുശേഷം'ഇന്റേർണൽ സെക്യൂരിറ്റി റിവ്യൂ' എന്ന പേരിലുള്ള ഒരു ഡയലോഗ് ബോക്സ് പ്രദർശിപ്പിക്കുകയും അതിൽ വാഹന രജിസ്‌ട്രേഷൻ നമ്പർ കാണിക്കുന്നു. തുടർന്ന് വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനായി ഔദ്യോഗിക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതിലെ 'യെസ് ' ഓപ്ഷൻ സെലക്ട് ചെയ്യുന്നതോടെ അപകടകരമായ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ ഉപയോക്താവിൽ നിന്ന് ഫോണിന്റെ നിയന്ത്രണം നേടിയെടുക്കാനുള്ള വിവിധ പെർമിഷനുകൾ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള പെർമിഷൻ അനുവദിച്ചാൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാനും അതിലെ വിലപിടിപ്പുള്ള വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇചെല്ലാൻ, ട്രാഫിക്ക് ഫൈൻ, വാഹന വെരിഫിക്കേഷൻ, കെ.വൈ.സി, റീ ഫണ്ട്, ആർ.ടി.ഒ/എം.വി.ഡി സേവനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി എസ്.എം.എസ്, വാട്സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ മറ്റേതെങ്കിലും മെസേജ് പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്.
ചെല്ലാൻ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക എം.വി.ഡി/പരിവാഹൻ/ഇചെല്ലാൻ വെബ്‌സൈറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ സേവനത്തിന്റെ ഔദ്യോഗിക ആപ്പ്/പോർട്ടൽ വഴി മാത്രം പരിശോധിക്കുക. എസ്.എം.എസിൽ ലഭിക്കുന്ന ലിങ്ക് നേരിട്ട് തുറക്കുന്നതിനുപകരം ഔദ്യോഗിക വെബ്‌സൈറ്റിൽ സ്വയം ടൈപ്പ് ചെയ്ത് തുറക്കുക.
വാഹന രജിസ്‌ട്രേഷൻ നമ്പർ നൽകിയതിനുശേഷം 'ഇന്റേർണൽ റിവ്യൂ', 'പെൻഡിംഗ് വെരിഫിക്കേഷൻ', 'ഇൻസ്റ്റാൾ ആപ്പ് ടു ക്ലിയർ ചെല്ലാൻ'എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ വന്നാൽ അത് സംശയാസ്പദമായി കാണുക. ഔദ്യോഗിക ചെല്ലാൻ പേയ്‌മെന്റ്/ വെരിഫിക്കേഷൻ സേവനങ്ങൾക്കായി പുറത്ത് നിന്ന് എ.പി.കെ ഇൻസ്റ്റാൾ ചെയ്യേണ്ട സാഹചര്യം സാധാരണയായി ഉണ്ടാകാറില്ല.
അഥവാ ഇത്തരം എ.പി.കെ ഇൻസ്റ്റാൾ ചെയ്തതായി സംശയമുണ്ടെങ്കിൽ ഉടൻ തന്നെ മൊബൈൽ ഫോണിന്റെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും സംശയാസ്പദമായ ആപ്ലിക്കേഷനുകൾ എത്രയും വേഗം അൺ ഇൻസ്റ്റാൾ ചെയ്യുകയും തുടർന്ന് ഫോൺ റീ സെറ്റ് ചെയ്യുകയും ചെയ്യുക.
യു.പി.ഐ / മറ്റ് പേയ്‌മെന്റ് സേവനങ്ങൾ, ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ, അടുത്ത് നടന്ന ഇടപാടുകൾ എന്നിവ പരിശോധിക്കുക. മറ്റൊരു സുരക്ഷിത ഡിവൈസ് ഉപയോഗിച്ച് ബാങ്കിംഗ്/ഇമെയിൽ/സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പാസ് വേഡുകൾ മാറ്റുകയും തൽസ്ഥിതി പരിശോധിക്കുകയും ചെയ്യുക.
ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |