SignIn
Kerala Kaumudi Online
Sunday, 20 September 2026 10.46 PM IST

കൂലിപ്പണിക്കാരൻ വിപിൻ ഇനി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി

READ ENGLISH VERSION

vipin
ലൊകുത്തര പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിപിന് നൽകിയ യാത്ര അയപ്പ്

vipin
ലൊകുത്തര പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിപിന് നൽകിയ യാത്ര അയപ്പ്

കൊച്ചി: ചെറുപ്രായത്തിലെ അമ്മയെ നഷ്ടപ്പെട്ടു. അച്ഛൻ ഉപേക്ഷിച്ചുപോയി. തണലായുണ്ടായിരുന്ന ചേട്ടനുംചേച്ചിയും ജീവിതവഴികളിലേക്ക് തിരിഞ്ഞു. പിന്നീടിങ്ങോട്ട് വലിയമ്മ ലക്ഷ്മിയുടെ കരുതലിൽ. നിലമ്പൂർ കരുളായി സ്വദേശിയും അരനാടൻ ഗോത്ര അംഗവുമായ പി.വിപിൻ എന്ന 20കാരൻ അനുഭവിച്ച യാതനകൾ ചെറുതല്ല. പാതിവഴിയിൽ മുടങ്ങിയ പഠനം പൊടിതട്ടിയെടുത്ത് വിപിൻ ഇപ്പോൾ എത്തിനിൽക്കുന്നത് മഹാരാഷ്ട്ര തുൾജാപ്പൂരിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ. പഠിക്കേണ്ട പ്രായത്തിൽ റബർ വെട്ടാനും കൃഷിപ്പണിക്കും വീട്ടുപണിക്കും പോയിരുന്ന ഈ യുവാവ്, ഇന്നുമുതൽ ബിരുദ വിദ്യാർത്ഥിയാകും.

പഠനം മുടങ്ങിയവരെ സഹായിക്കുന്ന മാവേലിക്കര ആസ്ഥാനമായ ലൊകുത്തര ലീഡർഷിപ്പ് അക്കാഡമി എന്ന സംഘടനയുടെ കൈത്താങ്ങിലാണ് പാതിവഴിയിൽ നിലച്ച പഠനവഴി വിപിൻ തിരിച്ചുപിടിച്ചത്. നാട്ടിലെ ട്രൈബൽ പ്രൊമോട്ടറായ സുരേഷ് ബാബുവാണ് വിപിനെ കണ്ടെത്തി ലൊകുത്തറയിലെത്തിച്ചത്. താമസത്തിനും ഭക്ഷണത്തിനും പഠനത്തിനും പണം വേണ്ടിയിരുന്നില്ല. ഡയറക്ടറായ അരുൺ ലൊകുത്തരയുടെ പ്രോത്സാഹനത്തിൽ പഠനം പുനരാരംഭിച്ചു. മലയാളം പോലും പഠിച്ചത് അവിടെ നിന്നാണെന്ന് വിപിൻ പറയുന്നു.

പുസ്തകം വീണ്ടും തുറന്നു

നാഷണൽ ഓപ്പൺ സ്കൂൾ സംവിധാനത്തിലൂടെ ആറുമാസത്തെ പ്ലസ് ടു തുല്യതാ കോഴ്സ് വിജയിച്ചു. നാഗ്പൂരിലെ നാഗാർജുന ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ നേടി. ബുദ്ധിസവും സോഷ്യൽ വർക്കുമായിരുന്നു വിഷയം. പ്രവേശന പരീക്ഷയെഴുതി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബി.എസ്.ഡബ്ല്യുവിനു പ്രവേശനം നേടി. പിന്നാലെ, സ്വപ്നമായിരുന്ന ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിൽ പ്രവേശനം ലഭിച്ചു. ഇന്നലെ തുൾജാപ്പൂരിലേക്ക് യാത്രയായി. സിന്ധു- ചാത്തൻ ദമ്പതികളുടെ മക്കളിൽ ഇളയവനാണ് വിപിൻ. വിഷ്ണു, വിനീത എന്നിവരാണ് സഹോദരങ്ങൾ.

സോഷ്യൽ വർക്കറാകണം എന്നാണ് ആഗ്രഹം. തിരിച്ച് ലൊകുത്തരയിലെത്തണം. എന്നെപ്പോലെ പഠനം മുടങ്ങിയ ഒരുപാട് കുട്ടികൾ പാർശ്വവത്കൃത സമൂഹത്തിലുണ്ട്. അവരെ സഹായിക്കണം.

-വിപിൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIPIN TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA