SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.16 AM IST

പ്രതിപക്ഷ ഉപനേതാവ് സ്ഥാന ഗുലുമാൽ ഉടക്ക് പെരുത്ത് എൽ.ഡി.എഫ്

READ ENGLISH VERSION
d

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ എൽ.ഡി.എഫിനുള്ളിൽ പരസ്യപ്പോര് മുറുകി. എല്ലാം താനാണെന്ന പിണറായിയുടെ ഭാവം ശരിയല്ലെന്ന് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻമൊകേരി വിമർശിച്ചു. സ്ഥാനമാനങ്ങൾക്കുവേണ്ടി കോൺഗ്രസിനോടൊപ്പം ചേർന്ന പാരമ്പര്യമാണ് സി.പി.ഐയ്ക്കുള്ളത് എന്നായിരുന്നു സി.പി.എം നേതാവ് വി.ശിവൻകുട്ടിയുടെ വിമർശനം.

ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ ചേരുന്ന മുന്നണിയിൽ, എല്ലാം താനാണ് എന്ന ഭാവം കൂട്ടായ പ്രവർത്തനത്തിന് സഹായകരമല്ലെന്നാണ് സത്യൻ മൊകേരിയുടെ വിമർശനം. പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയിൽ തീരുമാനിക്കാൻ കഴിയില്ല. പ്രതിപക്ഷ നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കരുതെന്നും 'കൂട്ടായ നേതൃത്വമാണ് എൽ.ഡി.എഫിന്റെ അന്തഃസത്ത' എന്ന ലേഖനത്തിൽ സത്യൻമൊകേരി പറയുന്നു.

ഇതിനു പിന്നാലെയാണ് വി.ശിവൻകുട്ടി സി.പി.ഐയെ രൂക്ഷമായി വിമർശിച്ചത്. ലേഖനത്തിലൂടെ സി.പി.ഐ രാഷ്ട്രീയ മര്യാദ ലംഘിച്ചെന്നും പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന സമീപനമാണ് ഇതെന്നുമാണ് ശിവൻകുട്ടിയുടെ വിമർശനം. പിണറായി സ്വീകരിച്ച നിലപാട് ജനാധിപത്യപരമാണ്. പ്രായോഗിക രാഷ്ട്രീയ സാഹചര്യം വച്ചാണ് തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടി നൽകേണ്ടെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, പിണറായി വിജയനെ വിമർശിച്ച് ജനയുഗത്തിൽ ലേഖനം വന്നതോടെ, ഈ നിലപാട് മാറ്റിയെന്നാണ് ശിവൻകുട്ടിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്. പിണറായിയുടെ പ്രസ്താവനയിലുള്ള അതൃപ്തി സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA