
ആലപ്പുഴ: നെല്ല് സംഭരിച്ച പണം അക്കൗണ്ടിലെത്താത്തതിനാൽ, കൃഷി ചെയ്യാൻ മാത്രമല്ല ഓണമുണ്ണാനും കടം വാങ്ങി കർഷകർ. ഓണത്തിന് മുന്നോടിയായി സപ്ളൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിൽ പണം എത്തിക്കാൻ ശ്രമിച്ചെങ്കിലും, 264 കോടി രൂപ ഇനിയും കിട്ടാനുണ്ട്.
മഴക്കെടുതികളിൽ വൻകൃഷിനാശത്തിനിടെ ഒന്നാംവിളയുടെ നെല്ലിന്റെ പരിപാലനത്തിനുപോലും പണമില്ല . നെല്ലുസംഭരണത്തിന് റിവോൾവിംഗ് ഫണ്ടുറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി 100 ദിനമാകുമ്പോഴും കഴിഞ്ഞ സീസണിലെ നെല്ലിന്റെ വിലയും കൊടുത്തുതീർക്കാനായില്ല.
ഓണത്തിന് മുന്നോടിയായി നെൽവില ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. 13,057 കർഷകരുടെ അക്കൗണ്ടിലേക്ക് 96 കോടി രൂപ തിങ്കളാഴ്ച നേരിട്ടു നൽകിയെന്നും അവകാശപ്പെട്ടിരുന്നു. മിക്കവർക്കും പണം ലഭിച്ചിട്ടില്ല. 18,978 കർഷകർക്കാണ് പണം കിട്ടാനുളളത്. ബാങ്കിംഗ് കൺസോർഷ്യം മുഖേന പി.ആർ.എസ് വായ്പയായാണ് നെല്ലുവില നൽകുന്നത്. ഈ രീതിയിൽ ഭൂരിഭാഗം കർഷകർക്കും ഓണത്തിനു മുമ്പ് പണം ലഭ്യമാക്കാനാവില്ലെന്ന വിലയിരുത്തലിലാണ് നേരിട്ട് അക്കൗണ്ടിലേക്ക് നൽകിയത്.
പണം കൈമാറാൻ സപ്ളൈകോയ്ക്ക് കഴിഞ്ഞില്ല
പി.ആർ.എസ് രസീത് പ്രകാരം വായ്പാ പ്രോസസ് ആരംഭിച്ച കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറാൻ സപ്ളൈകോയ്ക്ക് കഴിയാതിരുന്നതാണ് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സർക്കാരിന്റെ പ്രോത്സാഹനബോണസും കേന്ദ്രത്തിന്റെ താങ്ങുവിലവിഹിതവും ചേർത്ത് സപ്ളൈകോയ്ക്ക് കൈമാറിയാണ് പണം ലഭ്യമാക്കാൻ ശ്രമിച്ചത്. എന്നാൽ, ഈ തുക മുൻകാലവായ്പയുടെ തിരിച്ചടവായി കൺസോർഷ്യം ബാങ്കുകളിലേക്ക് നൽകി അവിടെനിന്ന് ആനുപാതികതുക വായ്പയായി അനുവദിച്ചാലേ പി.ആർ.എസ് വായ്പാലിസ്റ്റിലെ കർഷകർക്ക് പണം നൽകാനാകൂ. ബാങ്ക് അവധിയായതിനാൽ ഓണത്തിന് ശേഷമേ പണമെത്തൂവെന്നാണ് സപ്ളൈകോയുടെ വിശദീകരണം.
നെല്ലുസംഭരണം(2026-27)
കർഷകർ..................32,035
നെല്ല്......................5.87 ലക്ഷം മെട്രിക് ടൺ
കേന്ദ്രവിഹിതം..............1390.61 കോടി
സംസ്ഥാനം.................... 370.40 കോടി
പ്രോത്സാഹന ബോണസ്..........7.04കോടി
ആകെ..........................1768.05കോടി
കുടിശിക ..................264.26 കോടി
കർഷകനെ അവഗണിക്കുകയാണ്. ഓണം ആഘോഷിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല.
- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട് കർഷകകൂട്ടായ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |