
സുഡാനി ഫ്രം നൈജീരിയയിലൂടെ സ്നേഹത്തിന്റെ ഉമ്മ മുഖമായി ജീവിച്ച സാവിത്രി ശ്രീധരൻ
ഇനി ഓർമ്മ
''ഞങ്ങള് മമ്പുറം പള്ളിയിൽ പോവുവാ, വരുമ്പോൾ മോന് എണ്ണ കൊണ്ടുതരാം. ഉമ്മ വേഗം പോയി വരാം."" സുഡാനി ഫ്രം നൈജീരിയയിൽ ജമീല എന്ന ഉമ്മകഥാപാത്രത്തിലൂടെയാണ് പുതുതലമുറയ്ക്കു സാവിത്രി ശ്രീധരൻ പരിചിത. സൗബിൻ ഷാഹിർ അവതരിപ്പിച്ച മജീദിന്റെ ഉമ്മയായി സാവിത്രി ശ്രീധരൻ ജീവിക്കുക തന്നെ ചെയ്തു.അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കുന്നതാണ് രീതി എന്ന് സാവിത്രിയുടെ കഥാപാത്രങ്ങൾ പലകുറി നാടകത്തിലും തെളിയിച്ചതാണ്. സുഡാനി ഫ്രം നൈജീരിയയിൽ ഒപ്പം അഭിനയിച്ച സരസ ബാലുശേരി കലാപ്രവർത്തന രംഗത്ത് എന്നും സാവിത്രിയുടെ കൂട്ടുകാരിയായിരുന്നു. 'സാവിത്രി വന്നതുകൊണ്ടു ഞാനും പോന്നു" എന്നായിരുന്നു സരസ ബാലുശേരി അന്ന് വിശേഷിപ്പിച്ചത്.
സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശവും മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. കോഴിക്കോടൻ നാടകങ്ങളാണ് സാവിത്രി ശ്രീധരന്റെ കരുത്ത്. അഞ്ചു പതിറ്റാണ്ട് അരങ്ങിൽ .
കഥ പറഞ്ഞ് കേൾപ്പിച്ച
എ.കെ. ജി
എട്ടാമത്തെ വയസിൽ തിരുവണ്ണൂർ കോട്ടൺ മിൽ യൂണിയൻ വാർഷികം ഉദ്ഘാടനം ചെയ്യാൻ എ.കെ.ജി വന്നു. ആവേദിയിൽസാവിത്രിയുടെ നൃത്ത അരങ്ങേറ്രം. എന്നാൽ അതിനു മുൻപേ എ.കെ.ജിയെ അറിയാം. കേരളത്തിൽ കമ്യൂണിസ്റ്റ് വേട്ട വ്യാപകമായിരുന്ന നാൽപ്പതുകളിൽ എ.കെ. ജിയുടെയും കുഞ്ഞമ്പുവിന്റെ ഒളിവു ജീവിതം സാവിത്രിയുടെ വീട്ടിൽ ആയിരുന്നു. അച്ഛൻ അപ്പൂട്ടി തികഞ്ഞ കമ്യണിസ്റ്റായിരുന്നു. അന്ന് സാവിത്രിക്ക് എ.കെ. ജി കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു.1961ൽതുടങ്ങുന്നതാണ് നാടക ബന്ധം.വളയനാട് കലാസമിതിയുടെ 'കറുത്ത വെളിച്ചം" നാടകത്തിലൂടെ അരങ്ങേറ്റം. നൃത്തച്ചുവടുകളിൽനിന്ന് ചെറുപ്രായത്തിൽ നാടകത്തിലേക്ക് വന്നപ്പോൾ എതിർപ്പുകൾ ഉയർന്നു. അച്ഛന്റെ പ്രേരണയിലും അമ്മയുടെ പ്രോത്സാഹനത്തിലും മുന്നോട്ട് പോയി. പതിനാറാം വയസിൽ ശ്രീധരൻ എന്ന കലാസ്നേഹിയെ വിവാഹം കഴിച്ചതോടെ കലാപ്രവർത്തനം എളുപ്പമായി. എന്നാൽ ചെറുപ്രായത്തിൽ തന്നെ ഭർത്താവിനെ നഷ്ടപ്പെട്ട സാവിത്രി മൂന്നു മക്കളെയും കഷ്ടപ്പെട്ടു വളർത്തി. കുട്ട്യേടത്തി വിലാസിനിയുടെയും ശാന്താദേവിയുടെയും നാടകങ്ങൾ കണ്ട് അഭിനയവഴിയിലേക്ക് പൂർണമായും ഇറങ്ങി. പിന്നീട് അമച്വർ നാടകങ്ങളിൽ 20 വർഷം പ്രവർത്തിച്ചു.വർഷങ്ങൾക്കുശേഷം മികച്ച അമച്വർ നാടകനടിക്കുള്ള പുരസ്കാരം എ.കെ.ജിയുടെ കൈയിൽനിന്ന് വാങ്ങി. 1984ൽ കെ.ടി. മുഹമ്മദിന്റെ കലിംഗ തിയേറ്റേഴ്സിന്റെ 'ഇതു ഭൂമിയാണ്" എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് സജീവമായി.കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക സമിതികളിലൂടെ ആയിരക്കണക്കിന് നാടകങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1993ലും 1997ലും മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് നേടി. എം.ടിയുടെ കടവ് എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്താണ് വെള്ളിത്തിരയിൽ അരങ്ങേറ്റം. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പട തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
സാവിത്രി ശ്രീധരൻ വിടപറയുമ്പോൾ ബാക്കിയാവുന്നത് അനശ്വര കഥാപാത്രങ്ങൾ ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |