SignIn
Kerala Kaumudi Online
Saturday, 13 June 2026 8.38 PM IST

അവധിക്കാലത്തിന് വിട, പോകാം സ്കൂളിലേക്ക്..

d

അവധിക്കാലത്തിനു വിട. തിങ്കളാഴ്ച സ്കൂൾ തുറക്കും. പെരുവഴിയിലെ കരിയിലകൾ ചവിട്ടി ഇനി സ്കൂൾ മുറ്റത്തേക്ക്. പുത്തൻ പെയിന്റു മണം. സ്വാഗതം ചെയ്യാൻ ബലൂണുകൾ നിറഞ്ഞ പ്രവേശന കവാടം. യൂണിഫോമിന്റെ ഐശ്വര്യപൂർണമായ ദൃശ്യം. ചേങ്ങിലയിൽ കൊട്ടുവടി ഏൽക്കുമ്പോഴുള്ള മണിയടി ശബ്ദത്തിനായി ഇനി കാതോർക്കാം.

കടുത്ത വേനലിനുശേഷം,​ പുതുവസ്ത്രം നനയ്ക്കാനെത്തുന്ന മഴയിൽ പുതുമണ്ണിന്റെ സുഗന്ധം നുകർന്നുള്ള യാത്ര അനുഭൂതിയാണ്. വാഴയിലയും ചേമ്പിലയും ചൂടി അരയിൽ ഉറയ്ക്കാത്ത നിക്കറും പിടിച്ചുള്ള ഒരു ബാല്യകാലം കേരളത്തിനുണ്ടായിരുന്നു. പൊട്ടിയ സ്ലേറ്റും കോൽമഷിയും ഓർമ്മയായി. ബുക്കും പുസ്തകവും കുത്തിനിറച്ച അലുമിനിയം പെട്ടി,​ തോളിൽ തൂക്കി ഇടാവുന്ന സഞ്ചിക്ക് വഴി മാറി. വാഴയിലയും വലിയ ചേമ്പിലയും കുടയിലേക്കും മഴക്കോട്ടിലേക്കും വഴി മാറി. വിസിലടിക്കുന്ന കുടമുതൽ അഞ്ചായി മടക്കി ബാഗിൽ ഒതുക്കാവുന്ന കുടകളുമെത്തി.

വീട്ടിലെ പട്ടിണി മാറ്റാൻ സ്കൂളിലെ ഉപ്പുമാവു പൊതിഞ്ഞു വീട്ടിൽ കൊണ്ടുപോയിരുന്ന തലമുറ ഇല്ലാതായി. ഉപ്പുമാവും പാലും ഉച്ചക്കഞ്ഞിക്കു വഴിമാറിയത് വീണ്ടും മാറി ചോറും മുട്ടയും വെജിറ്റബിൾ ബിരിയാണിയിലുമെത്തി. എല്ലാത്തിനും വില കുതിച്ചു കയറിയതും ഉച്ച ഭക്ഷണത്തിന് സർക്കാർ നൽകുന്ന പണം ഒന്നിനും തികയാത്തത് സ്കൂൾ അടുക്കളയുടെ ചുമതലയുള്ള അദ്ധ്യാപകന്റെ ഉറക്കം കെടുത്തുമെങ്കിലും കുട്ടികളെയോർത്ത് കടം വാങ്ങിയും അടുക്കളയിൽ തീ പുകയ്ക്കുന്നവരുടെ പങ്കപ്പാടിനുമുണ്ട് വെളിച്ചെണ്ണയിൽ കടുകു വറുക്കുമ്പോൾ ഉയരുന്ന കറിയുടെ സുഗന്ധം.

ഓരോ സ്കൂൾ തുറക്കലും ഓർമ്മകൾ ഓടിക്കളിക്കുന്ന ഗൃഹാതുരത്വമാണ് നമുക്ക് സമ്മാനിക്കുന്നത്. കടുത്ത വേനൽ കണക്കിലെടുത്ത് മദ്ധ്യവേനൽ അവധിക്കാലം മാറ്റി മഴക്കാലത്ത് രണ്ടുമാസ അവധിക്കാലമായി മാറ്റാൻ കഴിഞ്ഞ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ആലോചിച്ച് പൊതുചർച്ച ആക്കിയെങ്കിലും വ്യാപകമായ എതിർപ്പ് ഉയർന്നതോടെ ഉപേക്ഷിച്ചു.

പുതിയ അദ്ധ്യയന വർഷത്തിൽ രക്ഷകർത്താക്കളുടെ കീശ കീറും വിധമാണ് ബുക്കിനും ബാഗിനും കുടയ്ക്കും യൂണിഫോമിനുമെല്ലാം വില വർദ്ധിച്ചത്. പെട്രോൾ,​ ഡീസൽ വില വർദ്ധിച്ചതോടെ സ്കൂൾ ബസുകളിലെയും സ്വകാര്യ വാഹനങ്ങളിലെ നിരക്കുകളിലും വർദ്ധനയുണ്ടാവും. ഇങ്ങനെ പരാതി പറയാൻ ഏറെയാണെങ്കിലും പുതിയ അദ്ധ്യയന വർഷം പുത്തൻ ഉടുപ്പിന്റെയും പുസ്തകങ്ങളുടെയും ഓർമ്മകൾക്ക് ബാല്യം പകരുന്ന വേറിട്ട സുഗന്ധം ഒന്നു വേറെ തന്നെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY