SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.44 AM IST

ഓപ്പറേഷൻ തൂഫാൻ: തുറന്നുകാട്ടുന്നു ലഹരിമാഫിയയുടെ പുതിയ മുഖങ്ങൾ

a

വിദ്യാർത്ഥികളെ ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും സമൂഹത്തിന് മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുകയും ചെയ്യേണ്ട അദ്ധ്യാപകർ തന്നെ ലഹരിക്കടത്തിന്റെ കണ്ണികളാകുന്നുവെന്ന വാർത്ത കേരളക്കരയാകെ ‌ഞെട്ടലോടെയാണ് കേട്ടത്. സമൂഹം ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന തൊഴിൽമേഖലകളെയും വ്യക്തികളെയും ലഹരിമാഫിയ എങ്ങനെ തങ്ങളുടെ സുരക്ഷിത മറയാക്കി മാറ്റുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണം കൂടിയാണ് വടകരയിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് മൂന്ന് അദ്ധ്യാപികമാരെ പൊലീസ് പിടികൂടിയത്.

പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അദ്ധ്യാപിക കീർത്തന, ചെരുവാളൂർ സ്കൂളിലെ അദ്ധ്യാപിക കാവ്യ, പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അദ്ധ്യാപിക ആവള കുട്ടോത്ത് സ്വദേശി നീഷ്മ എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് നീഷ്മയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ഓരോ ദിവസവും ലഹരി ശൃംഖലയുടെ പുതിയ മുഖങ്ങളെയാണ് തുറന്നു കാട്ടുന്നത്. ആ മുഖങ്ങളിൽ ഇപ്പോൾ അദ്ധ്യാപകരും ഇടംപിടിക്കുന്നുവെന്നത് വിദ്യാഭ്യാസ മേഖലയെയും സമൂഹത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന യാഥാർഥ്യമാണ്.

അദ്ധ്യാപനത്തിന്റെ മറവിൽ ലഹരിക്കടത്ത്

കോഴിക്കോട്ടെ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മരുതോങ്കര സ്വദേശിനി കെ.സി. കീർത്തനയും കൂരാച്ചുണ്ട് സ്വദേശിനി കെ. കാവ്യയുമാണ് കഴിഞ്ഞ ദിവസങ്ങളിലായി ലഹരിമരുന്ന് ഇടപാട് കേസിൽ കേസിൽ അറസ്റ്റിലായത്. ഇന്നലെ ഇരുവരുടേയും സുഹൃത്തായ പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ് അദ്ധ്യാപിക കൂടിയായ ആവള കുട്ടോത്ത് സ്വദേശി നീഷ്മയേയും പൊലീസ് പിടികൂടി. രണ്ടാഴ്ച മുമ്പ് എം.ഡി.എം.എയുമായി റിസ്വാനെ വടകര പൊലീസ് പിടികൂടിയതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ലഹരി ഇടപാടിന്റെ സാമ്പത്തിക ശൃംഖല അദ്ധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് നീങ്ങിയതായി കണ്ടെത്തിയത്. ആദ്യം കീർത്തനയെയും പിന്നീട് സഹപ്രവർത്തകയും അടുത്ത സുഹൃത്തുമായ കാവ്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ജില്ലാ സർവശിക്ഷാ അഭിയാന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (ബി.ആർ.സി)​ ചെറൂവാളൂർ ഗവ. എൽ.പി സ്കൂളിനോടു ചേർന്നുള്ള ഓട്ടിസം സ്കൂളിലാണ് കാവ്യ പഠിപ്പിച്ചിരുന്നത്. കീർത്തന മറ്റൊരു സ്കൂളിലും. ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ഇവർക്ക് ജോലി. അദ്ധ്യാപനം മറയാക്കിയായിരുന്നു ഇരുവരുടേയും ലഹരിക്കച്ചവടം.

ക്യൂ.ആർ കോഡും മണി മ്യൂൾ അക്കൗണ്ടുകളും

എം.ഡി.എം.എ ഇടപാടിനായി ക്യൂ.ആർ കോഡിലൂടെയായിരുന്നു കീർത്തന പണം സ്വീകരിച്ചിരുന്നത്. 2000 രൂപയാണ് ഒരു ഇടപാടിന് ഈടാക്കുന്നത്. പണം കിട്ടിയാലുടൻ ലഹരി ഒളിപ്പിച്ചിരിക്കുന്ന ലോക്കേഷൻ അയച്ചുകൊടുക്കും. അവിടെ എത്തുന്നവർക്ക് മറ്റൊരാൾ എം.ഡി.എം.എ കൈമാറും. അക്കൗണ്ടിൽ വൻതുക ആകുന്നതോടെ കീർത്തന അത് കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കും. കാവ്യയുടെ അക്കൗണ്ടിലേക്ക് നേരിട്ടും പണമെത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി.ചില സമയങ്ങളിൽ 2000 രൂപയേക്കൾ കൂടുതൽ തുക അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. കേസിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചിട്ടുണ്ട്. ഇവ‌ർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്നാണ് കണ്ടെത്തൽ.തുടക്കത്തിൽ രണ്ടുപേർക്കും ഇവർ വഴി എം.ഡി.എം.എ. ലഭിച്ചു. പിന്നീട് വിൽപ്പനയിലെ കണ്ണികളായിമാറി. ഇതിന് കമ്മിഷനും കിട്ടിയിരുന്നു.മാത്രമല്ല ഇടപാടുകാർ കീർത്തനയുടെയും കാവ്യയുടെയും അക്കൗണ്ടിലേക്ക് അയക്കുന്ന പണം ഇവർ സ്വന്തം ആവശ്യത്തിനും ചെലവഴിച്ചിരുന്നു. കാവ്യയുടെയും കീർത്തനയുടെയും അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്തി ഇവർക്ക് വൻകിട മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോയന്ന് അന്വേഷിക്കുകയാണ് സംഘം.

അദ്ധ്യാപകർ പ്രതിക്കൂട്ടിലാകുമ്പോൾ

കേസിലെ ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം അദ്ധ്യാപകരുടെ പങ്കാണ്. കുട്ടികൾക്ക് ജീവിതമൂല്യങ്ങളും ശരിയായ വഴിയും കാണിച്ചുകൊടുക്കേണ്ടവരാണ് അദ്ധ്യാപകർ. ലഹരിക്ക് എതിരെ ബോധവത്കരണം നടത്തേണ്ടവരാണ് സമൂഹം പ്രതീക്ഷിക്കുന്നത്. അത്തരത്തിലുള്ളവരുടെ പേരുകൾ തന്നെ ലഹരിക്കടത്ത് കേസിൽ പ്രതിപ്പട്ടികയിൽ വരുന്നത് ഒരു ക്രിമിനൽ കേസ് മാത്രമല്ല, സമൂഹത്തിന്റെ വിശ്വാസത്തിനേറ്റ വലിയ തിരിച്ചടിയുമാണ്. അദ്ധ്യാപകരെ മാതൃകയാക്കിയാണ് പല വിദ്യാർത്ഥികളും വളരുന്നത്. അതുകൊണ്ടുതന്നെ അദ്ധ്യാപകരെ ലഹരിമാഫിയ തങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്നുവെന്ന കണ്ടെത്തൽ ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്.

മാറുന്ന ലഹരിമാഫിയയുടെ തന്ത്രം

കീർത്തന വിവിധ സ്കൂളുകളിൽ സ്പെഷ്യൽ കായിക അധ്യാപികയായും കാവ്യ ഓട്ടിസം സ്കൂളിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായും പ്രവർത്തിച്ചവരാണ്. 2022-ൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാവ്യയുടെ ചികിത്സയ്ക്കായി വിവിധ ബി.ആർ.സി.കളിലെ അധ്യാപകർ പിരിവെടുത്ത് സഹായിച്ചിരുന്നു. പിന്നീട് വിലകൂടിയ ആഡംബര കാർ വാങ്ങിയതും സഹപ്രവർത്തകരിൽ സംശയം ഉണ്ടാക്കുകയും ചെയ്തിരുന്നു.

മുൻപ് തെരുവ് സംഘങ്ങളെയോ സ്ഥിരം കുറ്റവാളികളെയോ ആശ്രയിച്ചിരുന്ന ലഹരിമാഫിയ ഇന്ന് അദ്ധ്യാപകർ, ആരോഗ്യപ്രവർത്തകർ, വിദ്യാർത്ഥികൾ, മറ്റ് പ്രൊഫഷണലുകൾ തുടങ്ങി സമൂഹത്തിൽ വിശ്വാസ്യതയുള്ള ആളുകളെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന പുതിയ തന്ത്രമാണ് സ്വീകരിക്കുന്നത്.

തുടരണം ഓപ്പറേഷൻ തൂഫാൻ

ഓപ്പറേഷൻ തൂഫാനിന്റെ ഏറ്റവും വലിയ നേട്ടം ചെറിയ അളവിൽ ലഹരിയുമായി പിടിയിലാകുന്നവരിൽ അന്വേഷണം അവസാനിപ്പിക്കാതെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ ഇടപാടുകളും ഫോൺ രേഖകളും പരിശോധിച്ച് പിന്നിലെ ശൃംഖലയിലേക്ക് എത്തുന്നതാണ്. ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിനേക്കാൾ അതിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെ മാത്രം ഉത്തരവാദിത്തമല്ല. വിദ്യാഭ്യാസ വകുപ്പും സ്കൂൾ അധികൃതരും കുടുംബങ്ങളും സമൂഹവും ഒരുപോലെ ജാഗ്രത പാലിക്കണം. ലഹരിക്ക് തടയിടേണ്ടവർ തന്നെ അതിന്റെ ഭാഗമാകുന്ന സാഹചര്യം ഒരു നിയമലംഘനം മാത്രമല്ല, സമൂഹം അവരിൽ അർപ്പിച്ച വിശ്വാസത്തോടുള്ള വഞ്ചന കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY