
സ്വാശ്രയ കോളേജ് അദ്ധ്യാപകർക്കെല്ലാം യു.ജി.സി യോഗ്യത നിർബന്ധമാക്കിയ കണ്ണൂർ സർവകലാശാലയുടെ സർക്കുലറിനെ തുടർന്ന് കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മുഴുവൻ അദ്ധ്യാപകർക്കും നെറ്റ് യോഗ്യതയുണ്ടെങ്കിൽ മാത്രമേ അഫിലിയേഷൻ നൽകാൻ പാടുള്ളൂവെന്ന് യു.ജി.സി നിഷ്‌ക്കർഷിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി കണ്ണൂർ സർവകലാശാല സ്വാശ്രയ കോളജുകൾക്ക് അഫിലിയേഷൻ നിഷേധിക്കുന്നുവെന്ന് ആക്ഷേപിച്ച് സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.അദ്ധ്യാപകർക്ക് യു.ജി.സി. യോഗ്യതയായ നെറ്റോ പിഎച്ച്.ഡിയോ ഇല്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുമെന്ന ഉത്തരവ് കർശനമായി നടപ്പാക്കാനാണ് സർവ്വകലാശാലയുടെ നീക്കം. ഇതോടെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഫീസിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്.
കണ്ണൂർ സർവകലാശാല നാക് ബി ഗ്രേഡ് ആണെന്നിരിക്കെ സ്വാശ്രയ കോളജുകളിൽ നാക് എ ഗ്രേഡ് ലഭിച്ച നിരവധി കോളേജുകളുമുണ്ട്. ഇവയ്ക്കൊന്നും തന്നെ അഫിലിയേഷൻ നൽകാൻ സർവകലാശാല അധികൃതർ തയാറായിട്ടില്ല. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ മാത്രമാണ് ഇത്തരത്തിൽ അഫിലിയേഷൻ നൽകാൻ സാധിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്നും സ്വാശ്രയ കോളജുകളെ തകർക്കുന്ന സമീപനമാണ് ഇതെന്നും സ്വാശ്രയ കോളജ് മാനേജ്മെന്റ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിലവിൽ ജില്ലയിൽ മൂന്നോളം സ്വാശ്രയ കോളജുകളിലെ അദ്ധ്യാപകരെ പിരിച്ചുവിട്ടു കഴിഞ്ഞു. ഇവർക്ക് ഗ്രാറ്റുവിറ്റി പോലും നൽകിയിട്ടില്ല. ഏകജാലക സംവിധാനത്തിൽ പ്രവേശനം നേടാൻ സാധിക്കാത്ത കോളേജുകൾ പുറത്ത് പോകുന്നത് ഈ മേഖലയിൽ ഗുരുതരമായ തൊഴിൽ പ്രതിസന്ധിയും കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലേക്കുള്ള പ്രത്യാഘാതമുണ്ടാക്കുമെന്നും ഈ മേഖലയിലുള്ളവരും പറയുന്നു. യു.ജി.സി നെറ്റ് യോഗ്യത പറഞ്ഞ് ദീർഘകാലമായി പ്രവർത്തിക്കുന്ന അദ്ധ്യാപകരെ പിരിച്ചു വിടാനുള്ള നീക്കം അയൽ സംസ്ഥാന സ്വാശ്രയ കോളജുകളെ സഹായിക്കാനാണെന്ന ആരോപണമാണ് സെൽഫ് ഫിനാൻസ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഉന്നയിക്കുന്നത്. കണ്ണൂർ സർവകലാശാല സ്വാശ്രയ കോളജുകളിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർക്ക് സമയ പരിധി അനുവദിക്കാത്തതിൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ മൂവായിരത്തോളം അദ്ധ്യാപകരാണ് വഴിയാധാരമായിട്ടുള്ളത്.
കണ്ണൂർ സർവകലാശാലയിൽനിന്ന് എല്ലാ കോളേജുകളിലേക്കും അയച്ചിരിക്കുന്ന പുതിയ സർക്കുലറിൽ അദ്ധ്യാപകർക്ക് യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കോളേജിലെ ഒരു പഠനവകുപ്പിൽ പത്തുപേർ ഉണ്ടെങ്കിൽ പത്ത് പേർക്കും മതിയായ യോഗ്യത ഉണ്ടായിരിക്കണമെന്നാണ് സർക്കുലറിലുള്ളത്. അങ്ങനെയല്ലാത്ത പക്ഷം സ്വാഭാവികമായും ആ പഠനവകുപ്പ് വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമിന്റെ അഫിലിയേഷൻ റദ്ദാക്കപ്പെടും. അങ്ങനെ വരുമ്പോൾ ഏകജാലക സംവിധാനത്തിൽ അതത് കോളേജുകളിലെ നിർദ്ദിഷ്ട കോഴ്സുകൾ ലഭ്യമാകില്ല. അതിനാൽ വിദ്യാർത്ഥികൾക്ക് ആ കോഴ്സ് തിരഞ്ഞെടുക്കാനും കഴിയില്ല. ഇത് സ്വാശ്രയ കോളേജുകളുടെയും ബിരുദ, പി.ജി പ്രവേശനത്തെ പൂർണമായും ബാധിക്കും. അതിനാൽ നിലവിലുള്ള അദ്ധ്യപകരെ താത്ക്കാലികമായി പിരിച്ചുവിട്ടുകൊണ്ട് നെറ്റ് യോഗ്യതയുള്ളവരെ നിയമിക്കാൻ കോളേജ് മാനേജ്മെന്റ് നിർബന്ധിതമാകും. ഇത് സംഭവിക്കാതിരിക്കണമെങ്കിൽ ഗവർണറുടെ ഓഫീസിൽ നിന്ന് അദ്ധ്യാപകർക്ക് യോഗ്യത നേടിയെടുക്കാൻ കൂടുതൽ സമയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങണം.
ചാൻസലറായ ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് കണ്ണൂർ സർവകലാശാലാ അദ്ധ്യാപകർക്ക് യു.ജി.സി യോഗ്യത നിർബന്ധമാക്കി ഉത്തരവിറക്കിയത്. ഗവർണർ അയച്ച സർക്കുലറിന്റെ സമ്മർദ്ദത്തിലായിരുന്നു ഈ നടപടി. സർക്കുലർ നടപ്പാക്കുന്ന കാര്യത്തിൽ സർവകലാശാലാ ചാൻസലറുടെ ഓഫീസിനോട് തുടർനിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. ചാൻസലറുടെയും സംസ്ഥാന സർക്കാരിന്റെയും തീരുമാനങ്ങൾക്ക് വിധേയമായിട്ടായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്നാണ് കണ്ണൂർ സർവകലാശാലയുടെ മറുപടി. ഈ കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ എന്നിവർക്ക് അദ്ധ്യാപകർ പരാതി നൽകിയിട്ടുണ്ട്. മാനുഷികതലത്തിൽ വിഷയത്തെ സമീപിക്കണമെന്നും സർക്കുലർ നടപ്പാക്കിയാൽ മൂവായിരത്തിലേറെ അദ്ധ്യാപകർ പെരുവഴിയിലാകുമെന്നും നെറ്റ്, പിഎച്ച്.ഡി യോഗ്യത നേടാൻ അദ്ധ്യാപകർക്ക് നിശ്ചിത കാലയളവ് അനുവദിക്കണമെന്നുമാണ് സെൽഫ് ഫിനാൻസിംഗ് കോളേജ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്.
അദ്ധ്യാപകർക്ക് കുരുക്ക്
കഴിഞ്ഞ വർഷം നവംമ്പർ 17ന് സ്വാശ്രയ കോളജുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് നെറ്റ് നിർബന്ധമാക്കി കൊണ്ട് ഗവർണർ ഉത്തരവിറക്കിയിരുന്നു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ അദ്ധ്യാപകരെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. ഉത്തരവുമായി ബന്ധപ്പെട്ട് സ്വാശ്രയ കോളജ് മാനേജ്മെന്റ് ഭാരവാഹികൾ സർക്കാരുമായി ചർച്ച നടത്തുകയും തത്ഫലമായി 2018ന് മുമ്പ് കോളേജിൽ നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് നെറ്റ് യോഗ്യത ഇല്ലെങ്കിലും നിലനിർത്താമെന്നും 2018ന് ശേഷം ജോയിൻ ചെയ്തവർക്ക് നിബന്ധന ബാധകമാക്കിയാൽ മതിയെന്നും ധാരണയുണ്ടാക്കി. കേരളത്തിലെ മറ്റുള്ള എല്ലാ സർവകലാശാലകളും അതനുസരിച്ച് മുന്നോട്ട് പോയപ്പോൾ കണ്ണൂർ സർവകലാശാലയ മാത്രം അംഗീകരിക്കാത്ത നിലപാട് സ്വീകരിക്കുകയാണ്. ജില്ലയിലെ 108ഓളം വരുന്ന കോളേജുകളിൽ 86 കോളേജുകളും സ്വാശ്രയ കോളേജുകളാണ്. ഇവിടങ്ങളിൽ 3000ഓളം അദ്ധ്യാപകർ ജോലിചെയ്യുന്നുണ്ട്. 2018ന് മുമ്പുള്ള 60 ശതമാനത്തോളം പേർ നെറ്റ് യോഗ്യതയില്ലാത്തവരാണ്. 30 വർഷമായി അദ്ധ്യാപക മേഖലയിൽ ജോലിചെയ്യുന്നവർക്ക് ഇനി നെറ്റ് എഴുതാൻ സാധിക്കാത്ത സാഹചര്യമുണ്ട്. പെട്ടെന്ന് ജോലിയിൽ തുടരാൻ കഴിയില്ലെന്ന് പറയുമ്പോൾ ഇനി മുന്നോട്ട് എന്ത് എന്നാണ് ഇവർ ചോദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |