
മാറിയ കാലത്തിന് അനുസരിച്ചുള്ള ഭക്ഷണശൈലി മനുഷ്യജീവിതത്തിൽ വലിയ വെല്ലുവിളി ഉയർത്തുകയാണ്. ക്യാൻസർ എന്ന വിപത്തിന് അത് പലപ്പോഴും വഴിവയ്ക്കുന്നു. ഇതിൽ പ്രധാനമാണ് ഉദരാശയ ക്യാൻസർ. അവബോധത്തിലൂടെ പ്രതിരോധം തീർത്തുള്ള ഉദരാശയ ക്യാൻസർ അതിജീവനത്തെക്കുറിച്ച് ഡോ. ബൈജു സേനാധിപൻ കേരളകൗമുദിയോട് സംസാരിക്കുന്നു.
ഉദരാശയ ക്യാൻസർ കൂടുതൽ പുരുഷന്മാരിലോ സ്ത്രീകളിലോ ?
ആഗോളതലത്തിലെ ക്യാൻസർ കണക്കുകൾ പരിശോധിച്ചാൽ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഈ രോഗം വരാനുള്ള സാദ്ധ്യത ഏകദേശം ഇരട്ടിയാണ്. കേരളത്തിലെ സാഹചര്യവും വ്യത്യസ്തമല്ല. ജീവിതശൈലിയിലെ വ്യത്യാസങ്ങൾ, പുകവലിയും അമിത മദ്യപാനവുമാണ് പുരുഷൻമാരിൽ വില്ലൻമാരാകുന്നത്.
സ്ത്രീകളിലെ രോഗസാദ്ധ്യത?
മുൻകാലങ്ങളിൽ കൂടുതലായും പുരുഷന്മാരിൽ മാത്രം കണ്ടുവന്നിരുന്ന ആമാശയ ക്യാൻസർ, വൻകുടൽ ക്യാൻസർ, കരൾ ക്യാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവ ഇന്ന് സ്ത്രീകളിലും വ്യാപകമാണ്. സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണിന് ഉദരാശയ ക്യാൻസറിനെ പ്രതിരോധിക്കാൻ ഒരു പരിധിവരെ കഴിവുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകളിൽ ഇതിനുള്ള സാദ്ധ്യത വർദ്ധിക്കുന്നത്.
ഉദരാശയ ക്യാൻസറിലേക്ക് തള്ളിവിടുന്ന കാരണങ്ങൾ?
പ്രധാന കാരണം ഭക്ഷണരീതിയിലെ അനാരോഗ്യകരമായ മാറ്റങ്ങളാണ്. കൃത്രിമ നിറങ്ങൾ ചേർത്തതും സംസ്‌കരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങളുടെ അമിതമായ ഉപയോഗം, നാരുകൾ തീരെ കുറഞ്ഞ ഭക്ഷണക്രമം, വ്യായാമമില്ലായ്മ എന്നിവയെല്ലാം കുടലിലെയും ആമാശയത്തിലെയും ക്യാൻസറുകൾക്ക് കാരണമാകുന്നുണ്ട്. വിട്ടുമാറാത്ത ദഹനക്കുറവ്, തുടർച്ചയായുള്ള വയറുവേദന, മലവിസർജ്ജന ശീലങ്ങളിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ, മലത്തിൽ രക്തം കാണപ്പെടുക, ഛർദ്ദി, വിശദീകരിക്കാനാവാത്ത ക്ഷീണവും ഭാരക്കുറവും എന്നിവയെല്ലാം ഉദരസംബന്ധമായ ക്യാൻസറുകളുടെ പ്രാരംഭ ലക്ഷണങ്ങളാകാം. പലപ്പോഴും, സാധാരണ ഗ്യാസ്ട്രബിൾ ആണെന്നോ അൾസർ ആണെന്നോ തെറ്റിദ്ധരിച്ച് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും സ്വന്തമായി മരുന്നു വാങ്ങി കഴിച്ച് വിലപ്പെട്ട സമയം പാഴാക്കുന്നവരാണ് കൂടുതലും. ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ സമീപിച്ച് എൻഡോസ്‌കോപ്പി, കൊളോണോസ്‌കോപ്പി തുടങ്ങിയ ആധുനിക പരിശോധനകൾ വഴി കൃത്യമായ രോഗനിർണയം നടത്തണം.
ഉദരാശയ ക്യാൻസറിന് ഭക്ഷണക്രമത്തിലൂടെ പ്രതിവിധിയുണ്ടോ?
ക്യാൻസർ വന്നുകഴിഞ്ഞാൽ കേവലം ഭക്ഷണത്തിലൂടെ മാത്രം അതിന് ഒരു പൂർണമായ പ്രതിവിധിയില്ല. ആധുനിക വൈദ്യശാസ്ത്രം നിർദ്ദേശിക്കുന്ന ശസ്ത്രക്രിയ, കീമോതെറാപ്പി തുടങ്ങിയ ചികിത്സാരീതികൾ തന്നെയാണ് രോഗമുക്തിക്കുള്ള ശാസ്ത്രീയമായ പരിഹാരം. ഉദരാശയ ക്യാൻസർ വരാതെ തടയുന്നതിലും ചികിത്സാവേളയിലും ശസ്ത്രക്രിയയ്ക്ക് ശേഷവും ആരോഗ്യം വീണ്ടെടുക്കുന്നതിലും ഭക്ഷണക്രമത്തിന് നിർണായകമായ പങ്കുണ്ട്.
അമിതമായി ഉപ്പിട്ടതും, ഉപ്പിലിട്ടതുമായ ഭക്ഷണങ്ങൾ, ഉണക്കമീൻ എന്നിവയുടെ നിരന്തരമുള്ള ഉപയോഗം ആമാശയത്തിലെ ശ്ലേഷ്മ പടലത്തെ നശിപ്പിക്കുകയും ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. സോസേജ്, ബേക്കൺ തുടങ്ങിയ പ്രോസസ്ഡ് മീറ്റുകൾ, പുകയിൽ ചുട്ടെടുത്ത മാംസങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകൾ പോലെയുള്ള രാസവസ്തുക്കൾ ക്യാൻസറിന് കാരണമാകാം. ആമാശയത്തിന്റെ ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന മദ്യപാനവും പുകവലിയും പൂർണമായും ഒഴിവാക്കണം.
ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്തൊക്കെയാണ്?
നാരുകൾ അടങ്ങിയ ഭക്ഷണം, പച്ചക്കറികൾ, പഴവർഗങ്ങൾ, തവിടുള്ള ധാന്യങ്ങൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയ സുഗമമാക്കാനും ക്യാൻസറിനെ പ്രതിരോധിക്കാനും സഹായിക്കും. സിട്രസ് പഴങ്ങൾ (നാരങ്ങ, ഓറഞ്ച്), തക്കാളി, ഇലക്കറികൾ തുടങ്ങിയവയിലുള്ള ആന്റിഓക്‌സിഡന്റുകൾ കോശങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകൾ തടയാൻ വലിയൊരു പരിധി വരെ സഹായിക്കും. ശീതീകരിച്ചതും പഴകിയതുമായ ഭക്ഷണങ്ങൾക്കു പകരം പാകം ചെയ്ത് അപ്പപ്പോൾ കഴിക്കാൻ ശ്രദ്ധിക്കണം.
മുൻകൂട്ടി തിരിച്ചറിയാനുള്ള മാർഗങ്ങൾ?
ക്യാൻസർ പ്രാരംഭ ദശയിൽ കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ്. അതുകൊണ്ട് ശരീരത്തിൽ അസാധാരണമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുക. 40 കഴിഞ്ഞ എല്ലാവരും വർഷത്തിൽ ഒരിക്കലെങ്കിലും കൃത്യമായ സമ്പൂർണ ആരോഗ്യ പരിശോധനകൾക്കും സ്‌ക്രീനിംഗുകൾക്കും വിധേയരാകണം. ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുക, ദിവസവും കുറഞ്ഞത് മുക്കാൽ മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ആവശ്യത്തിന് വെള്ളം കുടിക്കുക. മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ യോഗയോ ഇഷ്ടമുള്ള വിനോദങ്ങളോ ശീലിക്കുക.
ഉദരാശയ രോഗങ്ങളിൽ പിത്തസഞ്ചിയിലെ കല്ല് വർദ്ധിക്കുന്നുണ്ടോ?
അധികം ചർച്ച ചെയ്യപ്പെടാത്ത മറ്റൊരു പ്രധാന ഉദരരോഗമാണ് പിത്തസഞ്ചിയിലെ (അഥവാ ഗാൾ ബ്ലാഡർ സ്റ്റോൺസ്). പുരുഷന്മാരേക്കാൾ ഇരട്ടിയിലധികം സ്ത്രീകളിൽ ഈ രോഗം കണ്ടുവരുന്നു. ഗർഭകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, ഈസ്ട്രജൻ ഹോർമോണിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ, അമിതവണ്ണം, കൊളസ്‌ട്രോൾ കൂടുതലുള്ള ഭക്ഷണം എന്നിവയെല്ലാം പിത്തസഞ്ചിയിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകാം. കൊഴുപ്പുള്ള ഭക്ഷണം കഴിച്ചയുടനെ വലതുവശത്ത് വാരിയെല്ലിന് താഴെയായി അനുഭവപ്പെടുന്ന കടുത്ത വേദന, അത് പുറകിലേക്ക് വ്യാപിക്കുന്ന അവസ്ഥ, ഓക്കാനം, ഛർദ്ദി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് പലപ്പോഴും സാധാരണ നെഞ്ചെരിച്ചിലായോ ഗ്യാസിന്റെ പ്രശ്‌നമായോ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പിത്തസഞ്ചിയിലെ കല്ലുകൾ കൃത്യസമയത്ത് ചികിത്സിക്കാതെ വിട്ടാൽ അത് പിത്തസഞ്ചിയിലെ കടുത്ത അണുബാധയ്ക്കും, മഞ്ഞപ്പിത്തം ഉണ്ടാകുന്നതിനും, ചില അപൂർവ സാഹചര്യങ്ങളിൽ പിത്തസഞ്ചി ക്യാൻസറിനും കാരണമായേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |