SignIn
Kerala Kaumudi Online
Monday, 25 May 2026 7.33 AM IST

പത്രാധിപരുടെ മനം കവർന്ന കെ.വി.ജയപാലൻ

k-v-jayapalan-

ആറ്റിങ്ങലിന്റെ നിറസാന്നിദ്ധ്യമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച കെ.വി.ജയപാലൻ. എട്ട് പതിറ്റാണ്ടിലേറെക്കാലം കേരളകൗമുദിയുടെ ഏജന്റായും ദീർഘകാലം ലേഖകനായും പ്രവർത്തിച്ചു. ആറ്റിങ്ങൽ നഗരത്തിന്റെ സിരാകേന്ദ്രമായ കച്ചേരി ജംഗ്ഷനിലെ ജയപാൽ ഏജൻസീസും ജയപാലനും ആറ്റിങ്ങൽ ചരിത്രത്തിന്റെ സുവർണ്ണരേഖകളാണ്. കേരളകൗമുദിയുടെ ആദ്യകാല ഏജന്റുമാരിൽ ഒരാളായ ആറ്റിങ്ങൽ എൽ.എം.എസ് ജംഗ്ഷനു സമീപം കുഴിവിള പുത്തൻവീട്ടിൽ പി.കെ.വേലായുധന്റെയും എൻ.ഭഗവതിയുടെയും മൂത്തമകനായി 1937 ജനുവരിയിലാണ് ജയപാലൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനിടെ അച്ഛൻ മരിച്ചതോടെ ഏജൻസി പ്രവർത്തനങ്ങൾഏറ്റെടുക്കേണ്ടിവന്നു. പത്രപ്രവർത്തനരംഗത്ത് ജില്ലാകേന്ദ്രങ്ങളിലും ചില പ്രത്യേക സ്ഥലങ്ങളിലും മാത്രം സ്വന്തം ലേഖകന്മാരുണ്ടായിരുന്ന കാലഘട്ടത്തിൽ കേവലം ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുളള ജയപാലൻ 1952 മുതൽ കേരളകൗമുദിക്കു വേണ്ടി പ്രാദേശികവാർത്തകൾ അയച്ചു തുടങ്ങി. ആറ്റിങ്ങൽ വാർത്തകളുമായി പേട്ടയിലെ കേരളകൗമുദി ഓഫീസിലെത്തുന്ന 15കാരൻ പത്രാധിപർ കെ.സുകുമാരന്റെ സ്നേഹവാത്സല്യങ്ങൾക്കും പാത്രമായി. അതിനു പുറമെ അക്കാലത്തെ പത്രാധിപസമിതി അംഗങ്ങളായ ജി.ഗോവിന്ദപ്പിളള, എൻ.രാമചന്ദ്രൻ, വേണാട്ട് കരുണാകരൻ, കെ.വിജയരാഘവൻ തുടങ്ങിയവരും പ്രോത്സാഹിപ്പിച്ചിട്ടുളളതായി ജയപാലൻ പറഞ്ഞിട്ടുണ്ട്. പതിനഞ്ചുകാരനായ ജയപാലൻ വാർത്താശേഖരണവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അക്കാലത്തെ സർക്കിൾ ഇൻസ്പെക്ടർ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. ഇക്കാര്യം പത്രാധിപരെ അറിയിച്ചപ്പോൾ അദ്ദേഹം ഉന്നതാധികാരികളുമായി ബന്ധപ്പെട്ട് ന്യായമായ നടപടി എടുപ്പിച്ചു.ഇൻസ്പെക്ടറെ താക്കീത് ചെയ്യുകയും ചെയ്തു. 1962ൽ കേരളത്തെ നടുക്കിയ നഗരൂർ -കുമ്മിൾ നക്സലൈറ്റ് ആക്രമണം കേരളകൗമുദിക്കുവേണ്ടി റിപ്പോർട്ട് ചെയ്തത് ജയപാലനായിരുന്നു. പ്രാദേശികതലത്തിൽ കേരളകൗമുദി ഒരു ഏജൻസി ഓഫീസിന് ടെലഫോൺ അനുവദിച്ചത് ജയപാലനുവേണ്ടിയായിരുന്നു. കേരളകൗമുദിയുടെ പേരിലുളള ആ ഫോൺനമ്പർ ആദ്യകാലത്ത് 78ഉം ഇപ്പോൾ 2622478 ഉം ആണ്. വൈകുന്നേരങ്ങളിൽ ജയപാൽ ഏജൻസീസിൽ അക്കാലത്തെ പ്രമുഖരായ പലരും ഒത്തുകൂടുമായിരുന്നു. സമീപത്തായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് കമ്മിറ്റി ഓഫീസ്. കൃഷിവകുപ്പ് ഡയറക്ടറായി വിരമിച്ച ആർ.ഹേലി, നഗരസഭ ചെയർമാൻ ഡി.ജയറാം, ആനത്തലവട്ടംആനന്ദൻ തുടങ്ങിയ പ്രമുഖരെല്ലാം ജയപാൽ ഏജൻസീസിലെ സായാഹ്നസദസുകളിലെ പങ്കാളികളായിരുന്നു. കേരളകൗമുദി ലേഖകൻ എന്ന നിലയിൽ ആദ്യകാലത്തെ സർക്കാർ കമ്മിറ്റികളിലും ആശുപത്രി വികസന കമ്മിറ്റികളിലും ജയപാൽ അംഗമായിരുന്നു. അവിഭക്തകമ്മ്യുണിസ്റ്റ് പാർട്ടിയുടെ കാലം മുതൽ ഇടതുപക്ഷ അനുഭാവി ആയിരുന്ന ജയപാലൻ പിൽക്കാലത്ത് സി.പി.എം അനുഭാവിയായി. . ആറ്റിങ്ങൽ അമേച്വർ അത്ലറ്റിക് അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറി, നഗരസഭ കൗൺസിലർ, ആറ്റിങ്ങൽ ടൗൺസർവ്വീസ് സഹകരണബാങ്ക് ഡയറക്ടർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചിറയിൻകീഴ് താലൂക്ക് ജേർണലിസ്റ്റ് അസോസിയേഷൻ എന്നൊരു സംഘടനയ്ക്ക് രൂപം നൽകുകയും അതിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. ആറ്റിങ്ങൽ പ്രസ് ക്ലബ്ബ് രൂപീകരിച്ചപ്പോൾ ആദ്യ പ്രസിഡന്റും ജയപാലനായിരുന്നു. കേരളകൗമുദിക്ക് തിരുവനന്തപുരം എഡിഷൻ മാത്രമുണ്ടായിരുന്ന കാലം മുഴുവനും പത്രത്തിന്റെ ലേഖകൻ എന്ന നിലയിൽ സജീവമായിത്തന്നെ ജയപാലൻ പ്രവർത്തിച്ചു. ആറ്റിങ്ങലിന്റെ വളർച്ചയുടെ ഒരു പുസ്തകം രചിക്കുവാനുളള ആഗ്രഹം അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. പരേതയായ ഓമനയാണ് ഭാര്യ. ഒരപകടത്തെ തുടർന്ന് അകാല മരണമടഞ്ഞ ഭാര്യയുടെ വിയോഗം ജയപാലനെ വല്ലാതെ തളർത്തുകയുണ്ടായി. മനോജ്, ബിനോജ്, പ്രിയാജ് എന്നിവരാണ്. മക്കൾ. മരുമക്കൾ: ബിഷാറാണി, ദീപ്തി, ഷാജി.

ഫോട്ടോ: കെ.വി.ജയപാലൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY