SignIn
Kerala Kaumudi Online
Monday, 24 August 2026 4.23 AM IST

ഓണം ഒരുമയുടെ ഉത്സവമാണ്

dsa

മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യനും ഈശ്വരനും തമ്മിലുമുള്ള ഉത്തമമായ ബന്ധത്തിന്റെ ആഘോഷമാണ് ഓണം. എല്ലാം തികഞ്ഞൊരുത്സവം. ഓണത്തിൽ ധാർമിക മൂല്യങ്ങൾക്കും ഭക്തിക്കും ഈശ്വര സമർപ്പണത്തിനും സ്‌നേഹത്തിനും പങ്കുവയ്ക്കലിനും പ്രാധാന്യമുണ്ട്. അതുപോലെ വിനോദത്തിനും കളികൾക്കും കലകൾക്കും പ്രാധാന്യമുണ്ട്.

ഒരിക്കലും വാർദ്ധക്യം വരാത്ത, ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത ആഘോഷമാണ് ഓണം.
വൃദ്ധനും തിരുവോണനാളിൽ അറിയാതെ കൊച്ചുകുട്ടിയാകും. നാളെയെക്കുറിച്ച് ചിന്തയില്ലാതെ എല്ലാവരും സന്തോഷിക്കുകയും വിദ്വേഷങ്ങളെല്ലാം മറന്ന് സ്‌നേഹം പങ്കിടുകയും ചെയ്യുന്ന ഒരു വശ്യത ഓണത്തിനുണ്ട്.

ഓണക്കാലത്ത് പ്രകൃതി ആടയാഭരണങ്ങളണിഞ്ഞ് സുന്ദരിയാകും. പറമ്പിലെങ്ങും തുമ്പയും തെച്ചിയും മുക്കുറ്റിയും മറ്റനേകം പുഷ്പങ്ങളും നിറഞ്ഞുനിൽക്കും. ചേമ്പിലകൾ പച്ചക്കുട ചൂടി നിൽക്കും. വാഴകൾ നന്ദിയോടെ ശിരസ് കുനിച്ചു നിൽക്കും. പൂമ്പാറ്റകളും തുമ്പികളും വട്ടമിട്ടുപറക്കും. കുട്ടികൾ ഉത്സാഹത്തോടെ പൂതേടി അലയും മഹാബലിക്കും തൃക്കാക്കരയപ്പനും പൂക്കളം തീർക്കും. മറ്റു കുട്ടികൾ കളികളിൽ ഏർപ്പെടും. അമ്മമാർ പലഹാരങ്ങളുണ്ടാക്കും.

ഇതൊക്കെ പഴയ ഓണത്തിന്റെ കഥകളാണെങ്കിലും അടിസ്ഥാനപരമായി ഓണം അന്നും ഇന്നും എന്നും ഒന്നുതന്നെ. ഓണത്തിന്റേത് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടെയും ഭക്തിയുടെയും ഉത്സാഹത്തിന്റെയും സന്ദേശമാണ്. എല്ലാ ദു:ഖങ്ങളുടെ നടുവിലും സന്തോഷം സ്വയം ഉണ്ടാക്കാൻ കഴിയും എന്നതാണ് ഓണം നൽകുന്ന കാതലായ സന്ദേശം. ഉള്ളതുകൊണ്ട് സന്തോഷിക്കാൻ, പരസ്പരം സ്‌നേഹം പങ്കിടാൻ, ദുഃഖങ്ങൾ മറക്കാൻ, നല്ലതു പ്രതീക്ഷിക്കാൻ, നല്ല നാളെയെക്കുറിച്ച് സ്വപ്നം കാണാൻ, ഓണം നമ്മെ പഠിപ്പിക്കുന്നു. ആ വിശ്വാസം, ശുഭപ്രതീക്ഷ, ആ സന്തോഷം, ആഹ്ളാദം, ഉത്സാഹം അതാണ് ഇന്ന് നമുക്ക് ഏറ്റവും ആവശ്യം.

ഒരു തിരുവോണദിനത്തിൽ കൃഷ്ണകഥ അവതരിപ്പിക്കുകയാണ്. അതിൽ രാമുവിനും വേഷമുണ്ട്. അതേക്കുറിച്ച് അറിഞ്ഞപ്പോൾ രാമുവിന്റെ ഭാര്യ പറഞ്ഞു ''കൃഷ്ണന്റെ വേഷമാണ് നിങ്ങൾക്ക് കിട്ടുന്നതെങ്കിൽ നിങ്ങളുടെ അഭിനയചാതുര്യം മുഴുവൻ പുറത്തെടുക്കാൻ ശ്രമിക്കണം. ശാന്തിയും ഗാംഭീര്യവും പ്രസന്നതയും ഊർജസ്വലതയുമെല്ലാം നിങ്ങളുടെ ഭാവങ്ങളിൽ പ്രകടമാകണം. കംസന്റെ വേഷമാണെങ്കിൽ നിങ്ങൾ പ്രത്യേകിച്ച് അഭിനയക്കേണ്ട ആവശ്യമൊന്നുമില്ല. സ്വാഭാവികമായ രീതിയിൽ പെരുമാറിയാൽ മതിയാകും''. എന്നാൽ കൃഷ്ണന്റെ ഭാവവും സന്ദേശവും സ്വീകരിച്ചാൽ കംസന് പോലും കൃഷ്ണനായിത്തീരാമെന്ന സന്ദേശമാണ് ഓണം നൽകുന്നത്. മഹാബലിയുടെ തകർച്ചയുടെ കഥയല്ല ഓണം , മറിച്ചു പൂർണ്ണതയലേക്കുള്ള ഉയർച്ചയുടെ കഥയാണ്. ഓണത്തെ കൊയ്ത്തുത്സവം മാത്രമായും ആഘോഷിക്കാനുള്ള അവസരം മാത്രമായും കണ്ടാൽ ഓണത്തിന്റെ യഥാർത്ഥസന്ദേശം നമുക്കു നഷ്ടപ്പെടും.

വാസ്തവത്തിൽ സന്തോഷമെന്നത് മറ്റെവിടെനിന്നും കിട്ടുന്നതല്ല. നമ്മൾ ഉണ്ടാക്കുന്നതാണെന്ന് തിരിച്ചറിയാണുള്ള അവസരമാണിത്. എന്തും വരട്ടെ ഞാൻ സന്തോഷിക്കും എന്ന് ഉറച്ച് തീരുമാനിക്കുന്ന ഒരാളെ ദു:ഖിപ്പിക്കാൻ പ്രപഞ്ചത്തിലെ ഒരു ശക്തിയ്ക്കും സാദ്ധ്യമല്ല. അതിനാൽ നമ്മൾ സന്തോഷവും സ്‌നേഹവും നുകരുക, പങ്കുവയ്ക്കുക. സ്‌നേഹത്തിൽ ഐക്യത്തിൽ ഭക്തിയിൽ ഒരു മനസായി ഒന്നായി തീരുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY