
സ്‌കൂൾ വിദ്യാഭ്യാസം മുഴുവൻ മലയാളത്തിലായിരുന്നു. പാഠപുസ്തകങ്ങളിലെ ആശയങ്ങൾ മനസിൽ ചിത്രങ്ങളായി തെളിഞ്ഞിരുന്നു. ചോദ്യങ്ങൾക്ക് ഉത്തരം പറയാനും പുതിയ സംശയങ്ങൾ ചോദിക്കാനും മടിയുണ്ടായിരുന്നില്ല. എന്നാൽ കോളേജിലെത്തിയപ്പോൾ വിചിത്രമായ മാറ്റമുണ്ടായി. വിഷയം മനസിലാക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതുകൊണ്ടല്ല; പഠനത്തിന്റെ ഭാഷ മാറിയതുകൊണ്ടാണ്.
വെലോസിറ്റി, ആക്സിലറേഷൻ, മൊമെന്റം, ഡിനോമിനേറ്റർ, ന്യുമറേറ്റർ തുടങ്ങിയ വാക്കുകൾ ക്ലാസിൽ മുഴങ്ങുമ്പോൾ ആദ്യം മനസിലാക്കേണ്ടത് ആശയമല്ല, വാക്കിന്റെ അർത്ഥമായിരുന്നു. അദ്ധ്യാപകൻ പറഞ്ഞത് കേട്ട ശേഷം മനസ് നിഘണ്ടുവിലേയ്ക്ക് നീണ്ടു. 'ഇതിന്റെ മലയാളം എന്താണ്?' എന്ന ചോദ്യമായിരുന്നു ആദ്യം ഉയർന്നിരുന്നത്. ചിന്തിക്കാനായി ചെലവഴിക്കേണ്ട ഊർജം വാക്കുകൾ മനസിലാക്കാൻ ചെലവാക്കാൻ തുടങ്ങി.
മനുഷ്യൻ ഏറ്റവും സ്വാഭാവികമായി ചിന്തിക്കുന്നത് മാതൃഭാഷയിലാണ്. നാം സന്തോഷിക്കുമ്പോഴും സങ്കടപ്പെടുമ്പോഴും പ്രാർത്ഥിക്കുമ്പോഴും സ്‌നേഹിക്കുമ്പോഴും മനസിൽ നിറയുക മാതൃഭാഷയാണ്. നാം സ്വപ്നം കാണുന്നതും പലപ്പോഴും അതേ ഭാഷയിലാണ്. ഭാഷ വെറും ആശയവിനിമയത്തിനുള്ള ഉപകരണമല്ല; അത് നമ്മുടെ ചിന്തയുടെ വീടാണ്.
ഇതിന് ശക്തിപകരുന്ന മഹത്തായ ചരിത്രസാക്ഷ്യം നമ്മുടെ കേരളത്തിനുണ്ട്. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള സംഗമഗ്രാമത്തിലെ മഹാനായ ഗണിതശാസ്ത്രജ്ഞൻ മാധവൻ സംഗമഗ്രാമം. ലോകഗണിതശാസ്ത്ര ചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടിയ അദ്ദേഹം പതിനാലാം നൂറ്റാണ്ടിൽ മനുഷ്യചിന്തയുടെ അതിരുകൾ വികസിപ്പിച്ചു.
ഇന്ന് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കാൽക്കുലസിന്റെ അടിസ്ഥാന ആശയങ്ങൾ രൂപംകൊള്ളുന്നതിനും ഏകദേശം രണ്ടര നൂറ്റാണ്ട് മുമ്പ്, അനന്തശ്രേണികളെക്കുറിച്ചും ത്രികോണമിതിയെക്കുറിച്ചും അദ്ദേഹം അത്ഭുതകരമായ കണ്ടെത്തലുകൾ നടത്തി. 'പൈ' എന്ന സംഖ്യയുടെ മൂല്യം കൃത്യതയോടെ കണക്കാക്കാനുള്ള അനന്തശ്രേണികൾ വികസിപ്പിച്ചു. പിന്നീട് യൂറോപ്പിൽ പ്രസിദ്ധമായ ഗ്രിഗറിലൈബ്നിറ്റ്സ് ശ്രേണിയുമായി സാമ്യമുള്ള ഈ കണ്ടെത്തലുകൾ 'മാധവ സീരീസ്' എന്ന പേരിൽ ലോകശാസ്ത്ര ചരിത്രത്തിൽ അറിയപ്പെടുന്നു.
ന്യൂട്ടനും ലൈബ്നിറ്റ്സും കാൽക്കുലസ് വികസിപ്പിക്കുന്നതിന് നൂറ്റാണ്ടുകൾ മുമ്പ് കേരളത്തിൽ ജീവിച്ചൊരു ഗണിതജ്ഞൻ അനന്തശ്രേണികളുടെ ശക്തി തിരിച്ചറിഞ്ഞിരുന്നു എന്നത് ഓരോ മലയാളിയുടെയും അഭിമാനമാണ്. ഇന്ന് ലോകശാസ്ത്ര ചരിത്രകാരന്മാർ 'കേരള സ്‌കൂൾ ഓഫ് ആസ്‌ട്രോണമി ആൻഡ് മാത്തമാറ്റിക്സ്' എന്ന പേരിൽ പഠിക്കുന്ന പാരമ്പര്യത്തിന്റെ സ്ഥാപകനായി മാധവനെ അംഗീകരിക്കുന്നു. എന്നാൽ ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്. മാധവൻ ഏത് ഭാഷയിലാണ് ചിന്തിച്ചത്?
ഇംഗ്ലീഷ് ലോകശാസ്ത്രത്തിന്റെ പ്രധാന ഭാഷയാകുന്നതിന് നൂറ്റാണ്ടുകൾ മുമ്പാണ് അദ്ദേഹം ജീവിച്ചത്. സ്വന്തം നാടിന്റെ അറിവുപാരമ്പര്യത്തിലും സംസ്‌കാരത്തിലും ഭാഷാപരിസരത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളെല്ലാം. ലോകത്തെ വിസ്മയിപ്പിക്കുന്ന ഗണിത സിദ്ധാന്തങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് വിദേശഭാഷയുടെ സഹായം വേണ്ടിവന്നില്ല. അദ്ദേഹത്തിന് വേണ്ടിയിരുന്നത് സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവായിരുന്നു.
ലോക ചരിത്രം പരിശോധിച്ചാൽ ഒരു സത്യം വ്യക്തമാണ്. മനുഷ്യരാശിയുടെ മഹത്തായ കണ്ടെത്തലുകൾ ഇംഗ്ലീഷിൽ മാത്രം ഉണ്ടായതല്ല. അറബിയിലും ജർമ്മനിലും ഫ്രഞ്ചിലും സംസ്‌കൃതത്തിലും ചൈനീസിലും ചിന്തിച്ചവരാണ് ശാസ്ത്രത്തെ മുന്നോട്ടു നയിച്ചത്.
മുന്നിലുള്ള വിദേശ മാതൃക
ജപ്പാനിൽ ഒരു കുട്ടി ശാസ്ത്രം പഠിക്കുന്നത് ജാപ്പനീസിലാണ്. ജർമ്മനിയിൽ ജർമ്മനിലും ഫ്രാൻസിൽ ഫ്രഞ്ചിലും ചൈനയിൽ ചൈനീസിലുമാണ്. സ്വന്തം ഭാഷയിൽ അറിവ് സ്വായത്തമാക്കുമ്പോൾ ആശയങ്ങളോട് നേരിട്ട് സംവദിക്കാൻ കഴിയും. വിവർത്തനത്തിന്റെ മതിൽ മുന്നിലുണ്ടാകില്ല. നമ്മുടെ നാട്ടിൽ പലപ്പോഴും ഇംഗ്ലീഷ് അറിയുന്നതിനെ ബുദ്ധിയുടെ അളവുകോലായി കാണുന്നു. ഇംഗ്ലീഷ് അറിയുകയെന്നന്നത് അറിവിലേയ്ക്കുള്ള വാതിൽ മാത്രമാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന എല്ലാവരും മികച്ച ചിന്തകരാകണമെന്നില്ല, അതുപോലെ ഇംഗ്ലീഷിൽ പരിമിതയുള്ളയാൾക്ക് അസാധാരണമായ ആശയങ്ങൾ സൃഷ്ടിക്കാനുമാകും.
സിവിൽ സർവീസ് പരീക്ഷകളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വിജയനിരക്ക് കൂടുതലാണെന്ന നിരീക്ഷണം പലപ്പോഴും ഉയരാറുണ്ട്. അതിന്റെ പിന്നിൽ നിരവധി ഘടകങ്ങൾ ഉണ്ടാകും. എന്നാൽ സ്വന്തം ഭാഷയിൽ പഠിക്കാനും എഴുതാനും ആശയങ്ങൾ അവതരിപ്പിക്കാനും കഴിയുന്നത് പ്രധാന ഘടകമാണെന്നത് നിഷേധിക്കാനാവില്ല. ഭാഷയിൽ ആത്മവിശ്വാസമുള്ള ഒരാൾക്ക് ചിന്തകളെ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ എളുപ്പമാണ്.
ഇംഗ്ലീഷിനെ എതിർക്കുക എന്നല്ല ഈ ചിന്തയുടെ ലക്ഷ്യം. ഇന്നത്തെ ലോകത്തിൽ ഇംഗ്ലീഷ് അനിവാര്യമാണ്. അത് ലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണ്. പക്ഷേ ഒരു പാലത്തെ വീട് എന്നു വിളിക്കാനാവില്ല. നമ്മുടെ ചിന്തകളുടെ വീടും വേരുകളും മാതൃഭാഷയിലാണ്.
കേരളത്തിലെ കുട്ടികൾക്ക് മലയാളത്തിൽ മികച്ച ശാസ്ത്രഗ്രന്ഥങ്ങളും ഗണിതപുസ്തകങ്ങളും സാങ്കേതികവിദ്യാ പഠനസാമഗ്രികളും ലഭ്യമാകണം. ശാസ്ത്രത്തെ മലയാളത്തിൽ സംസാരിക്കാനും എഴുതാനും ഗവേഷണം നടത്താനും കഴിയണം. അപ്പോഴേ നമ്മുടെ വിദ്യാർത്ഥികളുടെ മനസിൽ ഒളിഞ്ഞിരിക്കുന്ന സ്വാഭാവിക ചിന്താശേഷി പൂർണമാകൂ.
ഒരു രാഷ്ട്രത്തിന്റെ യഥാർത്ഥ സമ്പത്ത് അതിന്റെ പ്രകൃതി വിഭവങ്ങളല്ല; മനുഷ്യരുടെ ചിന്തകളാണ്. ആ ചിന്തകളെ ഉണർത്തുന്ന ഏറ്റവും ശക്തമായ ഉപകരണം മാതൃഭാഷയാണ്.
മാധവൻ സംഗമഗ്രാമം ലോകഗണിതത്തിന്റെ ആകാശത്ത് ഇന്നും തിളങ്ങുന്നത് ഒരു സന്ദേശം നൽകാനാണ്. മഹത്തായ കണ്ടെത്തലുകൾ ജനിക്കുന്നത് ഭാഷയുടെ മേൽക്കോയ്മയിൽ നിന്നല്ല, സ്വതന്ത്രമായ ചിന്തയിൽ നിന്നാണ്. ആ ചിന്തയുടെ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണ് പലപ്പോഴും മാതൃഭാഷ തന്നെയായിരിക്കും. കാരണം മനുഷ്യൻ ആദ്യം സംസാരിക്കുന്നത് മാതൃഭാഷയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |