
''മക്കളേ,വ്യാസപൂർണിമ നമുക്ക് ഗുരുപൂർണിമയാണ്. സകലർക്കും ആനന്ദവും വെളിച്ചവും നൽകുന്ന ആത്മചന്ദ്രനാണ് ഗുരു. ഗുരുവിൽ അഹങ്കാരത്തിന്റെയോ, വാസനകളുടെയോ മാലിന്യമില്ല. എന്നാൽ ശിഷ്യന്റെ മനസിൽ അതിനനുസരിച്ചുള്ള ഭാവവും സമർപ്പണവും ഉണ്ടെങ്കിലേ ഗുരുവിന്റെ പൂർണിമ അവന് അനുഭവപ്പെടുകയുള്ളൂ. ഗുരുവിനെ ഗുരുവാക്കുന്നത് ശിഷ്യനാണ്. ശിഷ്യനിൽ സമർപ്പണഭാവം വളരുന്തോറും ഗുരുകാരുണ്യം അവനിലേയ്ക്ക് കൂടുതൽ ഒഴുകുന്നു. സംസാര സാഗരത്തിന്റ മറുകരയെത്താൻ അതല്ലാതെ വേറെ മാർഗമില്ല.
ഒരു കുഞ്ഞ് ആദ്യമായി ഭൂമിയിലേയ്ക്ക് പിറന്നു വീഴുമ്പോൾ ഏങ്ങാ,ഏങ്ങാ എന്ന് കരയുന്നു. ഞാൻ ആരാണ്? എന്തുകൊണ്ട് എനിക്കിങ്ങനെ വേദനിക്കുന്നു എന്നാണ് കുഞ്ഞ് ചോദിക്കുന്നത്. ഓരോ ജീവനും അനുനിമിഷം ചോദിക്കുന്നത് ഈ ചോദ്യമാണ്. എന്നാൽ അത് മനസിലാക്കാതെ നമ്മൾ അല്പം ഇന്ദ്രിയസുഖം അതിന്റെ വായിൽ നൽകുന്നു. തൽക്കാലത്തേയ്ക്ക് കുഞ്ഞ് വേദന മറക്കുന്നു. പിന്നെ വീണ്ടും കരയുന്നു. ആ കരച്ചിൽ മരണം വരെയും തുടരുന്നു.
കരച്ചിൽ അവസാനിക്കണമെങ്കിൽ ദുഃഖത്തിന്റെ യഥാർത്ഥ കാരണം മനസിലാക്കണം.ആ ദുഃഖകാരണം അന്വേഷിക്കുന്നതാണ് ആത്മീയത. അതന്വേഷിച്ചു ചെല്ലുമ്പോൾ ഒടുവിൽ കണ്ടെത്തുന്നത് താൻ തന്നെയാണ് തന്റെ ദുഃഖത്തിന് കാരണം എന്നാണ്.
എല്ലാവരുടെയും എല്ലാ ദുഃഖങ്ങൾക്കും കാരണം അവരിലെ ഞാൻ ഭാവം തന്നെയാണ്. യഥാർത്ഥ ആനന്ദം എല്ലാവരുടെയും ഉള്ളിൽ എപ്പോഴും വിളങ്ങുന്നു.പക്ഷെ ഈ ഞാൻ ഭാവം അതിനെ മറച്ചുകൊണ്ട് നമ്മെ കരയിക്കുന്നു. ഞാൻ ഭാവത്തിൽ നിന്ന് നമുക്ക് കരകയറാൻ അതിൽനിന്ന് നേരത്തെ കരകയറിയ ഒരാളുടെ സഹായം ആവശ്യമുണ്ട്. അതാണ് ഗുരു. ഒരാളെ കയറുകൊണ്ട് നല്ലവണ്ണം കെട്ടിയിരിക്കയാണെന്ന് കരുതുക. ആ കെട്ടഴിക്കാൻ സ്വതന്ത്രനായിരിക്കുന്ന വേറൊരാളുടെ സഹായം ആവശ്യമാണല്ലോ.
നമ്മൾ ഏതു വിദ്യയും പഠിക്കുന്നത് പരസഹായത്തോടെയാണ്. കുഞ്ഞുനാളിൽ അച്ഛനമ്മമാർ പഠിപ്പിച്ചിട്ടാണ് നമ്മൾ പല്ലുതേക്കാനും ഉടുപ്പിടാനുമൊക്കെ പഠിച്ചത്. അങ്ങനെയിരിക്കെ അതിസൂക്ഷ്മമായ ആദ്ധ്യാത്മിക മാർഗത്തിൽ ഒരു ഗുരുവിന്റെ ശിക്ഷണം അത്യാവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. ഗുരുശിഷ്യബന്ധം മനുഷ്യബന്ധങ്ങളിലെ ഏറ്റവും ശ്രേഷ്ഠമാണ്. കാരണം പൂർണനായ ഗുരു കേവലം കാരുണ്യം കൊണ്ട് മാത്രമാണ് ശിഷ്യനെ നയിക്കുന്നത്. ശിഷ്യനാകട്ടെ തന്റെ അഹങ്കാരത്തെ പൂർണമായും ഗുരുവിൽ സമർപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്വാർത്ഥത ജയിച്ച ഒരാളും സ്വാർത്ഥത ജയിക്കാൻ ആഗ്രഹിക്കുന്ന ഒരാളും തമ്മിലുള്ള ബന്ധമാണത്. യഥാർത്ഥ പ്രേമം എന്നത് ഗുരു ശിഷ്യബന്ധത്തിൽ മാത്രമാണ്.
ശിഷ്യൻ ശിഷ്യനായിത്തന്നെ ഇരിക്കാൻ ഗുരു ഒരിക്കലും ആഗ്രഹിക്കുന്നില്ല. ശിഷ്യൻ ശിഷ്യനല്ലാതായിത്തീരണം എന്നാണ് ഗുരു ആഗ്രഹിക്കുന്നത്. ശിഷ്യൻ സ്വയം സത്യമായി മാറണം. അപ്പോൾ പിന്നെ അവിടെ ഗുരുവും ശിഷ്യനും എന്ന ഭേദമില്ല. മറ്റുള്ള എല്ലാ ബന്ധങ്ങളിലും ഞാൻ നീ എന്ന ഭേദം നിലനിർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ ഗുരുശിഷ്യബന്ധത്തിൽ ആ ഭേദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ശിഷ്യൻ തന്നെത്തന്നെ സമ്പൂർണമായി സമർപ്പിക്കുമ്പോൾ ആ ഭേദം മറയുന്നു, ഉണ്മ സ്വയം പ്രകാശിക്കുന്നു. അപ്പോൾ മാത്രമാണ് ഗുരു ചാരിതാർത്ഥനാകുന്നത്''.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |