SignIn
Kerala Kaumudi Online
Sunday, 26 July 2026 5.05 AM IST

ജനകീയൻ.. ഡോ.അജേഷ് രാജൻ

ഒരു ഡോക്ടർ സാധാരണക്കാരിൽ ഒരാളാവുമ്പോഴാണ് രോഗികളെ എപ്പോഴും ചേർത്ത് നിർത്താൻ സാധിക്കുന്നതെന്ന് വിശ്വസിക്കുന്ന ഡോക്ടർ...നാട്ടുകാരുടെ ജനകീയ ഡോക്ടർ...മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ സ്വദേശിയായ സർജൻ ഡോ.അജേഷ് രാജൻ ഒരു ജില്ലയുടെ തന്നെ ആശ്രയ കേന്ദ്രമാണ്. മലപ്പുറം താലൂക്ക് ആശുപത്രിയിൽ ആദ്യത്തെ ഹെർണിയ സർജറി, തൈറോയിഡ് സർജറി, സ്തനാർബുദ സർജറി എന്നിവയ്ക്ക് നേതൃത്വം വഹിച്ചത് ഡോ.അജേഷ് രാജനാണ്. താലൂക്ക് ആശുപത്രിയിലെ വലിയ പരിമിതികൾക്കുള്ളിലും ഇവയെല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമോ എന്ന് ആകുലപ്പെട്ടവർ ഏറെയായിരുന്നു. എന്നാൽ, ഡോക്ടർ നൽകിയ ആത്മവിശ്വാസം സംശയങ്ങളെ അനുഭവമാക്കി മാറ്റി. ആ പ്രതിബദ്ധതയുടെ ഫലമായി, പ്രതിവർഷം 20ലധികം സ്തനാർബുദ സർജറികൾ വരെ വിജയകരമായി നടക്കുന്ന കേന്ദ്രമായി മലപ്പുറം താലൂക്ക് ആശുപത്രിയെ അദ്ദേഹം മാറ്റിയെടുത്തു. പരിമിതികളെ മറികടന്നുള്ള അദ്ദേഹത്തിന്റെ ഈ സേവനം സാധാരണക്കാരായ ആയിരക്കണക്കിന് രോഗികൾക്ക് നൽകിയ ആശ്വാസം ഏറെയാണ്. ഒരു ഘട്ടത്തിൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്നും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയ ഡോ.അജേഷ് രാജനെ തിരികെ എത്തിക്കാൻ അന്ന് മലപ്പുറം നിവാസികൾ നടത്തിയ ഇടപെടലുകൾ അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ ലഭിച്ച വലിയൊരു അംഗീകാരമായി മാറിയിരുന്നു.

ജീവൻ രക്ഷിക്കാൻ എ.ഐ

ഒരു വ്യക്തിക്ക് അപകടം സംഭവിച്ചാൽ ജീവൻ രക്ഷിക്കാൻ നിർണ്ണായകമായ ഗോൾഡൻ അവറിൽ തന്നെ ചികിത്സ ലഭ്യമാകാൻ സൗകര്യമുള്ള വിദേശ രാജ്യങ്ങളുണ്ട്. തലയ്ക്ക് പരിക്കേറ്റ വ്യക്തിയെ സബന്ധിച്ച് ആദ്യ മൂന്ന് മണിക്കൂറിലെ ചികിത്സയാണ് പ്രധാനം. ഇതിന് ഒരു ഡോക്ടറുടെ നിർദേശം പ്രധാനമാണ്. എന്നാൽ എ.ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചാൽ രോഗി ആംബുലൻസിൽ കയറുന്ന നിമിഷം മുതൽ എ.ഐ അധിഷ്ഠിത സംവിധാനങ്ങൾ വഴി രോഗിയുടെ ജീവൻരക്ഷാ വിവരങ്ങൾ തത്സമയം ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർക്ക് ലഭ്യമാകും. ആംബുലൻസിലെ രോഗി പൂർണ്ണമായും ഡോക്ടറുടെ ഡിജിറ്റൽ നിരീക്ഷണത്തിലായിരിക്കും. ഡോക്ടറുടെ തത്സമയ നിർദ്ദേശ പ്രകാരം ആംബുലൻസിലെ പാരാമെഡിക്കൽ സ്റ്റാഫിന് ചികിത്സ ഉടനടി ആരംഭിക്കാം. ഇത് ആശുപത്രിയിലെത്താൻ വൈകുന്നത് മൂലമുള്ള അപകട സാദ്ധ്യത ഇല്ലാതാക്കും. ഈ അത്യാധുനിക സംവിധാനം കൈകാര്യം ചെയ്യാൻ ആംബുലൻസിലെ നഴ്സുമാർക്കും മെഡിക്കൽ ടീമിനും പ്രത്യേക പരിശീലനം നൽകണം. ഏതൊക്കെ അടിയന്തര സാഹചര്യങ്ങളിൽ, ഏത് ഘട്ടം വരെ ഈ എ.ഐ സംവിധാനങ്ങൾ രോഗിക്ക് സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൃത്യമായ മാർഗ്ഗ രേഖയും ധാരണയും ആരോഗ്യ വിഭാഗം ജീവനക്കാർക്ക് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

ഐ.സി.യുകളിൽ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികളുടെ നിരീക്ഷണം എളുപ്പമാകുന്നതോടെ അവിടെ ആവശ്യമായ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. ഇതിലൂടെ ലഭ്യമാകുന്ന അധിക ജീവനക്കാരെ കൂടുതൽ അടിയന്തര ശ്രദ്ധ വേണ്ട എമർജൻസി / ട്രോമാ കെയർ വിഭാഗങ്ങളിലേക്ക് മാറ്റി നിയമിക്കാൻ കഴിയും. ഇത് ആശുപത്രികളുടെ പ്രവർത്തനക്ഷമതയും ചികിത്സയുടെ ഗുണനിലവാരവും ഒരുപോലെ വർദ്ധിപ്പിക്കും. ചികിത്സയിലെ കൃത്യത തന്നെയാണ് രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ഏറ്റവും വലിയ ഘടകം. സാങ്കേതികവിദ്യയുടെ ഈ മുന്നേറ്റം യാഥാർത്ഥ്യമാക്കണമെങ്കിൽ ഇതിനെക്കുറിച്ചുള്ള കൃത്യമായ പ്ലാനിംഗും ചർച്ചകളും നമ്മൾ ഇപ്പോഴേ ആരംഭിക്കേണ്ടതുണ്ട്. മാനവ വിഭവ ശേഷിയുടെ എണ്ണം കുറയ്ക്കാനല്ല, മറിച്ച് ചികിത്സയിലെ കൃത്യതയും ഗുണനിലവാരവും വർദ്ധിപ്പിക്കാനാണ് എ.ഐ, റോബോട്ടിക്ക്സ് സാങ്കേതിക വിദ്യകളിലൂടെ സാദ്ധ്യമാക്കേണ്ടതെന്നും ഡോ.അജേഷ് രാജൻ പറയുന്നു.

മെഡിക്കൽ ഡോക്യുമെന്റേഷനിൽ ഡിജിറ്റൽ വിപ്ലവം

ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവ് മെഡിക്കൽ ഡോക്യുമെന്റേഷൻ രംഗത്ത് വലിയ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വോയിസ് ടു ടെക്സ്റ്റ് സോഫ്റ്റ് വെയറുകൾ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിവയുടെ സഹായത്തോടെ ഡോക്ടർമാർക്ക് രോഗികളുടെ വിവരങ്ങൾ വളരെ വേഗത്തിലും കൃത്യതയോടും കൂടി രേഖപ്പെടുത്താൻ സാധിക്കുന്നുണ്ട്. ഇത് പേപ്പർ വർക്കുകൾ വലിയ തോതിൽ കുറയ്ക്കുന്നതിനാൽ രോഗീപരിചരണത്തിനായി കൂടുതൽ സമയം കണ്ടെത്താൻ സഹായിക്കും. കൂടാതെ, ഈ ഡിജിറ്റൽ സംവിധാനങ്ങൾ വഴി ചികിത്സാ വിവരങ്ങൾ അതീവ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യാനുസരണം മറ്റ് ആരോഗ്യ വിദഗ്ദ്ധരുമായി വേഗത്തിൽ പങ്കുവെക്കാനും സാധിക്കുന്നത് ചികിത്സയുടെ ഗുണനിലവാരവും കാര്യക്ഷമതയും ഒരേസമയം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.

തുല്യതയല്ല...അളവുകോൽ മാറണം

മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായ സർക്കാർ-സ്വകാര്യ ആരോഗ്യ സംവിധാനങ്ങൾ ലഭ്യമല്ലെന്ന് ഡോ. അജേഷ് രാജൻ പറയുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകൾക്ക് ആരോഗ്യ മേഖലയിൽ ലഭിക്കുന്ന അതേ സംവിധാനങ്ങൾ മാത്രമാണ് ഈ ജില്ലയ്ക്കും ലഭിക്കുന്നത്. ജീവനക്കാരുടെ എണ്ണം, കിടക്കകൾ, ഒ.പി സൗകര്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം മറ്റ് ജില്ലകൾക്ക് അനുവദിക്കുന്ന അതേ മാനദണ്ഡം തന്നെയാണ് മലപ്പുറത്തും പിന്തുടരുന്നത്. എന്നാൽ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയേറിയ ജില്ല മലപ്പുറമാണെന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്. ജനസംഖ്യയ്ക്ക് ആനുപാതികമായ സൗകര്യങ്ങളാണ് ആരോഗ്യ മേഖലയിൽ ഒരുക്കേണ്ടതെന്നും ജനങ്ങൾക്ക് സുരക്ഷിതമായി ചികിത്സ ലഭ്യമാകുന്ന നിലയിലേക്ക് കാര്യങ്ങൾ മാറണമെന്നും അദ്ദേഹം പറയുന്നു.
ഒരു നാടിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം കാര്യക്ഷമമായി മന്നോട്ട് കൊണ്ടപോകുന്നതിന് ജനസംഖ്യക്ക് ആനുപാതികമായി ജീവനക്കാരെ ആരോഗ്യ മേഖലയിൽ നിയമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗികളുടെ എണ്ണത്തിന് അനുസൃതമായി ഡോക്ടർമാർ, നഴ്സുമാർ, മറ്റ് പാരമെഡിക്കൽ ജീവനക്കാർ എന്നിവർ സേവനത്തിനുണ്ടെങ്കിൽ മാത്രമേ ഓരോ വ്യക്തിക്കും ഗുണമേന്മയുള്ളതും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കാൻ സാധിക്കൂ. മതിയായ ജീവനക്കാരില്ലാത്ത അവസ്ഥ നിലവിലുള്ള ആരോഗ്യ പ്രവർത്തകരുടെ ജോലി ഭാരം വർദ്ധിപ്പിക്കുകയും ചികിത്സാ രംഗത്ത് ഗുരുതരമായ വീഴ്ചകൾക്ക് കാരണമാവുകയും ചെയ്യും. അതിനാൽ, ജനസാന്ദ്രത കണക്കിലെടുത്ത് ആരോഗ്യമേഖലയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതും കൃത്യമായ നിയമനങ്ങൾ നടത്തുന്നതും ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും വലിയ സുരക്ഷയേകുമെന്നും അദ്ദേഹം പറയുന്നു.

യാദൃശ്ചികമല്ല ഡോക്ടർ കുപ്പായം

യാദൃച്ഛികമായി മെഡിക്കൽ കോളേജിലെത്തി ഡോക്ടറായ വ്യക്തിയല്ല ഡോ.അജേഷ് രാജൻ. മറിച്ച്, കുട്ടിക്കാലം മുതലേ ഹൃദയത്തോട് ചേർത്തുവെച്ച വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണത്. കടുത്ത വേദനയോടെ തന്റെ മുന്നിലെത്തുന്ന ഏതൊരു മനുഷ്യനും നിറഞ്ഞ പുഞ്ചിരിയോടെ മടങ്ങുമ്പോഴാണ് തന്റെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. ആ തിരിച്ചറിവാണ് അദ്ദേഹത്തെ ഡോക്ടർ എന്ന പദവി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. വെറുമൊരു മനുഷ്യനായി ജീവിച്ച് മരിക്കാനല്ല അദ്ദേഹം ആഗ്രഹിച്ചത്. മറിച്ച് മറ്റുള്ളവരുടെ ജീവിതത്തിലെ പ്രകാശമാകാനാണ്. രോഗശാന്തി നൽകുക എന്നത് കേവലം ഒരു തൊഴിൽ മാത്രമല്ല, മറിച്ച് കാരുണ്യവും സമർപ്പണ ബോധവും ചേർന്നൊരു വലിയ സേവനമാണ്. ഇന്ന് ഭൂമിയിൽ ലഭ്യമായ മഹത്വരവും ദൈവീകവുമായ തൊഴിൽ മറ്റുള്ളവരുടെ വേദനകൾക്ക് പരിഹാരം കാണുന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചു.

സ്വകാര്യ കോളേജുകളിലെ ഭാരിച്ച ഫീസ് ഘടന കണക്കിലെടുത്ത് മെറിറ്റ് യോഗ്യതയോടെ സർക്കാർ കോളേജിൽ തന്നെ എം.ബി.ബി.എസ് പഠനം നടത്തണമെന്ന അദ്ദേഹത്തിന്റെ കഠിനശ്രമം ഒടുവിൽ ലക്ഷ്യം കണ്ടു. കണ്ണൂർ ഗവ.പരിയാരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് ഉപരിപഠനത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ എം.എസിനും പ്രവേശനം നേടി.

ആശയവിനിമയം അനിവാര്യം

രോഗിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിലുള്ള ആശയവിനിമയത്തിലെ കുറവാണ് പലപ്പോഴും വാക്കേറ്റത്തിലേക്കും സംഘട്ടനങ്ങളിലേക്കും നയിക്കുന്നതെന്ന് ഡോ. അജേഷ് രാജൻ വ്യക്തമാക്കുന്നു. ആശുപത്രിയിലെത്തുന്ന ബന്ധുക്കളോട് രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നൽകുന്ന ചികിത്സകളെക്കുറിച്ചും കൃത്യമായി പറഞ്ഞു മനസ്സിലാക്കണം. രോഗിക്ക് ഉണ്ടായേക്കാവുന്ന അപകട സാദ്ധ്യതകളെക്കുറിച്ച് ബന്ധുക്കളെ ബോധവൽക്കരിക്കേണ്ടത് ആരോഗ്യ പ്രവർത്തകരുടെ ചുമതലയാണ്. അല്ലാത്തപക്ഷം, കാര്യങ്ങൾ കൃത്യമായി അറിയാത്തത് വലിയ അനിഷ്ട സംഭവങ്ങളിലേക്ക് വഴിമാറാൻ കാരണമാകും.

റിട്ട.അദ്ധ്യാപകരായ രാജൻ-ശാന്ത ദമ്പതികളുടെ മകനാണ് ഡോ.അജേഷ് രാജൻ. കൂട്ടിലങ്ങാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അസിസ്റ്റൻഡ് സർജൻ ഡോ.ദീപ്തിയാണ് ഭാര്യ. കോയമ്പത്തൂർ അമൃത കോളേജിൽ റോബോട്ടിക്ക് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആദിത്യദേവ്, ആറാം ക്ലാസ് വിദ്യാർത്ഥിനി അൻവിക മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY