
ജോഹന്നസ്ബർഗ്: അനധികൃത വേട്ടയാടലിന് സംരക്ഷിത മേഖലയിലേക്ക് കടന്നുകയറിയ വേട്ടക്കാരനെ ആനക്കൂട്ടം ചവിട്ടിക്കൊന്നു. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലാണ് ദാരുണ സംഭവം. സഹായിക്കൊപ്പമാണ് വേട്ടക്കാരൻ പാർക്കിലേക്ക് പ്രവേശിച്ചത്. മുന്നിൽ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടത്തെ കണ്ടതോടെ പരിഭ്രാന്തരായ ഇരുവരും വെവ്വേറെ ദിശകളിലേക്ക് ഓടുകയും പരസ്പരം ഒറ്റപ്പെടുകയുമായിരുന്നു. ഇതോടെ ഇവർക്ക് പരസ്പരമുള്ള സമ്പർക്കം നഷ്ടപ്പെട്ടു.
സഹായി പിന്നീട് വീട്ടിൽ തിരിച്ചെത്തി. ഇയാളാണ് വേട്ടക്കാരനെ കാണാനില്ലെന്ന വിവരം അധികൃതരെ അറിയിച്ചത്. പാർക്കിനുള്ളിൽ നിന്ന് വേട്ടക്കാരന്റെ നിലവിളി ശബ്ദം കേട്ടിരുന്നെന്നും മൊഴിനൽകി. നിയമവിരുദ്ധമായി പ്രവേശിച്ചതിന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇതിനിടെ, വേട്ടക്കാരന്റെ കാൽപ്പാടുകൾ പിന്തുടർന്ന് പാർക്കിൽ ഏകദേശം ആറ് കിലോമീറ്ററോളം സഞ്ചരിച്ച റേഞ്ചർമാർ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. ആഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം റിസർവുകളിലൊന്നായ ക്രൂഗർ നാഷണൽ പാർക്ക്, കാട്ടുപോത്ത്, ആന, കാണ്ടാമൃഗം, പുള്ളിപ്പുലി, സിംഹം തുടങ്ങിയവയുടെ പ്രധാന വാസസ്ഥലമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |