SignIn
Kerala Kaumudi Online
Friday, 26 June 2026 2.01 PM IST

ഒന്നാം ട്വന്റി-20യിൽ വൈഭവ് കളിക്കില്ല? ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തിൽ പ്രവചനവുമായി മുൻ ഇന്ത്യൻ സൂപ്പർ താരം

vaibhav-suryavanshi

ബെൽഫാസ്റ്റ്: ജൂലായ് ഒന്നിന് നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിൽ കൗമാര താരം വൈഭവ് സൂര്യവംശി കളിക്കുമോ ഇല്ലയോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐപിഎല്ലിലും അണ്ടർ 19 ലോകകപ്പിലും മിന്നും പ്രകടനം നടത്തിയ താരം ആദ്യമായിട്ടാണ് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നത്.

താരം സീനിയർ ടീമംഗങ്ങളോടൊപ്പം പരിശീലനം നടത്തുന്നതിന്റെ വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. എന്നാൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വൈഭവ് പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് മുൻ ഇന്ത്യൻ താരം ചെതേശ്വർ പുജാര വിലയിരുത്തുന്നത്. സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ആരംഭിക്കുന്ന അയർലൻഡ് പരമ്പരയ്ക്കുള്ള ടീമിലും വൈഭവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

'അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരടങ്ങുന്ന ഇന്ത്യയുടെ ടോപ്പ് ത്രീ സഖ്യത്തിൽ മാറ്റമൊന്നും ഞാൻ കാണുന്നില്ല. സഞ്ജുവും ഇഷാനും ആദ്യ ഇലവനിൽ തീർച്ചയായും ഉണ്ടാകും. വരും മത്സരങ്ങളിൽ ഇന്ത്യ താരങ്ങളെ റൊട്ടേറ്റ് ചെയ്യുമ്പോൾ വൈഭവിന് ചുരുങ്ങിയത് ഒരു മത്സരത്തിലെങ്കിലും അവസരം ലഭിക്കുമെന്ന് ഉറപ്പാണ്.' -പുജാര പറഞ്ഞു.

നിലവിലെ ട്വന്റി-20 ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യ, മൂന്ന് വർഷത്തിന് ശേഷം അയർലൻഡിലേക്ക് മടങ്ങിയെത്തുമ്പോൾ പരമ്പര നേടാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള ടീമാണ്. എങ്കിലും എല്ലാവരും ഉറ്റു നോക്കുന്നത് ടീമിലെ കൗമാര വിസ്മയം വൈഭവിലേക്കാണ്. മൈതാനത്തിന്റെ എല്ലാ കോണിലേക്കും അനായാസം സിക്സറുകൾ പായിക്കാനുള്ള താരത്തിന്റെ മികവ് ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ ആവേശത്തിലാക്കിയിട്ടുണ്ട്.

അതേസമയം 2023 ഡിസംബറിന് ശേഷം ആദ്യമായാണ് ശ്രേയസ് അയ്യർ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തുന്നത്. സൂര്യകുമാർ യാദവിന് പകരക്കാരനായി ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്ന അയ്യർക്ക് ഇതൊരു പരീക്ഷണമാണ്. ഐപിഎല്ലിലെ തന്റെ മികച്ച ക്യാപ്ടൻസിയും പരിചയസമ്പത്തും, മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായുള്ള കെമിസ്ട്രിയും മുതലാക്കാനാകും അയ്യരുടെ ശ്രമം. നായകൻ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, വൈസ് ക്യാപ്ടൻ തിലക് വർമ്മ എന്നിവരടങ്ങുന്ന മദ്ധ്യനിര ഇന്ത്യയ്ക്ക് മികച്ച ബാറ്റിംഗ് കരുത്ത് പകരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VAIBHAV SURYAVANSHI, LATESTNEWS, SPORTS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360