കൊച്ചി: ഫുട്ബോൾ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പുകാർ ചോർത്തിയത് ലക്ഷക്കണക്കിന് പേരുടെ കോടിക്കണക്കിന് രൂപയും വ്യക്തിഗത വിവരങ്ങളും! ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ 13,000ലേറെ വ്യാജ പതിപ്പുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പെന്നാണ് രാജ്യാന്തര അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഫോൺ നമ്പർ, പാസ്‌പോർട്ട് പകർപ്പ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവയെല്ലാം ചോർത്തി. ഒരോരുത്തർക്കും ശരാശരി 50 മുതൽ 25,000 വരെ ഡോളർ (4,000 മുതൽ 21 ലക്ഷം വരെ രൂപ) നഷ്ടപ്പെട്ടു. വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനയ്‌ക്ക് വച്ചെന്നും സൂചനയുണ്ട്. .
സ്റ്റേഡിയം സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി ജീവനക്കാരുടെ ഒഴിവുകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസ് ഇനത്തിലും പണം തട്ടി. ടീമുകളുടെ ജേഴ്‌സികളും ഓർമ്മ വസ്തുക്കളും കുറഞ്ഞ വിലയിൽ നൽകാമെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പു നടത്തി. ലൈവ് സ്ട്രീമിംഗിനുള്ള ചില ലിങ്കുകളിൽ ക്ലിക്ക് ചെയ്ത ഒട്ടേറെ ഇന്ത്യക്കാർ ഇരകളായി.
ഓപ്പറേഷൻ ഓഫ്‌സൈഡ്
ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷനും ഇന്റർപോളും അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി ഏജൻസികളും ചേർന്ന് 'ഓപ്പറേഷൻ ഓഫ്‌സൈഡ്' വഴി വ്യാജ ലൈവ് സ്ട്രീമിംഗ് സൈറ്റുകൾ പിടിച്ചെടുക്കുകയും 1,150ലധികം തട്ടിപ്പ് ഡൊമെയ്‌നുകൾ പൂട്ടിക്കുകയും ചെയ്തു. വ്യാജ ടിക്കറ്റുകളും ജേഴ്‌സികളും വിൽക്കാൻ ശ്രമിച്ച 1,700 സോഷ്യൽ മീഡിയ അക്കൗണ്ടുകളും പൂട്ടിച്ചു.
മറ്റ് തട്ടിപ്പുകൾ
1. മത്സരങ്ങൾ സൗജന്യമായി കാണാമെന്ന വ്യാജേന ആപ്പുകളും ലിങ്കുകളും പ്രചരിപ്പിച്ചു. 'റെഡ്‌ലൈൻ" പോലുള്ള മാൽവെയറുകൾ ഉപയോഗിച്ച് ബാങ്കിംഗ് ആപ്പുകളുടെയും ഡിജിറ്റൽ വാലറ്റുകളുടെയും നിയന്ത്രണം കൈക്കലാക്കി.
2. ടിക്കറ്റുകൾ തീർന്നുപോയ മത്സരങ്ങൾക്ക് പോലും 'പരിമിതമായ ടിക്കറ്റുകൾ ലഭ്യമാണ്" എന്ന വ്യാജേന ഉയർന്ന വിലയ്‌ക്ക് ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് പണം തട്ടി.
3. ഫിഫയുടെ പേരിൽ വ്യാജ ഇമെയിലുകളും മെസേജുകളും അയച്ചായിരുന്നു മറ്റൊരു തട്ടിപ്പ്.
2022 ഫുട്ബോൾ ലോകകപ്പിനെ അപേക്ഷിച്ച് ഇത്തവണ സൈബർ തട്ടിപ്പുകൾ വ്യാപകമായിരുന്നു. വ്യാജ ടിക്കറ്റ്, ലൈവ് സ്ട്രീമിംഗ് എന്നിവ മറയാക്കിയായിരുന്നു തട്ടിപ്പ് .
നന്ദകിഷോർ ഹരികുമാർ
സൈബർ സുരക്ഷാ വിദഗ്ദ്ധൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |