SignIn
Kerala Kaumudi Online
Wednesday, 02 September 2026 6.19 PM IST

ഫിറ്റല്ലെങ്കിൽ ടീമിലില്ല; താരങ്ങൾ ഈ കടമ്പ കടന്നേ മതിയാകൂ, ഇനി ഒരു റിസ്കിനുമില്ലെന്ന് ബിസിസിഐ

sanju-samson-
സഞ്ജു സാംസൺ,​ ജസ്പ്രീത് ബുംറ,​ ഹർഷിത് റാണ,​ ഹാർദിക് പാണ്ഡ്യ

ന്യൂഡൽഹി: വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും പതിവായതോടെ ടീം സെലക്ഷൻ പ്രക്രിയയിൽ പുതിയ മാനദണ്ഡങ്ങൾ നിർദേശിച്ച് ബിസിസിഐ. പരിക്കേറ്റ താരങ്ങൾ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് മുമ്പ് ടീമിലേക്ക് ഉൾപ്പെടുത്തിയതിനെതിരെ സമീപകാലത്ത് നിരവധി വിമർശനങ്ങൾ ഉയ‌ർന്നിരുന്നു. ഇതിന് പിന്നാലെയാണ് സെലക്ഷൻ നയത്തിൽ നിർണായക മാറ്റം വരുത്താനുള്ള തീരുമാനം ബിസിസിഐ എടുത്തത്.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടീമിൽ ഉൾപ്പെടുത്തിയ താരങ്ങളുടെ പേരുകൾക്കൊപ്പം നക്ഷത്രചിഹ്നം (*) നൽകിയിരുന്നു. നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, വാഷിംഗ്ൺ സുന്ദർ, ഹർഷിത് റാണ എന്നിവരുടെ ഫിറ്റ്നസ് സംബന്ധിച്ച് ഇപ്പോഴും പൂർണ ഉറപ്പില്ലാത്തതിനാലാണ് അത്തരത്തിൽ രേഖപ്പെടുത്തിയിരുന്നത്.

പരിക്കേറ്റ താരങ്ങളുടെ കാര്യത്തിൽ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ സമീപനത്തിനെതിരെ കഴിഞ്ഞ ഏതാനും മാസങ്ങളായി വിമർശനം ശക്തമായിരുന്നു. ഹർഷിത് റാണ, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി ടീമിൽ ഉൾപ്പടുത്തിയതിന് പിന്നാലെ അവർ പരിക്കിനെ തുടർന്ന് പുറത്തായ അനുഭവങ്ങൾ നിരവധിയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു താരത്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച് പൂർണ ഉറപ്പില്ലെങ്കിൽ ഇനി ടീമിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്.

ഒരു താരത്തിന് മത്സരത്തിൽ പൂർണമായും പങ്കെടുക്കാൻ കഴിയുമെന്നതിനെക്കുറിച്ചുള്ള ഉറപ്പുണ്ടാകണം എന്നതിനാലാണ് പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ തലവനായ വി.വി.എസ് ലക്ഷ്മണും അടുത്തിടെ ഇക്കാര്യത്തിൽ ബോർഡിന്റെ പുതിയ നിലപാടിനെക്കുറിച്ച് സൂചന നൽകിയിരുന്നു. താരങ്ങളുടെ ഫിറ്റ്നസ് റിപ്പോർട്ടുകളിലും ടീം സെലക്ഷനിലും കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ശ്രമമെന്നാണ് ലക്ഷ്മൺ പറഞ്ഞത്.ഒരു താരത്തെ ഫിറ്റ്നസ് വ്യവസ്ഥയ്ക്ക് വിധേയമായി ടീമിൽ ഉൾപ്പെടുത്തിയാൽ പൂർണമായും ഫിറ്റനസ് നേടാത്ത സാഹചര്യത്തിൽ പകരം മറ്റൊരാളെ ആ സ്ഥാനത്ത് ഉൾപ്പെടുത്തും.

ചില താരങ്ങളുടെ പേരുകൾക്കൊപ്പം നക്ഷത്രചിഹ്നം നൽകിയതിന്റെ കാരണവും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വിശദീകരിച്ചു. സാധാരണയായി അന്താരാഷ്ട്ര പരമ്പരയ്ക്ക് മൂന്ന് മുതൽ നാല് ആഴ്ച മുമ്പാണ് ടീം പ്രഖ്യാപിക്കുന്നത്. അതിനാൽ ടീമിൽ ഉൾപ്പെടുത്തുമ്പോഴുള്ള ഫിറ്റ്നസ് സാഹചര്യം വ്യക്തമാക്കേണ്ടതുണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്. 'ഒരു താരത്തെ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന ദിവസം അദ്ദേഹം ഫിറ്റല്ലാത്തതിനാൽ പൂർണമായും ഒഴിവാക്കേണ്ടതില്ല. അടുത്ത 21 അല്ലെങ്കിൽ 28 ദിവസത്തിനുള്ളിൽ അദ്ദേഹം പൂർണ ഫിറ്റായാൽ യാത്ര ചെയ്യാനും മത്സരത്തിൽ കളിക്കാനും സാധിക്കും'- സൈകിയ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ജസ്പ്രീത് ബുംറയും നിതീഷ് കുമാർ റെഡ്ഡിയും സെപ്തംബർ 13ന് ഡൽഹിയിൽ നടക്കുന്ന ആദ്യ ട്വന്റി20 മത്സരത്തിന് മുമ്പ് പൂർണ ഫിറ്റായി ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. അതേസമയം,​ ഹർഷിത് റാണയുടെയും വാഷിങ്ടൺ സുന്ദറിന്റെയും ഫിറ്റ്നസ് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ടീമിൽ ഉൾപ്പെട്ടവർ പരിക്ക് മൂലം പുറത്താകുന്ന സാഹചര്യം ഇനി ഉണ്ടാകുന്നത് തടയാനാണ് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഇത്തരത്തിൽ തീരുമാനം എടുത്തതെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

English Summary

The BCCI has introduced stricter fitness criteria for team selection following criticism over injured players being picked without full fitness clearance. Players with uncertain fitness will no longer be guaranteed a place. Fitness-marked selections may be replaced if players fail to recover. The new approach aims to improve transparency and prevent injury-related withdrawals from international squads.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BCCI SELECTION POLICY, TEAM SELECTION, PLAYER FITNESS, INDIA CRICKET TEAM, BCCI FITNESS RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360