
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാമൂഴത്തിലെ ആദ്യ പുന:സംഘടനയിൽ 12 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുമെന്ന് സൂചന. അടുത്ത കൊല്ലം തിരഞ്ഞെടുപ്പ് നടക്കുന്ന യു.പി അടക്കം സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കും.
പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്ര മന്ത്രിസഭയുടെ നിലവിലെ അംഗബലം 69 ആണ്. 81 അംഗങ്ങൾ വരെയാകാം.ബി.ജെ.പി ട്രഷററായി നിയമിതനായെങ്കിലും വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ മന്ത്രിസഭയിൽ തുടരുമെന്നാണ് സൂചന. രാജ്യസഭാ കാലാവധി പൂർത്തിയാകുന്ന പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, സാമൂഹിക നീതി സഹമന്ത്രി ബി.എൽ വർമ്മ എന്നിവരെയും മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ചില മന്ത്രിമാരെയും ഒഴിവാക്കിയേക്കും.
യുവ പ്രാതിനിധ്യം
കൂടും
മോദി സർക്കാരിലെ 65 ശതമാനത്തിലധികം മന്ത്രിമാർ 51-70 പ്രായക്കാരാണ്. 24 ശതമാനം 31-50 പ്രായക്കാർ. 12 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 70 വയസ്സിനു മുകളിലുള്ളവരാണ്. 81 കാരനായ എച്ച്.എ.എം നേതാവ് ജിതൻ റാം മാഞ്ചിയാണ് ഏറ്റവും സീനിയർ . ഏറ്റവും ചെറുപ്പം 38 കാരനായ കെ റാം മോഹൻ നായിഡു.വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നുള്ള സാഹചര്യത്തിൽ ചെറുപ്പക്കാർക്ക് കൂടുതൽ അവസരം ലഭിച്ചേക്കും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ, ആംആദ്‌മി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലെത്തിയ രാഘവ് ഛദ്ദ, യുവമോർച്ച മുൻ അദ്ധ്യക്ഷൻ തേജസ്വി സൂര്യ തുടങ്ങിയവർക്ക് സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |