
ന്യൂഡൽഹി: മലയാളികൾക്ക് തിരുവോണ സമ്മാനമായി സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നത് 'കേരളം' എന്നാക്കിയ നിയമം പ്രാബല്യത്തിൽ. വർഷകാല സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ നിയമത്തിന് ആഗസ്റ്റ് 14ന് രാഷ്ട്രപതി അംഗീകാരം നൽകിയെങ്കിലും ഇന്നാണ് കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതിനാൽ 2027 ആഗസ്റ്റ് 25ന് മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും കേരളം ആകും. കോടതികളിലും പേരുമാറ്റം ബാധകമാകും. 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ തുടർച്ചയായി രാഷ്ട്രപതിയുടെ ശുപാർശയോടെയാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.
പേരു മാറുമ്പോൾ 'ഗവൺമെന്റ് ഒഫ് കേരളം" എന്ന് ഇഗ്ലീഷിലും മലയാളത്തിൽ 'കേരളം സർക്കാർ" എന്നും മാറ്റണം. കേരള നിയമസഭ കേരളം നിയമസഭ എന്നാവും. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫീസുകളുടെ ബോർഡുകൾ, മുദ്രകൾ, ലെറ്റർപാഡുകൾ, വെബ്സൈറ്റുകൾ, ആപ്പുകൾ, ലോഗോകൾ എന്നിവയെല്ലാം മാറ്റേണ്ടിവരും.
സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ എന്നിവയെല്ലാം പുതിയ പേരിൽ അച്ചടിക്കേണ്ടി വരും. പൊതുമേഖല സ്ഥാപനങ്ങളുടെയും ബോർഡ്- കോർപ്പറേഷനുകളുടെയും പേര് മാറും. പി.എസ്.സിയുടെ പേരിനൊപ്പം കേരളം ചേർക്കും. കമ്മിഷനുകളുടെയും ക്ഷേമനിധികളുടെയുമെല്ലാം പേരും മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |