
കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചുകൊണ്ട് ധർമേന്ദ്ര പ്രധാൻ യുവാക്കൾക്കായി എഴുതിയ കത്തിന്റെ പൂർണ രൂപം. എന്റെ യുവ സുഹൃത്തുക്കളെ എന്ന് അഭിസംബോധന ചെയ്താണ് കത്ത്.
..........................................................
കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി ഞാൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണത്തിനുമായി സമർപ്പിതനായി പ്രവർത്തിച്ചു. ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ദീർഘദർശിയുമായ വിദ്യാഭ്യാസ സംവിധാനമാണ് ശക്തമായ രാഷ്ട്രത്തിന്റെ അടിത്തറയെന്ന് ഞാൻ വിശ്വസിക്കുന്നു. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുകയെന്നത് നമ്മുടെയെല്ലാം രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന്റെ ധാർമ്മിക പ്രതിജ്ഞയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘദർശിയായ നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ ലഭിച്ച അവസരത്തിന് അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു. 2026 മേയ് 3ന് നടന്ന നീറ്ര് യു.ജി പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തി. കേന്ദ്രസർക്കാരിത് ഉടനടി ഗൗരവമായി പരിഗണിച്ച് അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കുകയും, പരീക്ഷ റദ്ദാക്കി പുതിയ തീയതി പ്രഖ്യാപിക്കുകയും ചെയ്‌തു.
ഇതോടൊപ്പം, അടുത്തവർഷം മുതൽ ഈ പരീക്ഷ കമ്പ്യൂട്ടർ ബേസ്‌ഡ് ടെസ്റ്റ് രീതിയിൽ നടത്താൻ തീരുമാനിച്ചു. ഈ കാലയളവിൽ, 20 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ പരീക്ഷ സുഗമമായി നടത്തുക എന്നതായിരുന്നു പ്രധാന മുൻഗണന. കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന സർക്കാരുകൾക്കും പ്രത്യേകിച്ച് ജില്ലാ ഭരണകൂടങ്ങൾക്കും സുപ്രധാന പങ്കുണ്ടായിരുന്നു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ 2026 ജൂൺ 21ന് ഈ പരീക്ഷ പൂർത്തിയായി. ആദ്യദിവസം മുതൽ ഞാൻ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഈ സാഹചര്യത്തിൽ നിന്ന് ഒരിക്കലും മുഖം തിരിച്ചില്ല. പരീക്ഷാമാഫിയ കാരണം മിടുക്കനായ ഒരു വിദ്യാർത്ഥിയുടെ സാദ്ധ്യതയും തകരാൻ അനുവദിക്കില്ല, ഒരു വിദ്യാർത്ഥിക്കും അനീതിയുണ്ടാകാൻ അനുവദിക്കില്ല എന്നതായിരുന്നു എന്റെ പ്രതിജ്ഞ.
ജൂലായ് 16ന് പ്രഖ്യാപിച്ച നീറ്റ് യു.ജി ഫലം തൃപ്‌തികരമായിരുന്നു. ദരിദ്രപശ്ചാത്തലത്തിൽ നിന്നുള്ള നിരവധി മിടുക്കരായ വിദ്യാർത്ഥികൾക്കും വിജയം നേടാനായി. എന്നാൽ ഈ കാലയളവിലും,വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാൻ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലർ തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു, ഇത് എന്നെ അത്യധികം വേദനിപ്പിച്ചു. നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയിൽ ഞാൻ എന്നും അചഞ്ചലമായ വിശ്വാസം പുലർത്തിയിട്ടുള്ള ആളാണ്.
10 ദിവസത്തെ സംഭവങ്ങളിൽ ദു:ഖിതൻ
യുവാക്കളുടെ അഭിലാഷങ്ങളെയും സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും ആഴത്തിൽ ബഹുമാനിച്ചിട്ടുള്ള ആളുമാണ്. അവർ ഇന്ത്യയുടെ ഭാവി മാത്രമല്ല, മറിച്ച് പുതിയതും വികസിതവുമായ ഇന്ത്യയുടെ വാഹകരും നിർമ്മാതാക്കളും ഭാവിയുടെ ശിൽപ്പികളും കൂടിയാണ്. കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങൾ കണ്ട് എന്റെ മനസ് ദുഃഖിതമാണ്. ഇത് എനിക്ക് വ്യക്തിപരമായ അന്തസിന്റെ വിഷയമല്ല. ഇന്ത്യയുടെ യുവശക്തിയാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ ശക്തി.
രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല എന്നതാണ് എന്റെ പ്രതിജ്ഞ. ജന്തർമന്ദറിലും,രാജ്യത്തും ഉടലെടുത്ത സാഹചര്യം രാഷ്ട്രവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാൻ, രാജ്യത്തിന്റെ ഐക്യം നിലനിൽക്കാൻ, ഇന്ത്യയിലെ ഒരു വിദ്യാർത്ഥിയുടെയും ഭാവി നിയമക്കുരുക്കുകളിൽ കുടുങ്ങാതിരിക്കാൻ, നമ്മുടെ കുട്ടികൾ അവരുടെ സമയം പഠനത്തിനായി വിനിയോഗിക്കാനും കരിയർ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാനും വേണ്ടി ചിന്തിച്ചാണ് എന്റെ രാജിക്കത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് അയച്ചിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് നന്ദി
പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശത്തിനും വിശ്വാസത്തിനും തുടർച്ചയായ പിന്തുണയ്ക്കും ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം,മന്ത്രിസഭയിലെ എല്ലാ ബഹുമാന്യരായ സഹപ്രവർത്തകർക്കും,മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നന്ദി അറിയിക്കുന്നു. രാഷ്ട്രസേവനമാണ് എന്റെ ജീവിതത്തിലെ പരമോന്നത മുൻഗണന. ഇതിനായി ഞാൻ എന്നും സമർപ്പിതനായി തുടരും. ഭഗവാൻ ശ്രീജഗന്നാഥന്റെ അനുഗ്രഹത്താൽ, ഭാരതമാതാവിനും ഒഡീഷയിലെ ജനങ്ങൾക്കും രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനും വേണ്ടി ഭാവിയിലും എന്നാൽ കഴിയുന്ന എല്ലാ വിധത്തിലും ഞാൻ എന്നെത്തന്നെ സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |