ന്യൂഡൽഹി: മണിക്കൂറിൽ 320 കിലോ മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. മുംബയ്-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിയിൽ ഇതിനായി നിരവധി നൂതന സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അതിവേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ മറ്റൊരു ട്രാക്കിലേക്ക് മാറുമ്പോൾ യാത്രക്കാർക്ക് പെട്ടെന്നുള്ള കുലുക്കമോ ആഘാതമോ അനുഭവപ്പെടാതിരിക്കാൻ സഹായിക്കുന്ന പ്രത്യേക സംവിധാനമായ ‘കാന്റഡ് ടേൺഔട്ട്’.
508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി നിർമിക്കുന്നത് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് . മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന ട്രെയിനിന് ഉയർന്ന വേഗത്തിൽ പാളം മാറുന്നത് വലിയ വെല്ലുവിളിയാണ്. ഇതിന് പരിഹാരമായാണ് കാന്റഡ് ടേൺഔട്ട് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
സാധാരണ റെയിൽവേ പാളങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുള്ള ഭാഗം ഒരേ രീതിയിലുള്ള ചെരിവോടെയല്ല നിർമിക്കുന്നത്. ട്രെയിൻ ഇത്തരം ഭാഗത്തുകൂടി കടന്നുപോകുമ്പോൾ ചക്രങ്ങൾക്ക് പാളത്തിന്റെ ഘടനയിൽ പെട്ടെന്നുള്ള മാറ്റം നേരിടേണ്ടിവരും. ട്രെയിനിന്റെ വേഗത കൂടുന്നതിനനുസരിച്ച് ഇത് കൂടുതൽ ശക്തമായ ബലം, കുലുക്കം, യാത്രക്കാർക്ക് അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകാം. അതുകൊണ്ടുതന്നെ സാധാരണ ട്രെയിനുകൾക്ക് ട്രാക്ക് മാറ്റേണ്ടി വരുമ്പോൾ വേഗത ഗണ്യമായി കുറയ്ക്കേണ്ടിവരും. എന്നാൽ ബുള്ളറ്റ് ട്രെയിൻ പോലുള്ള അതിവേഗ ട്രെയിനുകൾക്ക് ഈ രീതി അനുയോജ്യമല്ല.
പാളത്തിന് ആവശ്യമായ ചെരിവ് അഥവാ ‘കാന്റ്’ പാളം മാറ്റുന്ന ഭാഗത്തും നിലനിർത്തുന്ന സംവിധാനമാണ് കാന്റഡ് ടേൺഔട്ട്. ഈ സംവിധാനമനുസരിച്ച് വളവുകളിൽ പാളത്തിന്റെ പുറത്തെ ഭാഗം അകത്തുള്ളതിനേക്കാൾ ഉയരത്തിലായിരിക്കും. ട്രെയിൻ വളവിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ബലം നിയന്ത്രിക്കാൻ ഈ ചെരിവ് സഹായിക്കും. പാളത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴും ആവശ്യമായ ചെരിവ് നിലനിർത്താൻ ഇതിലൂടെ സാധിക്കും. ഇതുവഴി ട്രെയിനിലും ചക്രങ്ങളിലും അനുഭവപ്പെടുന്ന പെട്ടെന്നുള്ള ബലം കുറയ്ക്കാനും സുഗമമായ പാളംമാറ്റം ഉറപ്പാക്കാനും കഴിയും. മണിക്കൂറിൽ നൂറുകണക്കിന് കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോഴും ട്രാക്ക് മാറുന്നത് യാത്രക്കാർക്ക് കൂടുതൽ സുഗമമായി അനുഭവപ്പെടും.
ബുള്ളറ്റ് ട്രെയിൻ ഇപ്പോൾ ‘സ്ക്വീസ് ടെസ്റ്റ്’ ഉൾപ്പെടെയുള്ള പരിശോധനകളിലൂടെ കടന്നുപോകുകയാണ്. പദ്ധതിയുടെ ഏറ്റവും പുതിയ വിവരമനുസരിച്ച് ആദ്യ ഭാഗത്തിന്റെ നിർമാണം 2026 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സൂറത്ത്-വാപി ഭാഗത്തുള്ള ഏകദേശം 100 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ സർവീസ് 2027 ഓഗസ്റ്റ് 15ന് പ്രവർത്തനം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ദൂരം ഏകദേശം 20 മിനിറ്റിനുള്ളിൽ ട്രെയിൻ പിന്നിടുമെന്നാണ് പ്രതീക്ഷ.മുംബയിലെ ബാന്ദ്ര-കുർള കോംപ്ലക്സിൽ നിന്ന് അഹമ്മദാബാദിലെ സബർമതിയിലേക്കുള്ള പൂർണമായ 508 കിലോമീറ്റർ ഇടനാഴി 2029 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2017 സെപ്തംബർ 14നാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായത്.
India's first bullet train project, the Mumbai-Ahmedabad High-Speed Rail, is rapidly progressing. It will feature a "Canted Turnout" system ensuring smooth track changes at speeds up to 320 km/h, preventing passenger discomfort. The 508 km corridor's initial section aims to commence operations by August 2027, with full completion targeted for December 2029.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |