
കൊച്ചി: വനിതകളിൽ ഇരുചക്രവാഹന യാത്രയുടെ ആത്മവിശ്വാസം വളർത്തുന്നതിനായി റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച ‘ആർബി ഫോർ വിമെൻ’ പരിശീലന പരിപാടിയിൽ 150-ലധികം വനിതകൾ പങ്കെടുത്തു. ഓട്ടോമാറ്റിക്, ഗിയർലെസ് സ്കൂട്ടറുകൾ കൈകാര്യം ചെയ്യുന്നതിനും ഗിയർ മോട്ടോർസൈക്കിളുകൾ ആത്മവിശ്വാസത്തോടെ ഓടിക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്.
പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിൽ ബാലൻസ്, ത്രോട്ടിൽ നിയന്ത്രണം, അടിയന്തര ബ്രേക്കിംഗ്, സുരക്ഷിത ഡ്രൈവിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകി. സുരക്ഷാ ഉപകരണങ്ങൾ ധരിച്ചായിരുന്നു പരിശീലനം. എംബിഎസ്‌ഐ റോയൽ ബ്രദേഴ്‌സിന് നൽകിയ വാഹനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഇന്ത്യയിൽ ഇതിനകം 1,500-ലധികം വനിതകൾക്ക് ‘ആർബി ഫോർ വിമെൻ’ പദ്ധതിയിലൂടെ പരിശീലനം നൽകിയതായി കമ്പനി അറിയിച്ചു. ഈ വർഷം കേരളത്തിൽ പ്രവർത്തനം ആരംഭിച്ച റോയൽ ബ്രദേഴ്‌സിന് നിലവിൽ നാല് നഗരങ്ങളിൽ സാന്നിധ്യമുണ്ട്.
“തുടക്കത്തിലെ മടിയും ആശങ്കയും മറികടന്ന് 150-ലധികം വനിതകൾ ആത്മവിശ്വാസത്തോടെ വാഹനം ഓടിക്കുന്നത് സംരംഭത്തിന്റെ ലക്ഷ്യത്തെ വ്യക്തമാക്കുന്നു,” റോയൽ ബ്രദേഴ്‌സ് സഹസ്ഥാപകനും സി.ഇ.ഒയുമായ അഭിഷേക് ചന്ദ്രശേഖർ പറഞ്ഞു. ഇരുചക്രവാഹനങ്ങളുടെ ഉടമസ്ഥതയ്ക്കുപകരം ആവശ്യാനുസരണം ഉപയോഗിക്കാനുള്ള സൗകര്യം വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് കൂടുതൽ സ്വതന്ത്രമായ യാത്രയും സാമ്പത്തിക അവസരങ്ങളും ലഭ്യമാക്കുന്നതിന് ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് എംബിഎസ്‌ഐ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ കൊബയാഷി മസഹാരു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |