
ഐ.ടി റിട്ടേണിന് ഇനി അഞ്ച് ദിവസം മാത്രം
കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിലെ (അസസ്‌മെന്റ് വർഷം 2026-27) ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട വ്യക്തിഗത നികുതിദായകരുടെ സമയ പരിധി ജൂലായ് 31ന് അവസാനിക്കും. ശമ്പളക്കാർ, പെൻഷൻകാർ, നികുതി ഓഡിറ്റിന് വിധേയരല്ലാത്ത വ്യക്തികളാണ് ഈ സമയത്തിനുള്ളിൽ ഐ.ടി റിട്ടേണുകൾ നൽകേണ്ടത്. അവസാന തിയതി കഴിഞ്ഞാലും പിഴയും നികുതി കുടിശികയുണ്ടെങ്കിൽ പലിശയും അടക്കം ഡിസംബർ 31 വരെ ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കാം.
ശ്രദ്ധിക്കേണ്ടത്
1. ഫോം 16ലെ വിവരങ്ങളും ശമ്പളവിവരങ്ങളും ശരിയാണോയെന്ന് പരിശോധിക്കണം
2. വാർഷിക വിവര സ്‌റ്റേറ്റ്‌മെന്റ്, ഫോം26എ.എസ് എന്നിവയിലെ വിവരങ്ങൾ ഒത്തുനോക്കണം
3. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ വരുമാനം ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് നോക്കണം
4. ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപങ്ങളിലെ മൂലധന നേട്ടം രേഖപ്പെടുത്തണം
5. റീഫണ്ട് ലഭിക്കാനുള്ള ബാങ്ക് അക്കൗണ്ട് റീവാലിഡേറ്റ് ചെയ്‌തുവെന്ന് ഉറപ്പാക്കണം
6. മൊബൈൽ നമ്പറും ഇമെയിൽ വിലാസവും കൃത്യമാണോയെന്ന് പരിശോധിക്കണം
പുതിയ നികുതി നിരക്കുകൾ
വാർഷിക വരുമാനം നികുതി നിരക്ക്
4 ലക്ഷം രൂപ വരെ നികുതിയില്ല
4 മുതൽ 8 ലക്ഷം രൂപ വരെ 5%
8 മുതൽ 12 ലക്ഷം രൂപ വരെ 10%
12 മുതൽ 16 ലക്ഷം രൂപ വരെ 15%
16 മുതൽ 20 ലക്ഷം രൂപ വരെ 20%
20 മുതൽ 24 ലക്ഷം രൂപ വരെ 25%
24 ലക്ഷം രൂപയ്ക്ക് മുകളിൽ 30%
(ശമ്പളക്കാർക്ക് സ്‌റ്റാൻഡേർഡ് ഡിഡക്ഷനായി 75,000 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും. പുതിയ നികുതി സംവിധാനത്തിൽ ഇളവുകളും റിബേറ്റും കണക്കിലെടുത്താൽ 12 ലക്ഷം രൂപ വരെ വരുമാനമുണ്ടെങ്കിൽ നികുതി ബാദ്ധ്യതയുണ്ടാകില്ല. ശമ്പളക്കാർക്ക് 12.75 ലക്ഷം രൂപ വരെ നികുതി നൽകേണ്ട. പഴയ നികുതി സംവിധാനവും പുതിയ നികുതി സംവിധാനവും തിരഞ്ഞെടുക്കാൻ നികുതിദായകർക്ക് കഴിയും. ശമ്പളക്കാർ ഭൂരിപക്ഷവും പുതിയ സംവിധാനമാണ് തിരഞ്ഞെടുക്കുന്നത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |