SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 AM IST

വേഴാമ്പലുകളുടെ പറുദ്ദീസയായി അതിരപ്പിള്ളി താഴ്വരകൾ

hornbill

ചാലക്കുടി: മഞ്ഞുകാലം വരവായി, വേഴാമ്പലുകളുടെ മധുവിധു വേളയും. കാതടപ്പിക്കുന്ന വേഴാമ്പലിന്റെ കേഴൽ അതിരപ്പിള്ളിയുടെ നിശബ്ദ താഴ്വരകളിൽ ഇനി മുഴങ്ങും. ഡിഡംബർ മുതൽ ഇണചേരൽ തുടങ്ങും. ഇതിന്റെ മുന്നോടിയായി ഇപ്പോൾ തന്നെ ജനസാമീപ്യമുള്ള മലയോരത്തും പുഴകളുടെ തീരങ്ങളിലും വേഴാമ്പലുകൾ തമ്പടിച്ചു. വാഴച്ചാൽ മുതൽ ഷോളയാർ വരെ പാതയോര കാടുകളിൽ പലയിനം വേഴാമ്പലുകൾ എത്തിത്തുടങ്ങി. ഇണയെ കണ്ടെത്തുന്നതോടെ കൂടൊരുക്കാൻ തുടങ്ങും. ജനുവരി മുതൽ മേയ് വരെയാണ് മുട്ടയിടൽ. ഒന്ന്,​ ഒന്നര മാസത്തിനിടയിൽ മുട്ട വിരിയുമെങ്കിലും കുഞ്ഞുങ്ങൾക്ക് ചിറകു മുളയ്ക്കുന്ന രണ്ടുമാസത്തോളം അമ്മ വേഴാമ്പലിന് കൂടുതന്നെ ശരണം. പൊതുവെ പഴങ്ങൾ മാത്രം ഭക്ഷിക്കുന്ന ഇവ കൂടൊരുക്കൽ കാലത്ത് മിശ്രബുക്കായിരിക്കുമത്രേ. ഓന്ത്, പാറ്റ തുടങ്ങിയ ജീവികളാകും അക്കാലത്ത് ഇവയുടെ ശാപ്പാട്.

കുഞ്ഞുങ്ങൾക്ക് പ്രോട്ടീൻ ആവശ്യമുള്ളതിനാലാണ് ഭക്ഷണരീതിയിൽ മാറ്റം വരുത്തുന്നതെന്ന് ഗവേഷക പറയുന്നു. മറ്റു പക്ഷികളുടെ കൂട്ടിൽ അതിക്രമിച്ചെത്തി കുഞ്ഞുങ്ങളെ തിന്നുന്ന ശല്യക്കാരുമാണിവർ. പാണ്ടൻ വേഴാമ്പലുകളുടെ സാമീപ്യത്താൽ അതിരപ്പിള്ളി പ്രദേശമാണ് ഇപ്പോൾ നിറപ്പകിട്ടാകുന്നത്. വാഴച്ചാൽ, വെറ്റിലപ്പാറ തുടങ്ങിയ ഇടങ്ങളിലുമുണ്ട്. വംശനാശത്തിന്റെ വക്കോളമെത്തിയ മലമുഴക്കി വേഴാമ്പലുകളെ ഷോളയാറിലും നെല്ലിയാമ്പതിയിലും കാണാം.



ആലിൻപഴങ്ങൾ പ്രിയം
കാട്ടിലെ 22ഇനം ആലുകളുടെ പഴങ്ങളാണ് വേഴാമ്പലുകളുടെ ഇഷ്ടഭക്ഷണം. 148 മറ്റു മരങ്ങളുടെ പഴങ്ങളും വേഴാമ്പലുകൾ ഭക്ഷിക്കാറുണ്ട്. കാട്ടുപഴങ്ങൾ മുഴുവനോടെ ഭക്ഷിച്ച്, പലയിടങ്ങളിലായി കാഷ്ഠത്തിലൂടെ വിത്തുകൾ വിതരണം ചെയ്യുന്നതിനാൽ വനവത്കരണത്തിൽ പങ്കുവഹിക്കുന്നു. കുഞ്ഞുങ്ങൾ വിരിയും വരെയുള്ള കരുതലും സംരക്ഷണവും കണക്കിലെടുത്ത് വേഴാമ്പലുകളെ സ്‌നേഹത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കുന്നു. മലമുഴക്കി വേഴാമ്പലുകളുടെ ഇപ്പോഴത്തെ എണ്ണം അഞ്ഞൂറിലെത്തി. 2019ലെ കണക്കുപ്രകാരം പാണ്ടൻ വേഴാമ്പലുകൾ എണ്ണം 150 ഓളം വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL