പാലക്കാട്: ചൂണ്ടുവിരലിനാൽ അരിമണികളിലും പൊൻ മോതിരത്താൽ നാവിലും അക്ഷര പുണ്യം നുകർന്ന് ആയിരക്കണക്കിനു കുരുന്നുകൾ വിദ്യയുടെ ലോകത്തേക്കു ചുവടുവെച്ചു. നല്ല വാക്കുകൾ കേൾക്കാനും കുറിക്കാനും ഉച്ചരിക്കാനും കഴിവു നൽകണമെന്ന പ്രാർത്ഥനയോടെയാണ് കൊഞ്ചിയും കരഞ്ഞും ചിരിച്ചുല്ലസിച്ചും വിജയദശമി ദിനത്തിൽ കുട്ടികൾ അക്ഷര ദേവതയെ ഉപാസിച്ചത്. പാലക്കാട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങൾ ഇന്നലെ പുലർച്ചെ തന്നെ ഹരിശ്രീ കുറിക്കാനെത്തിയ കുരുന്നുകളെയും രക്ഷിതാക്കളെയും കൊണ്ട് നിറഞ്ഞിരുന്നു.
മണപ്പുള്ളിക്കാവിൽ ഇന്നലെ രാവിലെ ഏഴിന് എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിച്ചു. കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രം (ഏമൂർ ഭഗവതി ക്ഷേത്രം), വടക്കന്തറ തിരുപുരയ്ക്കൽ ഭഗവതി ക്ഷേത്രം, മൂത്തന്തറ കർണകിയമ്മൻ ക്ഷേത്രം, പുത്തൂർ തിരുപുരായ്ക്കൽ ഭഗവതീക്ഷേത്രം, തിരുവാലത്തൂർ രണ്ടുമൂർത്തി ക്ഷേത്രം, കാവിൽപ്പാട് ഭഗവതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ആരാധനാലയങ്ങളിലെല്ലാം വിദ്യാരംഭം ചടങ്ങുകൾ നടന്നു. നൂറുകണക്കിന് കുരുന്നുകളാണ് ആദ്യക്ഷര പുണ്യം നുകർന്നത്.
തെക്കേഗ്രാമം തുഞ്ചൻ ഗുരുമഠത്തിൽ ബുധനാഴ്ച രാവിലെ ഭാഷാപിതാവ് ഉപയോഗിച്ചിരുന്ന എഴുത്താണി, സാളഗ്രാമം, ശ്രീചക്രം, യോഗദണ്ഡ്, പാദുകം, താളിയോലഗ്രന്ഥങ്ങൾ എന്നിവയിൽ തൃമധുരത്തോടെ പൂജ നടന്നു. 7.30ന് നേദിച്ച തൃമധുരം ആദ്യകുട്ടിക്ക് നൽകി. ശേഷം എഴുത്തിനിരുത്തിന് തുടക്കമായി.
കിള്ളിക്കുറിശ്ശി-മംഗലത്തെ കുഞ്ചൻനമ്പ്യാർ സ്മാരകത്തിൽ ഇന്നലെ പുലർച്ചെ 5ന് സരസ്വതിപൂജ നടന്നു. 7-ന് വിദ്യാരംഭം ചടങ്ങുകളും ആരംഭിച്ചു. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ രാവിലെ 7.30-ന് സരസ്വതിപൂജ നടന്നു. 8-ന് വിദ്യാരംഭവും ആരംഭിച്ചു. അയ്യപ്പൻകാവിൽ വിജയദശമിപൂജയ്ക്കു ശേഷം ഇന്നലെ രാവിലെ 8.30ന് വിദ്യാരംഭം ആരംഭിച്ചു. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ 9 മുതൽ ടോക്കൺ നമ്പർ പ്രകാരം വിദ്യാരംഭം ചടങ്ങുകൾ നടന്നു. പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാവിലെ 7.30-ന് വിദ്യാരംഭം ചടങ്ങുകൾക്ക് തുടക്കമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |