
തൃശൂർ: പുന്നത്തൂർ കോട്ടയിലെ ആനകളുടെ സംരക്ഷണം സംബന്ധിച്ച നിയമപോരാട്ടം മൂന്നുവർഷം പിന്നിട്ടിട്ടും തീരുമാനമാകാതെ നീളുന്നു. എല്ലാം ശരിയായെന്ന് ഗുരുവായൂർ ദേവസ്വം പറയുമ്പോൾ ഇല്ലെന്നാണ് ഹർജിക്കാരുടെ വാദം. വിഷയത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് 67സിറ്റിംഗുകൾ നടത്തുകയും നാല്പതിലധികം ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ, കോടതിയുടെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചെന്ന് ദേവസ്വം അറിയിച്ചു. എന്നാൽ പല കാര്യങ്ങളും ശരിയാകാനുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. ഇനി അവശേഷിക്കുന്ന പരാതികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന ചാർട്ട് സമർപ്പിക്കാൻ ഹർജിക്കാരോട് നിർദ്ദേശിച്ച കോടതി, കേസ് എട്ടിലേക്ക് മാറ്റി. ആനകളുടെ മൂവ്‌മെന്റ് രജിസ്റ്റർ, ഫീഡിംഗ് രജിസ്റ്റർ, ചികിത്സാ രേഖകൾ തുടങ്ങിയവ വിളിച്ചുവരുത്തേണ്ടിയും വന്നു. കേസ് പരിഗണനയിലിരിക്കേ ആനക്കലിയും പാപ്പാന്മാരുടെ ക്രൂരതയുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളുമുണ്ടായിരുന്നു. കോടതി മാർഗനിർദ്ദേശങ്ങൾ നൽകിയെങ്കിലും കേസിൽ ശാശ്വത പരിഹാരത്തിന് ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്.
കോടതി ഇടപെടൽ
മദപ്പാടുള്ളപ്പോൾ മാത്രമേ ആനയെ തളയ്ക്കാൻ ഇരുമ്പ് ചങ്ങല ഉപയോഗിക്കാവൂ എന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവുകൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെയും കോടതി ചുമതലപ്പെടുത്തി.
നിർദ്ദേശങ്ങൾ
ശാസ്ത്രീയമായ ഭക്ഷണക്രമം ആനകൾക്ക് ഉറപ്പാക്കണം
ശുദ്ധമായ കുടിവെള്ളത്തിനായി റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് പ്രവർത്തനക്ഷമമാക്കണം
എല്ലാ ദിവസവും 5കിലോമീറ്റർ വരെ നടത്തം
ആഴ്ചയിലൊരിക്കൽ ഒഴുക്കുള്ള വെള്ളത്തിൽ കുളിപ്പിക്കാൻ സൗകര്യമൊരുക്കണം
മദപ്പാടുള്ള സമയത്തൊഴികെ ആനകളെ തളയ്ക്കാൻ പരുത്തി കയറുകളോ വക്കയോ ഉപയോഗിക്കണം
കാലുകൾ മാറി മാറി തളയ്ക്കണം, തുടർച്ചയായി ഒരേ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം
ആനക്കോട്ടയിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കണം
ആനകൾക്ക് സ്ഥലത്തിന് ദേവസ്വം അടിയന്തരമായി കൂടുതൽ ഭൂമി ഏറ്റെടുക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |