
പുന്നംപറമ്പ്: വാഴാനി ടൂറിസം കേന്ദ്രത്തിൽ വർഷം തോറും സംഘടിപ്പിക്കാറുള്ള ഓണം ഫെസ്റ്റിന്റെ നടത്തിപ്പ് ഇത്തവണ ആശങ്കയിൽ. ഫെസ്റ്റിന്റെ ചെലവ് വഹിക്കുന്നത് സംബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ നിന്ന് തെക്കുംകര പഞ്ചായത്ത് അധികൃതർക്ക് വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന തടസം. വിഷയം ചർച്ച ചെയ്യുന്നതിനായി തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണിക്കൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ജി. ജയസൂര്യ എന്നിവർ കഴിഞ്ഞ ദിവസം ഡി.ടി.പി.സി സെക്രട്ടറിയെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ കൂടിക്കാഴ്ച നടന്നില്ല. തുടർന്ന് മറ്റ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച നടത്തിയെങ്കിലും പണം അനുവദിക്കുന്നതിൽ പരിമിതികളുണ്ടെന്ന് അവർ അറിയിച്ചു. ഡി.ടി.പി.സി സെക്രട്ടറിയെ ഇന്ന് വീണ്ടും കണ്ട് ചർച്ച നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 6 മുതൽ 9 വരെ നാല് ദിവസങ്ങളിലായാണ് ആഘോഷങ്ങൾ നടന്നത്. പ്രദേശവാസികളുടെ കലാപരിപാടികൾ, നാടൻപാട്ട്, ഗാനമേള, മനോഹരമായ ദീപാലങ്കാരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയിരുന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകളും നടത്തിയിരുന്നു. എന്നാൽ സാമ്പത്തിക തടസങ്ങൾ മൂലം ഇത്തവണ ഇവയെല്ലാം ഉണ്ടാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.
നിറഞ്ഞൊഴുകാതെ ഡാമും
ഓണക്കാലമായിട്ടും ഇത്തവണ വാഴാനി ഡാമിൽ ജലനിരപ്പ് കുറവാണെന്നതും ആശങ്ക വർധിപ്പിക്കുന്നു. 62.48 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 52 മീറ്റർ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഡാം കവിഞ്ഞൊഴുകിയതും പുഴയിലൂടെ വെള്ളം തുറന്നുവിട്ടതും സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചയായിരുന്നു.
തൂക്കുപാലം, കുട്ടികളുടെ പാർക്ക്, മനോഹരമായ പൂന്തോട്ടം എന്നിവയ്ക്ക് പുറമേ വനംവകുപ്പ് ഒരുക്കിയിട്ടുള്ള കുട്ടവഞ്ചി സവാരിയാണ് ഇവിടുത്തെ പ്രധാന ആകർഷണം.
വാഴാനി ഓണം ഫെസ്റ്റ് ഒരു കാരണവശാലും മുടങ്ങാൻ അനുവദിക്കില്ല. ടൂറിസം വകുപ്പുമായി ചർച്ചകൾ നടന്നു വരികയാണ്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി.ടി.പി.സിയിൽ നിന്ന് ഫണ്ട് ലഭിച്ചില്ലെങ്കിൽ പോലും ജനകീയ പങ്കാളിത്തത്തോടെ ഫെസ്റ്റ് വിജയകരമായി സംഘടിപ്പിക്കും
ശാന്ത ഉണ്ണിക്കൃഷ്ണൻ
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്
പ്രധാന ആകർഷണങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |