
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റെയിൽവേസ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷനാക്കാനുള്ള പദ്ധതി പാതിവഴിയിൽ. പ്രധാന കെട്ടിടം, റോഡ്, പ്ലാറ്റ്ഫോം നിർമ്മാണമെല്ലാം മുടങ്ങിക്കിടപ്പാണ്. കരാറുകാരന് റെയിൽവേ പണം നൽകാത്തതാണ് നിർമ്മാണം നിലയ്ക്കാൻ കാരണമെന്നാണ് പറയുന്നത്. 2023ജൂലായിലാണ് അമൃത് ഭാരത് പദ്ധതയിൽപ്പെടുത്തി സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചത്. നെയ്യാറ്റിൻകരയ്ക്കൊപ്പം അമൃത് ഭാരത് സ്റ്റേഷൻ നിർമ്മാണം തുടങ്ങിയ ചിറയിൻകീഴ് സ്റ്റേഷന്റെ പണികൾ പൂർത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞു.
നാല് പ്ലാറ്റ്ഫോമുകൾ,മേൽക്കൂര,പുതിയ ഫുട്ഓവർബ്രിഡ്ജ്, വാഹന പാർക്കിംഗിന് വിപുലമായ സംവിധാനം, സ്റ്റേഷനിലേക്ക് രണ്ടുവരി റോഡ്,രണ്ടാം റെയിൽവേ ഗേറ്റ് തുടങ്ങി വിപുലമായ പദ്ധതിയാണ് അമൃത് ഭാരത് പദ്ധതിയിലൂടെ തുടക്കം കുറിച്ചത്.
മൂന്ന് വർഷം പിന്നിടുമ്പോഴും ആകെ പൂർത്തിയാക്കാനായത് വാഹന പാർക്കിംഗ് യാർഡിന്റെ നിർമ്മാണം മാത്രമാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള രണ്ടുവരി റോഡിന്റെ നിർമ്മാണവും പാതിവഴിയിൽ നിലച്ചു.
റോഡിന് ഇരുവശത്തുമായി ഓട നിർമ്മിക്കുകയും കുറച്ച് ദൂരം കോൺക്രീറ്റ് പാകുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. റെയിൽവേ സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന് മുന്നിൽ നാല് കോൺക്രീറ്റ് തൂണുകൾ നിറുത്തിയതല്ലാതെ ഇതിന് മുകളിൽ മേൽക്കൂര നിർമ്മിച്ചിട്ടില്ല.
നിലവിൽ രണ്ട് പ്ലാറ്റ്ഫോമുകളാണുള്ളത്. ഇതിനു പുറമെ രണ്ട് പുതിയ പ്ലാറ്റ്ഫോമുകൾ നിർമ്മിക്കാനുള്ള തുടക്കം കുറിച്ചെങ്കിലും നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.
ട്രാക്കും യാർഡും നിർമ്മിക്കണം
റെയിൽവേ സ്റ്റേഷനിലൂടെ ഒരുട്രാക്ക് ചരക്കു ട്രെയിൻ ഗതാഗതത്തിനായി നിർമ്മിക്കേണ്ടതായുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരക്ക് നീക്കത്തിന്റെ കേന്ദ്രമായി നെയ്യാറ്റിൻകരയെ മാറ്റാൻ ഇവിടെ ചരക്ക് ട്രെയിനുകൾക്കായി യാർഡും നിർമ്മിക്കണം. ചരക്കുതീവണ്ടി യാർഡ് നിർമ്മാണം കൊങ്കൺ റെയിൽ കോർപ്പറേഷനാണ് ചുമതല. ആശുപത്രി കവലയിൽ നിന്നുമാണ് പ്രധാന കവാടം നിർമ്മിക്കേണ്ടത്.
മൂന്നും നാലും പ്ലാറ്റ്ഫോമുകളിലേക്ക് കാട്ടാക്കട റോഡിൽ പുതിയ പാലം കഴിഞ്ഞ് രണ്ടാം ഗേറ്റും നിർമ്മിക്കേണ്ടതായുണ്ടെങ്കിലും രണ്ട് ഗേറ്റുകളുടെയും നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ വെള്ളംകെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർ നടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |